കൊൽക്കത്തയിലെ പ്രധാന തെരുവായ ചിത്തപുരം റോഡും ജോരശങ്കോയിലെ ടാഗോർ സാംസ്‌കാരിക വസന്ത കുടുംബത്തിൽ നടക്കുന്ന സംഗീത നാടകം കാണാൻ വരുന്നവർ സാമൂഹ്യ സാംസ്കാരിക രംഗത്തുള്ളവർ മാത്രമല്ല വിദേശികളുമുണ്ടായിരുന്നു. ഭാരതീയ കാവ്യസൗന്ദര്യശോഭയെ തൊട്ടുണർത്തിയ 1910-ൽ പ്രസിദ്ധീകരിച്ച ബംഗാളികാവ്യം ‘ഗീതാഞ്ജലി’ എന്ന കൃതിക്ക് 1913-ൽ ഭാരതത്തിന് നോബൽ സമ്മാനം ടാഗോർ നേടിത്തന്നു. നമ്മുടെ ദേശീയ ഗാനമായ ‘ജനഗണമന’ നൽകിയ രാജ്യസ്നേഹിയുടെ ആത്മപരിത്യാഗം, പരോപകാരം, സർവ്വസാഹോദര്യം ആരിലും പ്രചോദകമായി ഇന്നും ജീവിക്കുന്നു.
ജനസേവനത്തിനായി മിഷനറിമാരേപോലെ സഞ്ചരിക്കയും അന്ധകാരത്തിലുഴലുന്ന മനുഷ്യരെ അജ്ഞതയിൽ നിന്നുണർത്തി അറിവിലേക്ക് നയിച്ചു് സ്നേഹത്തിൻ്റെ യഥാർത്ഥ മുഖം വെളിപ്പെടുത്തിയ പ്രതിഭാധനനായിരിന്നു മഹാനായ ടാഗോർ. മഹാത്മാഗാന്ധിക്ക് പുറമേ ലോക ജനത മാനിക്കപ്പെടുന്ന നാടകകൃത്തു്, കവി, നോവലിസ്റ്റ്, കഥാകൃത്തു്, തത്വചിന്തകൻ, ചിത്രകാരൻ, വിദ്യാഭ്യാസ വിചക്ഷണൻ, സ്വാതന്ത്ര്യ സമരസേനാനി തുടങ്ങിയ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭാശാലി. ഭാരതീയ സംസ്കാ രത്തിൽ ഉത്തമവും ഉൽകൃഷ്ടവുമായ സാഹിത്യ സംഭാവനകൾ മാത്രമല്ല വരണ്ടുപോയ സാംസ്കാരിക ബോധത്തെ മനുഷ്യ നന്മകൾക്കായി ഉപയോഗിച്ചു. കുടുംബത്തിലെ പരോപകാരപ്രവണത പിതാവ് ദേവേന്ദ്ര നാഥടാഗോറിൽ നിന്നും മാതാവ് ശാരദാദേവിയിൽ നിന്നുമാണ് പഠിച്ചത്. ടാഗോറിന് അഞ്ചു് മക്കളുണ്ടായി
ഭക്തിയും പാണ്ഡിത്യവും നിറഞ്ഞ ഇന്ത്യയിലെ ഒരു ബ്രാഹ്മണ സമ്പന്ന കുടുംബത്തിലാണ് ടാഗോറിന്റെ ജനനം (1861-1941). പിതാവ് ദേവേന്ദ്രനാഥ ടാഗോറിനെ വിളിച്ചിരുന്നത് മഹർഷിയെന്നാണ്. അദ്ദേഹം ഈശ്വരഭക്തിയിലും, വിവിധ ഭാഷകളിൽ പണ്ഡിതനുമായിരിന്നു. അച്ഛനും മകനും ഹിമാലയത്തിൽ പാർക്കുന്ന മഹർഷിവര്യന്മാരെ കാണാനും അവരിൽ നിന്ന് അനുഗ്രഹം വാങ്ങാനും ഒരു യാത്ര നടത്തിയതിന്റെ ഫലമായി ബംഗാളിലെ ബോൽപൂരിൽ ധ്യാനത്തിലിരിക്കാൻ ഒരു ആശ്രമം പണിതു. അതിന് ശാന്തിനികേതനം എന്ന് പേരിട്ടു. സമാധാനത്തിൻ്റെ ഇരിപ്പിടം എന്നാണ് ഈ വാക്കിൻ്റെ അർത്ഥം. ടാഗോറിനെ വീട്ടിൽ വിളിച്ചിരുന്നത് രവിയെന്നാണ്. മകനെ ബംഗാളി, ഇംഗ്ലീഷ്, സംസ്കൃതം, ജ്യോതിശാസ്ത്രം, ആരോഗ്യശാസ്ത്രം, സയൻസ് തുടങ്ങി പല വിഷയങ്ങളും പഠിപ്പിച്ചു. തലമുറകളായി വിദ്യാസമ്പന്നരാണ് ടാഗോർ കുടുംബം. ഹിമാലയത്തിൽ നിന്ന് മടങ്ങിവന്നതിന് ശേഷം ധാരാളം മാറ്റങ്ങളാണ് അച്ഛൻ മകനിൽ കണ്ടത്. പതിനഞ്ചാം വയസ്സിൽ വൈഷ്‌ണവ കവികളെ അനുകരിച്ചുകൊണ്ട് ഭാവഗീതങ്ങൾ എഴുതാൻ തുടങ്ങി. ടാഗോറിന്റെ അച്ഛനും മുത്തച്ഛനും സംഗീത സാഹിത്യ നാടകങ്ങളിൽ അതീവ തല്‌പരയായിരിന്നു. ടാഗോറിന് മൂത്തവരായി പതിമൂന്ന് സഹോദരിസഹോദരൻന്മാരുണ്ട്. ഏറ്റവും ഇളയെ കുഞ്ഞനുജൻ ഒരു വയസ്സുള്ളപ്പോൾ മരിച്ചു. ടാഗോർ ചെറുപ്പം മുതൽ നാടകങ്ങൾ എഴുതുമായിരിന്നു. സഹോദരിസഹോദരന്മാരെ പങ്കെടുപ്പിച്ചു കൊണ്ട് കുടുംബ നാടകം വീടിനുള്ളിൽ അവതരിപ്പിച്ചു.
