കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ നടൻ ജയറാമിനെ ഇ ഡി മൂന്നര മണിക്കൂർ ചോദ്യം ചെയ്‌തു. സോണൽ ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ല, തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിച്ചിട്ടില്ലെന്നും ജയറാം മാധ്യമങ്ങളോട് പറഞ്ഞു. സൗഹാർദ്ദപരമായാണ് ഇഡി ഉദ്യോഗസ്ഥർ പെരുമാറിയത്, വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടില്ലെന്നും ജയറാം പറഞ്ഞു.
എത്രയോ ക്ഷേത്രങ്ങളുണ്ടെങ്കിലും ശബരിമല ഓരോ ഭാരതീയനും അവർ എത്തുന്ന പുണ്യസ്‌ഥലമാണ്. കൊള്ള നടന്നിട്ടുണ്ടെങ്കിൽ അവരെ വെളിച്ചത്തു കൊണ്ടുവരാൻ ഓരോ മലയാളിയും ബാധ്യസ്‌ഥരാണ്. 38 വർഷത്തോളമായി കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ ഓരോ പരിപാടിക്കും ആദ്യം ക്ഷണിക്കുന്നത് എന്നെയാണ്. പലയിടത്തും പോയിട്ടുണ്ട്. അങ്ങനെയാണ് ഇവിടെയും പോയത്. സത്യം വെളിച്ചത്തു വരണം. കാര്യങ്ങൾ ചോദിച്ചറിയാനാണ് എന്നെ വിളിപ്പിച്ചത്. എല്ലാം ഭംഗിയായി പര്യവസാനിക്കട്ടെ. കുടുങ്ങാനുള്ളവർ കുടുങ്ങട്ടെ. അയ്യപ്പൻ അവരെ വെറുതെ വിടുമോ. കഴിഞ്ഞ 50 വർഷമായി ശബരിമലയിൽ മുടങ്ങാതെ പോകുന്നയാളാണ് താൻ സത്യം വെളിച്ചത് കൊണ്ടുവരേണ്ടത് തന്റെ കൂടി കടമയാണെന്നും പറയാനുള്ളതെല്ലാം ഇഡി ഉദ്യോഗസ്ഥർക്ക് മുന്നിൽ പറയുമെന്നും ജയറാം രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.


