തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക ചുവടുവെപ്പുമായി ബി ജെ പി നേതൃത്വം. സാബു ജേക്കബിൻ്റെ നേതൃത്വത്തിലുള്ള ട്വന്റി20 പാർട്ടി എൻഡിഎയിൽ ചേർന്നു. ചെയർമാൻ സാബു ജേക്കബ് ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച്‌ച നടത്തി. കൂടിക്കാഴ്‌ചയ്ക്കു പിന്നാലെ ഇരുവരും സംയുക്ത വാർത്താസമ്മേളനത്തിലൂടെ മുന്നണി പ്രവേശനം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്തെത്തുമ്പോൾ സാബു ജേക്കബും വേദിയിലുണ്ടാകും.
കേരളത്തിൽ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ടുള്ള നീക്കത്തിലാണ് ബി ജെ പി. ട്വന്‍റി 20 ബി ജെ പി മുന്നണിയിലെത്തുന്നത് എറണാകുളത്ത് വലിയ ഗുണം ചെയ്യുമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടൽ. ട്വന്റി 20 രൂപീകരണത്തിനു ശേഷം ഇതാദ്യമായിട്ടാണ് പാർട്ടി ഒരു പ്രധാന മുന്നണിയുടെ ഭാഗമാകുന്നത്. തിരുവനന്തപുരത്തെ മാരാർജി ഭവനിലാണ് സാബു ജേക്കബും രാജീവ് ചന്ദ്രശേഖറും കൂടിക്കാഴ്‌ച നടത്തിയത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സ്വാധീനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബിജെപിയുടെ ഈ നീക്കം സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചേക്കാം.
ഏറ്റവും നിർണ്ണായകമായ തീരുമാനം എന്നാണ് മുന്നണി പ്രവേശനത്തെ സാബു ജേക്കബ് വിശേഷിപ്പിച്ചത്. താൻ ഒരു രാഷ്‌ട്രീയക്കാരൻ അല്ല ഒരു വ്യവസായി ആണ്. വന്നത് എൽഡിഎഫും യുഡിഎഫും നാട് മുടിക്കുന്നത് കണ്ട് മനം മടുത്തത് കൊണ്ടാണ് രാഷ്‌ട്രീയത്തിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു. 14 വർഷമായി ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ഒട്ടനവധി കാര്യങ്ങളാണ് നടത്തിയത്. എന്നാൽ ഒറ്റക്ക് നിന്നാൽ ഞങ്ങൾക്ക് എല്ലാം പ്രായോഗികമായി നടപ്പാക്കാൻ കഴിയില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ 25 പാർട്ടികൾ ഒരുമിച്ച് നിന്നാണ് ഞങ്ങളെ നേരിട്ടത്. അതിൽ എൽഡിഎഫും യുഡിഎഫും വെൽഫയർ പാർട്ടിയും എല്ലാം ഉണ്ട്. ട്വിൻ്റി 20 മത്സരിച്ച സ്ഥലങ്ങളിൽ അരിവാൾ ചുറ്റികയും കൈപ്പത്തിയും ഉണ്ടായിരുന്നില്ല. എന്നിട്ടും 89 ഇടങ്ങളിൽ ജയിച്ചു. സീറ്റ് എണ്ണം 10 ശതമാനം കൂടി. നാല് പഞ്ചായത്തുകളിൽ ഭരണമുണ്ട്. കൂടാതെ രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ പ്രതിപക്ഷ സ്ഥാനവുമുണ്ട്. തകർക്കാൻ പറ്റാത്ത പാർട്ടിയായി വളർന്നിരിക്കുന്നു.
ട്വിൻ്റി 20 യെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്ക് ഉള്ള മറുപടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദിയുടെ കാഴ്ചപ്പാടിനൊപ്പം കേരളത്തെ മാറ്റിയെടുക്കാൻ ഉള്ള ദൗത്യത്തിന്റെ ഞങ്ങളും ഭാഗമാകുകയാണ്. ഞങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് എങ്ങനെ കേരളത്തെ മാറ്റാമെന്ന് കാട്ടി കൊടുക്കണം. അതുകൊണ്ടാണ് എൻഡിഎയിൽ ചേർന്നത്. ട്വിൻ്റി 20 രാഷ്‌ട്രീയ ശക്തിയായതിന് ശേഷം വിവിധ രാഷ്‌ട്രീയ പാർട്ടികൾ മുന്നണി പ്രവേശനം സംബന്ധിച്ച് ചർച്ച നടത്തിയിട്ടുണ്ട്. എന്നാൽ പരമ്പരാഗത രീതിയിൽ ചിന്തിക്കുന്ന കേരളത്തെ നശിപ്പിക്കുന്ന രാഷ്‌ട്രീയ പാർട്ടികൾക്ക് എതിരെയാണ് ട്വിൻ്റി 20 യുടെ നിലപാട്. രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന ആളുകൾക്കെതിരെയാണ് ഞങ്ങളുടെ പോരാട്ടമെന്നും അദ്ദേഹം വ്യക്തമാക്കി.



