ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ശബരിമലയിൽ പ്രായവ്യത്യാസമില്ലാതെ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന 2018-ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ആണ് സുപ്രീംകോടതി ഇന്ന് (തിങ്കളാഴ്ച) പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഏഴ് വർഷത്തിനുശേഷം ഈ വിഷയം പരിഗണിക്കുന്നത്. ശബരിമല സ്ത്രീപ്രവേശനം ഉള്‍പ്പെടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സങ്കീര്‍ണ വിഷയങ്ങളടങ്ങുന്ന 67 ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്. ഇവ പരിഗണിക്കാനുള്ള ഒമ്പതംഗ ബെഞ്ച് രൂപവത്ക്കരിക്കുന്നതിന് നിർദ്ദേശം നൽകുന്നതിനാണ് മൂന്നംഗ ബെഞ്ച് കേസ് പരിഗണിക്കുന്നത് എന്നാണ് സൂചന.
ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും നിലപാട് വ്യക്തമാക്കേണ്ടതായി വരും. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സർക്കാർ നിലപാട് ഒരു മിനിറ്റ് കൊണ്ട് എടുക്കാൻ കഴിയുന്നതല്ലെന്ന് മന്ത്രി പി രാജീവ് വ്യക്കമാക്കിയിരുന്നു. ആദ്യം പുനഃപരിശോധന ബെഞ്ച് വരട്ടെ. അതിനുശേഷം നിലപാട് അറിയിക്കും. സർക്കാരിന്റെ വിശദീകരണം ആവശ്യമുണ്ടോ എന്നതും പുതിയ ബെഞ്ച് ആണ് തീരുമാനിക്കേണ്ടത്. സർക്കാർ നിലപാട് അല്ല പുനഃപരിശോധിക്കുന്നതെന്നും പി രാജീവ് പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കേന്ദ്രം ഒന്നും ചെയ്തില്ലെന്ന് ആക്ഷേപമുണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസാണ് കോടതിയിൽ കേസ് കൊടുത്തത്. ആദ്യം അനുകൂല നിലപാടെടുക്കാൻ സംസ്‌ഥാന സർക്കാർ തയാറായില്ല. പിന്നീട് വിശ്വാസികളുടെ എണ്ണം സർക്കാരിനു ബോധ്യപ്പെട്ടു. അതോടെയാണ് നിലപാടിൽ മാറ്റം വരുത്തിയത്. പഴയ രീതിയിൽ കാര്യങ്ങൾ പോകട്ടെയെന്നു സർക്കാർ തീരുമാനിച്ചു. ഇന്ന് കോടതിയിൽ സർക്കാർ എന്തു നിലപാടെടുക്കുമെന്ന് അറിയില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും നിലപാട് വ്യക്തമാക്കേണ്ടതായി വരും. നിലപാട് പറയേണ്ട സമയത്തു പറയുമെന്നും മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമാണെന്നുമായിരുന്നു സിപിഎം സംസ്‌ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ്റെ മറുപടി. സ്ത്രീ പ്രവേശനത്തിൽ മുഖ്യമന്ത്രി നിലപാട് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് 2007-ൽ വിഎസ് സർക്കാർ സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചിരുന്നു. പിന്നീട് ഉമ്മൻചാണ്ടി സർക്കാർ ഇതിനെ എതിർത്തു. പിണറായി സർക്കാർ 2018-ൽ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചു. 2018 സെപ്റ്റംബർ 28-നാണ് സ്ത്രീ പ്രവേശനം അനുവദിക്കാമെന്ന് അഞ്ചംഗ ബെഞ്ച് വിധിപറഞ്ഞത്.


