വാഷിങ്ടൺ: ഇറാനുമേലുള്ള ആണവ കരാർ ചർച്ചകൾക്കിടെ സമ്മർദം ശക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ യു.എസ്.എസ് ജെറാൾഡ് ആർ. ഫോഡിനെ പശ്ചിമേഷ്യൻ മേഖലയിലേക്ക് വിന്യസിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. ആവശ്യമെങ്കിൽ ആഴ്‌ചകൾ നീളുന്ന സൈനിക നടപടിക്ക് സജ്ജമാകാൻ സൈന്യത്തിന് ട്രംപ് നിർദേശം നൽകിയതായാണ് റിപ്പോർട്ടുകൾ.
നിലവിൽ പശ്ചിമേഷ്യയിലുള്ള ‘യു.എസ്.എസ് എബ്രഹാം ലിങ്കൺ’ വിമാനവാഹിനി കപ്പലിന് കരുത്തുപകരാനാണ് ജെറാൾഡ് ആർ. ഫോഡ് എത്തുന്നത്. വ്യാഴാഴ്‌ചയാണ് ഈ പടക്കപ്പൽ ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തിരിച്ചത്. ഒമാൻ്റെ മധ്യസ്ഥതയിൽ ഇറാനുമായി ആണവ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ രണ്ടാമതൊരു പടക്കപ്പൽ കൂടി വിന്യസിക്കുന്നത് ഇറാനുമേൽ സമ്മർദം വർധിപ്പിക്കാനാണെന്നാണ് വിലയിരുത്തൽ. വെനസ്വേലയുടെ പ്രസിഡന്‍റ് മഡുറോയെ പിടികൂടിയ ദൌത്യത്തിന്‍റെ ഭാഗമായിരുന്ന അതേ കപ്പലാണ് ജെറാൾഡ് ആർ ഫോർഡ്. 60 യുദ്ധവിമാനങ്ങൾ ഉൾപ്പെടെ 75 വിമാനങ്ങളെ വരെ വഹിക്കാൻ ഈ കപ്പിലിന് കഴിയും. ഏകദേശം മൂന്നാഴ്ചയ്ക്കുള്ളിൽ ഈ കപ്പൽ മേഖലയിൽ എത്തും. യുഎസ് പ്രത്യേക ദൂതൻ ഇറാൻ വിദേശകാര്യ മന്ത്രിയുമായി ഒമാനിൽ നടത്തിയ ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ഒരു മാസത്തിനുള്ളിൽ കരാറിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ പ്രതികരണം ഉണ്ടാവുമെന്നാണ് ട്രംപിന്‍റെ മുന്നറിയിപ്പ്.
“ഇറാനുമായി ഒരു ധാരണയിലെത്താൻ സാധിച്ചില്ലെങ്കിൽ പടക്കപ്പലിൻ്റെ സാന്നിധ്യം അനിവാര്യമായി വരും. കരാറിൽ എത്തിയാൽ കപ്പലുകൾ പിൻവലിക്കാവുന്നതേയുള്ളൂ,” ട്രംപ് പറഞ്ഞു. ആഴ്‌ചകൾ നീളുന്ന ആക്രമണത്തിന് സൈന്യം സജ്ജമാണെന്ന് മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇറാനിലെ നിലവിലെ ഭരണകൂടത്തെ പുറത്താക്കുക എന്ന താൽപര്യവും ട്രംപ് പരോക്ഷമായി പ്രകടിപ്പിച്ചു. നോർത്ത് കരോലിനയിലെ സൈനിക താവളം സന്ദർശിക്കവെ ടെഹ്റാനിൽ നേതൃമാറ്റം ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യം അതായിരിക്കും എന്നായിരുന്നു ട്രംപിൻ്റെ മറുപടി.
നിലവിൽ ചർച്ചകളുമായി മുന്നോട്ടു പോകാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം. എന്നാൽ അടുത്ത ഘട്ട ചർച്ചയുടെ തിയ്യതിയോ വേദിയോ ഇതുവരെ തീരുമാനിക്കാൻ കഴിഞ്ഞിട്ടില്ല. അതിനിടെ ഇറാനെതിരെ കർശന കരാർ വേണമെന്ന ആവശ്യവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം വൈറ്റ് ഹൌസിൽ എത്തിയിരുന്നു. ട്രംപും നെതന്യാഹുവും വൈറ്റ് ഹൗസിൽ മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാൻ – അമേരിക്ക ചർച്ചയിൽ ധാരണയിൽ എത്താൻ ആകുമോ എന്നതിൽ നെതന്യാഹു സംശയം പ്രകടിപ്പിച്ചു.


