ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രകോപന പരാമര്‍ശവുമായി പാക്കിസ്ഥാൻ. സിന്ധു നദിയിലെ വെള്ളം തടയുന്നത് യുദ്ധമായി കണക്കാക്കുമെന്നും ജലവിതരണം ഇന്ത്യ നിർത്തിയാൽ ‘നിർണായക പ്രതികരണം’ ഉണ്ടാകുമെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പറഞ്ഞു. ഇസ്ലാമാബാദില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് വിവാദ പരാമര്‍ശം. ശത്രുവിനു പാക്കിസ്‌ഥാനിൽനിന്നു ഒരു തുള്ളി വെള്ളം പോലും തട്ടിയെടുക്കാൻ കഴിയില്ലെന്ന് ഷഹബാസ് ഷെരീഫ് അവകാശപ്പെട്ടു. ഇന്ത്യ ഞങ്ങളുടെ ജലം തടയുമെന്ന് ഭീഷണിപ്പെടുത്തി. അങ്ങനെയൊരു നീക്കം നടത്താൻ ശ്രമിച്ചാൽ, പാക്കിസ്ഥാൻ ഒരിക്കലും മറക്കാനാവാത്ത പാഠം പഠിപ്പിക്കുമെന്നും ഷഹബാസ് പറഞ്ഞതായി ‘എഎൻഐ’ റിപ്പോർട്ട് ചെയ്തു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരായുള്ള കടുത്ത നടപടികളുടെ ഭാഗമായാണ് ഇന്ത്യ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത്. ഈ വിഷയം മുന്‍നിര്‍ത്തിയാണ് ഷഹബാസ് ഷരീഫ് കടുത്ത ഭാഷയില്‍ ഇന്ത്യയ്‌ക്കെതിരെ പ്രകോപനപരമായ പരാമര്‍ശം നടത്തിയത്. വെള്ളം പാക്കിസ്ഥാന്റെ ‘ജീവനാഡി’ ആണെന്ന് ഷഹബാസ് വിശേഷിപ്പിച്ചു. രാജ്യാന്തര ഉടമ്പടികൾ പ്രകാരമുള്ള രാജ്യത്തിന്റെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. പാക് സൈനിക മേധാവി അസിം മുനീര്‍, പാക്കിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ എന്നിവര്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ ഷഹബാസ് ഷരീഫിന്റെയും ഭീഷണി.
സിന്ധു നദിയില്‍ അണക്കെട്ട് നിര്‍മ്മിച്ചാല്‍ ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യുമെന്നായിരുന്നു ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവന. ഇതിനായി പാക്കിസ്ഥാനിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും ബിലാവല്‍ ഭൂട്ടോ വ്യക്തമാക്കി. സിന്ധു നദിയിലെ ജലം ഇന്ത്യ തടയുകയാണെങ്കില്‍ അത് പാക്കിസ്ഥാനിലെ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് നയിക്കുമെന്നും, ഇത് പാക്കിസ്ഥാന്റെ സംസ്‌കാരത്തെയും പ്രതികൂലമായി ബാധിക്കുമെന്നും ബിലാവല്‍ ഭൂട്ടോ പറഞ്ഞു. യുദ്ധമുണ്ടായാൽ 6 നദികളുടെ അധികാരം പാക്കിസ്ഥാൻ പിടിച്ചെടുക്കുമെന്നാണ് ബിലാവൽ പറഞ്ഞത്.
പാക്കിസ്ഥാൻ ആണവ രാഷ്ട്രമാണെന്നും തങ്ങളെ തകർത്താൽ ലോകത്തിന്റെ പകുതി നശിപ്പിച്ചിട്ടേ പോകൂ എന്നുമാണ് യുഎസിൽ പാക്ക് വംശജരുടെ യോഗത്തിൽ സൈനിക മേധാവി അസിം മുനീർ പറഞ്ഞത്. സിന്ധു നദി ഇന്ത്യയുടെ കുടുംബസ്വത്തല്ല. ഇന്ത്യ അണകെട്ടിയാൽ അതു പൂർത്തിയാകുന്നതുവരെ കാത്തിരിക്കും, തുടർന്ന് മിസൈൽ അയച്ച് അതു തകർക്കുമെന്നും മുനീർ വ്യക്തമാക്കിയിരുന്നു.