ന്യൂഡൽഹി: യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ‘നിർജീവമെന്ന്’ വിശേഷിപ്പിച്ചതിനെതിരെ സർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് സഞ്ജയ് മൽഹോത്ര പറഞ്ഞു. രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ വളർച്ച 6.4 ശതമാനമാണ്, എന്നാൽ ലോകത്തിന് ഇത് 3 ശതമാനമാണ് എന്നും അദ്ദേഹം പറഞ്ഞു. ആഗോള വളർച്ചയിൽ ഇന്ത്യയുടെ സംഭാവന 18 ശതമാനമാണ്. എന്നാൽ യുഎസിന് ഇത് 11 ശതമാനം മാത്രമാണെന്നും ആർബിഐ ഗവർണർ പറഞ്ഞു. 2026, 2027 സാമ്പത്തിക വർഷങ്ങളിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 6.4% ആയിരിക്കുമെന്ന് ഐഎംഎഫ് നേരത്തേ പറഞ്ഞിരുന്നു.
യുഎസിൽനിന്നുള്ള ഉയർന്ന താരിഫ് നിരക്കുകളും രാജ്യാന്തര സംഘർഷങ്ങൾ മൂലമുണ്ടായ അനിശ്ചിതത്വത്തിനിടയിലും ബുധനാഴ്‌ച പ്രഖ്യാപിച്ച നയത്തിൽ ആർബിഐ 2026 സാമ്പത്തിക വർഷത്തിലെ യഥാർഥ ജിഡിപി വളർച്ച 6.5 ശതമാനമായി നിലനിർത്തുകയും ചെയ്തു.