ന്യൂഡൽഹി: യുഎസിന്റെ പ്രതികാര നടപടികൾ തുടരുന്നതിനിടെ ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയിൽ വിലയിൽ വലിയ കിഴിവ് പ്രഖ്യാപിച്ച് റഷ്യ. ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന് ബാരലിന് മൂന്നുഡോളർ മുതൽ നാലുഡോളർ വരെ വിലക്കിഴിവാണ് നൽകുന്നത്. സെപ്റ്റംബർ മാസം അവസാനവും ഒക്ടോബറിലും കയറ്റുമതി ചെയ്യാൻ നിശ്ചയിച്ചിട്ടുള്ള യുരാൾസ് ഗ്രേഡിൽപെട്ട ക്രൂഡ് ഓയിലിന് ഇതിനകം തന്നെ വിലക്കിഴിവ് നിശ്ചയിച്ചു കഴിഞ്ഞു. ജൂലൈമാസത്തിൽ ബാരലൊന്നിന് നൽകിയിരുന്ന ഒരു ഡോളർ വിലക്കിഴിവ്, കഴിഞ്ഞയാഴ്‌ചയോടെ 2.50 ഡോളറായി വർധിപ്പിച്ചിട്ടുണ്ടെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. 2022 മുതലാണ് റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ വൻവർധനയുണ്ടാകുന്നത്. ഒരുശതമാനത്തിന് താഴെനിന്ന് നാൽപ്പതുശതമാനത്തോളം എത്തിനിൽക്കുകയാണ് ഈ വളർച്ച. 5.4 ദശലക്ഷം ബാരൽ എണ്ണയാണ് ഇന്ത്യയുടെ പ്രതിദിന ഇറക്കുമതി. 2024-25 ൽ ഇറാഖ്, സൗദി അറേബ്യ, യുഎഇ, യുഎസ് എന്നീ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിയെ മറികടന്ന് റഷ്യയിൽനിന്നായിരുന്നു ഇന്ത്യ 36 ശതമാനവും ഇറക്കുമതി ചെയ്തത്.
ഷാങ്ഹായ് ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തിയിരുന്നു. ഇന്ത്യയും റഷ്യയും തമ്മിലുള്ളത് ‘വിശിഷ്ടമായ’ ബന്ധമാണെന്നാണ് മോദി അഭിപ്രായപ്പെട്ടത്.