Tuesday, October 14, 2025
Mantis Partners Sydney
Home » രാഹുല്‍ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തി; പാർട്ടിയെ ധിക്കരിച്ചിട്ടില്ല, എന്നും പാർട്ടിക്ക് വിധേയനായാണ് പ്രവർത്തിച്ചത് എന്ന് രാഹുൽ
രാഹുൽ

രാഹുല്‍ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തി; പാർട്ടിയെ ധിക്കരിച്ചിട്ടില്ല, എന്നും പാർട്ടിക്ക് വിധേയനായാണ് പ്രവർത്തിച്ചത് എന്ന് രാഹുൽ

by Editor

തിരുവനന്തപുരം: രാഷ്ട്രീയ ആകാംഷകള്‍ക്ക് വിരാമമിട്ട് കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്നലെ ആരംഭിച്ച നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തി. സഭയ്ക്കുള്ളിൽ പ്രത്യേക ബ്ലോക്കിലായിരുന്നു രാഹുലിന്റെ സീറ്റ്. പ്രതിപക്ഷനിരയിൽ നിന്ന് കുറിപ്പ് ലഭിച്ചതിന് പിന്നാലെ സഭ വിട്ടിറങ്ങിയ രാഹുൽ പിന്നീട് എംഎൽഎ ഹോസ്റ്റലിലേക്ക് പോയി. സഭയ്ക്കുള്ളിൽ കോൺഗ്രസ് അംഗങ്ങൾ രാഹുൽ മാങ്കൂട്ടത്തിലിനെ അവഗണിച്ചപ്പോൾ, ലീഗ് അംഗങ്ങൾ അടുത്തെത്തി കുശലം പറഞ്ഞു.

സഭയിലെത്തുന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുള്‍പ്പടെയുള്ളവരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് സഭയിലെത്തിയതെന്ന വാര്‍ത്തകള്‍ ഉയര്‍ന്നതോടെ രാഹുല്‍ വിശദീകരണവുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. നിയമസഭാ സമ്മേളനത്തിയത് പാർട്ടിയെയോ ഒരു നേതാവിനെയോ ധിക്കരിച്ചല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞു. പാർട്ടി അനുകൂലമായോ പ്രതികൂലമായോ തീരുമാനം എടുത്താൽ അതിനെ ധിക്കരിക്കുന്ന ഒരു പ്രവർത്തകനല്ല താനെന്നും സസ്പെൻഷനിലാണെങ്കിലും പരിപൂർണമായി പാർട്ടിക്ക് വിധേയനായാണ് പ്രവർത്തിക്കുന്നതെന്നും രാഹുൽ പറഞ്ഞു. സസ്പെൻഷൻ കാലവധിയിൽ ഒരു പ്രവർത്തകൻ എങ്ങനെ പെരുമാറണം എന്നതിൽ വ്യക്തമായ ബോധ്യമുണ്ട്. ഒരു നേതാവിനെയും വ്യക്തിപരമായി കണ്ടിട്ടില്ല. ആരും അനുവാധം നിഷേധിച്ചിട്ടില്ല. മാധ്യമങ്ങൾക്ക് വാർത്തകൾ നൽകാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ വസ്‌തുത പരിശോധിക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞു.

ആരോപണങ്ങളിൽ അന്വേഷണം നടക്കുകയാണ്. അതിൻ്റെ സാങ്കേതികത്വത്തെപ്പറ്റി പറയാൻ ഇല്ല. ഞാൻ എറ്റവും കൂടുതൽ കാലം ജയിലിൽ കിടന്നത് പിണറായി സർക്കാരിൻ്റെ കാലത്താണ്. അതുകൊണ്ട് തന്നെ ആ അന്വേഷണത്തിൽ എനിക്ക് ഒരു ആനുകൂല്യവും ലഭിക്കില്ലെന്ന് ഉറപ്പുണ്ട്. എനിക്കെതിരായി എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ കൊന്നുതിന്നാൻ നിൽക്കുന്ന സർക്കാരിന് ഏറ്റവും വിശ്വാസമുള്ള അന്വേഷണ ഏജൻസിയാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിൻ്റെ ഓരേ ഘട്ടത്തിലും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളെ അറിയിക്കും“, രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷനൊപ്പമായിരുന്നു രാഹുൽ സഭയിലെത്തിയത്. സ്വന്തം വാഹനം ഒഴിവാക്കി സുഹൃത്തിന്റെ വാഹനത്തിലാണ് രാഹുല്‍ നിയമസഭയിലെത്തിയത്. വി.എസ്.അച്യുതാനന്ദന്‍, വാഴൂര്‍ സോമന്‍, പി.പി.തങ്കച്ചന്‍ തുടങ്ങിയ നേതാക്കളെ അനുസ്മരണം മാത്രമായിരുന്നു ഇന്ന് സഭയിലുണ്ടായിരുന്നത്. സഭാ സമ്മേളനം ആരംഭിച്ച ശേഷമാണ് രാഹുല്‍ കയറി വന്നത്.

പാർട്ടി നടപടി നേരിടുമ്പോഴാണ് യൂത്ത് കോൺഗ്രസ് നേതാവും രാഹുലിനൊപ്പം ചേർന്നത്. രാഹുലിനെതിരെയുള്ള പാർട്ടി നടപടികളിൽ വി.ഡി.സതീശന്റെ നിലപാടുകളിൽ യൂത്ത് കോൺഗ്രസിൽനിന്ന് വിമർശനം ഉയരുന്നതിനിടെയുള്ള ഈ നീക്കം കോൺഗ്രസിൽ ചർച്ചയായിട്ടുണ്ട്. എംഎല്‍എ എന്ന നിലയില്‍ രാഹുല്‍ നിയമസഭയില്‍ വരുന്നത് അദ്ദേഹത്തിന്റെ അവകാശമാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും കെ.മുരളീധരന്‍ അടക്കമുള്ള മറ്റു നേതാക്കൽ പ്രതികരിച്ചു.

Send your news and Advertisements

You may also like

error: Content is protected !!