ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ഉമർ നബിയുടെ സഹായിയായ അമീർ റഷീദ് അലിയെ എൻഐഎ അറസ്റ്റ് ചെയ്തു. പാംപോർ സ്വദേശിയായ ഇയാളുടെ പേരിലാണ് സ്ഫോടനത്തിന് ഉപയോഗിച്ച കാർ വാങ്ങിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്ഫോടനത്തിന് വേണ്ടി കാർ വാങ്ങാനാണ് അമീർ റഷീദ് അലി ഡൽഹിയിൽ എത്തിയതെന്നും ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണെന്നും എൻഐഎ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 73 പേരുടെ മൊഴി രേഖപ്പെടുത്തിയെന്നും എൻഐഎ അറിയിച്ചു. ജമ്മു കാശ്‌മീരിലെ പാംപോറിലെ സാംബൂറയിൽ താമസിക്കുന്ന അമീർ റഷീദ് അലി, ചാവേർ ബോംബറായ ഉമർ ഉൻ നബിയുമായി ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം സ്ഫോടനമുണ്ടായ പ്രദേശത്ത് നിന്നും മൂന്ന് വെടിയുണ്ടകൾ കണ്ടെടുത്തിരുന്നു. ഇതില്‍ ഒരെണ്ണം ഉപയോഗിച്ചതും രണ്ടെണ്ണം ഉപയോഗിക്കാത്തതുമാണെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോർട്ട് ചെയ്‌തു. സായുധ സേന, പ്രത്യേക അനുമതിയുള്ളവര്‍ എന്നിവര്‍ക്കു മാത്രമേ ഇത്തരം വെടിയുണ്ടകൾ ഉപയോഗിക്കാന്‍ അനുമതിയുള്ളൂ, വെടിയുണ്ടകള്‍ എങ്ങനെയാണ് സ്ഥലത്ത് എത്തിയത്, പ്രതി അത് കൈവശം വച്ചിരുന്നോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. കാറിൽ 30 കിലോയോളം സ്ഫോടകവസ്തു സൂക്ഷിച്ചിരുന്നതായാണ് വിവരം. ടി എ ടി പി (TATP) എന്ന മാരകസ്ഫോടക വസ്തു ഉപയോഗിച്ചെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ആറ് സംസ്ഥാനങ്ങളിൽ എൻ ഐ എയുടെ നിർണായക പരിശോധന. ഡൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, ജമ്മു കശ്മീർ, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് പരിശോധന നടക്കുന്നത്. ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലുള്ളവരിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് എൻ ഐ എ പരിശോധന എന്നാണ് വ്യക്തമാകുന്നത്. കേസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന എൻഐഎ കസ്റ്റഡിയിൽ എടുത്ത മൂന്ന് ഡോക്ടർമാരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു.
ഹരിയാനയിലെ നൂഹിൽ നിന്നും അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്ത ഡോക്ടർമാരിൽ ഒരാളുടെ ഫോണിൽ നിന്നാണ് സംശയാസ്പദമായ നമ്പറുകൾ കണ്ടെത്തിയിരുന്നു. ഇതിലടക്കം വിശദമായ അന്വേഷണമാണ് എൻ ഐ എ നടത്തുന്നത്. സ്ഫോടനം നടത്തിയ ഉമർ ഉൾപ്പെടെയുള്ള ഡോക്ടർമാർ പലതവണ നൂഹ് സന്ദർശിച്ചുവെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചു. ഉമർ നബി ബോംബ് വിദഗ്ധൻ എന്ന വിവരങ്ങളും എൻ ഐ എക്ക് ലഭിച്ചിട്ടുണ്ട്. ഡൽഹി പൊലീസ്, ജമ്മു കാശ്‌മീർ പൊലീസ്, ഹരിയാന പൊലീസ്, യുപി പൊലീസ്, വിവിധ ഏജൻസികൾ എന്നിവരുമായുള്ള ഏകോപനത്തോടെയാണ് എൻഐഎ കേസ് അന്വേഷിക്കുന്നത്.
ചെങ്കോട്ട സ്ഫോടനം; കണ്ണികൾ നീളുന്നത് പാക്കിസ്ഥാനിലേക്ക്; സ്ഫോടനം നടത്താനായി 32 കാറുകൾ തയാറാക്കി



