പത്തനംതിട്ട: മൂന്നാമത്തെ ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിലുള്ള രാഹുൽ, കോടതി ഉത്തരവിൻ്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് വൈകുന്നേരത്തോടെ ജയിൽ മോചിതനാകുമെന്നാണ് വിവരം. ഡിസംബർ 11 ന് പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പൊലീസ് നാടകീയി അറസ്റ്റ് ചെയ്‌ത രാഹുൽ കഴിഞ്ഞ 18 ദിവസമായി ജയിലിലായിരുന്നു.
പ്രതിയും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്ന വാദം പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചു. രാഹുലിനെതിരെയുള്ള കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും പ്രതിഭാഗം വാദിച്ചു. കേസിൽ ഇതുവരെ പരാതിക്കാരി നേരിട്ട് പോലീസിന് മൊഴി നൽകിയിട്ടില്ലെന്നും രഹസ്യ മൊഴിയോ വൈദ്യ പരിശോധനയോ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയായിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. പരാതിക്കാരിയും രാഹുൽ മാങ്കൂട്ടത്തിലും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചിരുന്നു. ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
പരാതിക്കാരി വിദേശത്തായതിനാൽ കേരളത്തിലേക്ക് എത്താൻ പറ്റാത്ത സാഹചര്യമാണെന്നും എംബസി വഴി പ്രത്യേക സംവിധാനം ഉപയോഗിച്ച് മൊഴി രേഖപ്പെടുത്താൻ നീക്കം നടത്തുന്നുണ്ടെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. അന്വേഷണത്തോടും അറസ്റ്റിനോടും രാഹുൽ സഹകരിച്ചില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.
കേസിന്റെ വിശദാംശങ്ങളും മുൻ കോടതി നിരീക്ഷണങ്ങളും പരിശോധിച്ച ശേഷമാണ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. പരാതിക്കാരെയോ അതിജീവിതകളെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല എന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. നേരത്തെ സമാനമായ രണ്ട് പരാതികളിൽ രാഹുൽ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു.
വിവാഹവാഗ്ദാനം നൽകി ഹോട്ടലിൽ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന മൂന്നാം ബലാത്സംഗ പരാതിയിൽ ജനുവരി 14-നാണ് രാഹുലിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പാലക്കാട്ടെ ഹോട്ടൽ മുറിയിൽവെച്ച് അർധരാത്രിയിലായിരുന്നു അറസ്റ്റ്. പിന്നാലെ രാഹുലിനെ റിമാൻഡിൽ വിടുകയും ശേഷം പൊലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്യുകയായിരുന്നു. ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിർബന്ധിത ഗർഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയിലുള്ളത്. എന്നാൽ പത്തനംതിട്ട എആർ ക്യാമ്പിലെ ചോദ്യം ചെയ്യലിൽ രാഹുൽ എല്ലാം നിഷേധിച്ചിരുന്നു. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് യുവതിയുമായി ഉണ്ടായതെന്നായിരുന്നു രാഹുൽ ചോദ്യം ചെയ്യലിൽ ആവർത്തിച്ചത്.



