പത്തനംതിട്ട: ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തന്നെയാണ് രാജിവെച്ച കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തന്നോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും താൻ സ്വമേധയാ രാജിവെക്കുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെയെല്ലാം നിഷേധിച്ച രാഹുൽ മാങ്കൂട്ടത്തിൽ ആരോപണമുന്നയിച്ചവർ നിയമപരമായി മുന്നോട്ട് പോവട്ടെയെന്നും പറഞ്ഞു. വിഷയത്തില്‍ ധാര്‍മികതയുടെ പുറത്താണ് രാജിവെക്കുന്നതെന്ന് രാഹുല്‍ വ്യക്തമാക്കി. അടൂരിലെ വീട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്. ഹൈക്കമാൻഡ് രാഹുലിനു നൽകിയ നിർദേശത്തിനു പിന്നാലെയാണ് നടപടിയെന്നാണ് സൂചന.
സംസ്ഥാന നേതാക്കൾ കൈവിട്ടതോടെയാണ് രാഹുല്‍ രാജിയിലേക്കെത്തിയത്. വിഡി സതീശനും രമേശ് ചെന്നിത്തലയുമുൾപ്പെടെ രാഹുലിനെ തള്ളിയാണ് രംഗത്തെത്തിയത്. ഇതോടെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറാനുള്ള തീരുമാനത്തിലേക്ക് രാഹുൽ എത്തിയത്. രാഹുലിനെതിരെ നേരത്തെ എഐസിസിയ്ക്ക് പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വത്തോട് നടപടിയെടുക്കാനാണ് എഐസിസി ആവശ്യപ്പെട്ടത്.
പഞ്ചനക്ഷത്രഹോട്ടലിലേക്ക് ക്ഷണിച്ചെന്നും അശ്ലീലസന്ദേശങ്ങൾ അയച്ചെന്നും ആരോപിച്ച് നടി റിനി ആൻ ജോർജ് ആണ് ബുധനാഴ്‌ച വെളിപ്പെടുത്തൽ നടത്തിയത്. ആരുടെയും പേര് പറയാതെയായിരുന്നു ആരോപണങ്ങളെങ്കിലും പാർട്ടി ഗ്രൂപ്പുകളിൽ രാഹുലിൻ്റെ പേര് പരാമർശിച്ച് തന്നെയാണ് ഇത് സംബന്ധിച്ച ചർച്ചകൾ ഉയർന്നത്. ഒരു പ്രവാസി എഴുത്തുകാരിയും രാഹുലിൻ്റെ പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചതോടെ രാഹുൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വെയ്ക്കണമെന്ന ആവശ്യം ശക്തമായി. ആരോപണങ്ങൾക്ക് രാഹുൽ മറുപടി പറയണമെന്നും തെറ്റായ ആരോപണമാണ് ഉന്നയിച്ചതെങ്കിൽ ഉന്നയിച്ചവർക്കെതിരെ കേസ് കൊടുക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി.സ്നേഹ പ്രതികരിച്ചിരുന്നു. സംഘടനാ വാട്‌സാപ്പ് ഗ്രൂപ്പിലായിരുന്നു സ്നേഹയുടെ പ്രതികരണം.