സച്ചിൻ തെൻഡുൽക്കറുടെ മകളും സംരംഭകയും ജീവകാരുണ്യ പ്രവർത്തകയുമായ സാറ തെൻഡുൽക്കറെ ഓസ്ട്രേലിയൻ സർക്കാരിന്റെ പുതിയ ടൂറിസം ക്യാംപെയ്‌നായ ‘കം ആൻഡ് സേ ജി-ഡേ’യുടെ ഇന്ത്യൻ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. 130 മില്യൻ ഡോളർ ചെലവഴിക്കുന്ന ഈ ക്യാംപെയ്‌നിലൂടെ രാജ്യാന്തര സന്ദർശകരെ ഓസ്ട്രേലിയയിലേക്ക് ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്. ഓസ്‌ട്രേലിയൻ ടൂറിസം മാനേജിങ് ഡയറക്ടർ ഫിലിപ്പ ഹാരിസൺ ആണ് സാറ തെൻഡുൽക്കറെ ഇന്ത്യൻ പ്രേക്ഷകർക്കായുള്ള ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചത്.
2022 ഒക്ടോബറിൽ ആരംഭിച്ച ‘കം ആൻഡ് സേ ജി-ഡേ’ എന്ന ആഗോള ക്യാംപെയ്ന്റെ രണ്ടാം ഘട്ടമാണിത്. ഈ ക്യാംപെയ്നനിൻ്റെ ഭാഗമായി മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരും അംബാസഡർമാരായുണ്ട്. യുഎസ് ക്യാംപെയ്‌നിനായി ഓസ്ട്രേലിയൻ വന്യജീവി സംരക്ഷകൻ റോബർട്ട് ഇർവിൻ, യുകെ ക്യാംപെയ്നിനായി ഫുഡ് റൈറ്റർ നൈജല്ല ലോസൺ, ചൈനയിൽ നടൻ യോഷ് യു, ജപ്പാനിൽ ഹാസ്യനടൻ അബരേരു-കുൻ എന്നിവരെയും തിരഞ്ഞെടുത്തു. ഓസ്ട്രേലിയൻ നടൻ തോമസ് വെതറാലും പദ്ധതിയുടെ ഭാഗമാണ്.