ന്യൂ ഡൽഹി: പലിശ നിരക്ക് കുറച്ച് റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 25 ബിപിഎസ്ആണ് കുറച്ചത്. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷമാണ് റിപ്പോ 5.25 ശതമാനത്തിലേക്ക് മാറ്റിയതായി അറിയച്ചത്. ഫെബ്രുവരി മുതൽ മൂന്ന് തവണയായി 100 ബേസിസ് പോയിന്റ് കുറച്ചിരുന്നു. പണപ്പെരുപ്പം താഴ്ന്ന നിലയിൽ എത്തിയതോടെയാണ് ആർബിഐ പലിശ നിരക്ക് കുറച്ചത്. ഭവന വ്യക്തിഗത വാഹന വായ്പകളുടെ പലിശ നിരക്കിൽ കുറവ് വരുന്നതിനാൽ സാധാരണക്കാർക്ക് ഗുണം ചെയ്യുന്ന തീരുമാനം കൂടിയാണിത്. റീട്ടെയിൽ വായ്പക്കാർക്ക് റീപ്പോ നിരക്കിൽ കുറവ് വരുത്തുന്നത് വായ്പാ ഇഎംഐകൾ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ജനുവരി ഒന്നുമുതൽ ക്രഡിറ്റ് സ്‌കോർ അപ്‌ഡേഷൻ മാസത്തിൽ നാല് തവണയാക്കാനും തീരുമാനം. ഇതു സംബന്ധിച്ചുള്ള റിസർവ് ബാങ്കിന്റെ നിർദേശം ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ അംഗീകരിച്ചു. ഓരോ മാസവും 9, 16, 23, മാസത്തിലെ അവസാന തീയതി എന്നിങ്ങനെയായിരിക്കും ക്രെഡിറ്റ് സ്‌കോർ അപ്‌ഡേറ്റ് ചെയ്യുക. നിലവിൽ മാസത്തിൽ ഒരു തവണയാണ് സിബിൽ സ്‌കോർ അപ്‌ഡേറ്റ് ചെയ്യുന്നത്. പുതിയ തീരുമാനം അതിവേഗത്തിൽ വായ്പ സാധ്യമാക്കാനും പലിശ നിരക്ക് കുറയാനും സഹായിക്കും.