കൊൽക്കത്തയിലെ ക്രിസ്‌ത്യൻ വിദ്യാലയങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയ മകനെ ഉപരി പഠനത്തിനായി പതിനേഴാം വയസ്സിൽ ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിൽ പഠിക്കാനയച്ചു. ഇന്ന് അധി കാരതണലിൽ പലരും മക്കളെ പാശ്ചാത്യ രാജ്യങ്ങളിൽ പഠിപ്പിക്കാൻ വിടുമ്പോൾ അന്ന് സമ്പന്നരാണ് ഇന്ത്യയിൽ നിന്ന് ഇംഗ്ളണ്ടിലേക്ക് പഠിക്കാൻ വിട്ടത്. ലണ്ടൻ പഠനകാലമാണ് ഗ്ലോബ് തീയേറ്ററിൽ വില്യം ഷേക്സ‌്‌പിയറിൻ്റെ നാടകങ്ങൾ കാണാനിടയായത്. നാടകങ്ങളെപറ്റി കൂടുതൽ പഠിക്കയും അദ്ദേഹത്തിന്റെ ഭവനത്തിലും പോയിരുന്നു. ഇംഗ്ലീഷ്, ഐറിഷ്, സ്കോട്ടിഷ് സാഹിത്യം പഠിക്കുന്നതിലും അതീവ ശ്രദ്ധ ചെലുത്തി. സുപ്രസിദ്ധ കവി ഡബ്ളിയു ബി.യേറ്റ്സ്, കലാകാരൻ റോഥൻ സ്‌റ്റൈനുമായി നല്ല ആത്മബന്ധമായിരിന്നു. ഇന്ത്യൻ സംസ്‌കാരത്തെ പാശ്ചാത്യർക്ക് പകർന്നുകൊടുക്കുന്നതിലും ടാഗോർ ശ്രദ്ധ പതിപ്പിച്ചു. ഇന്ന് ഇവിടെ പാർക്കുന്നവർക്ക് അതിലൊന്നുമല്ല ശ്രദ്ധ ഓൺലൈനിൽ പടം വരണം, സോഷ്യൽ മീഡിയയിൽ സ്തുതിപാഠകരെ കണ്ടെത്തുന്നതിലാണ് താല്‌പര്യം.
ഇംഗ്ലണ്ടിൽ വന്ന് പഠിച്ചുപോയിട്ടുള്ള ഗാന്ധി, നെഹ്റു, സർദാർ പട്ടേൽ, അംബേദ്‌ക്കർ തുടങ്ങി ധാരാളം മഹാരഥന്മാർ അഗാധമായ അറിവും ജ്ഞാനവും നേടിയവർ മാത്രമല്ല ആർഷ ഭാരതത്തിന്റെ സനാതന ധർമ്മ മൂല്യങ്ങളിലാണ് ഇവരൊക്കെയും ജീവിച്ചത്. ഇന്ന് ഉപരിവിദ്യാഭ്യാസമുള്ളവരിൽ ചിലർ സമൂഹത്തിന് വിനയായി മാറുമ്പോൾ ഗാന്ധിയെപ്പോലുള്ളവരെ അറിവ് വിനയമുള്ളവരാക്കി മാറ്റുകയാണ് ചെയ്തത്. ഇന്നത്തെപോലെ കാപട്യം നിറഞ്ഞ മത രാഷ്ട്രീയ അനാചാര അന്ധവിശ്വാസ വൃത്തികേടുകൾക്ക് ഇവർ കൂട്ടുനിന്നവരല്ലായിരുന്നു. ‘വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ’ എന്ന് ഗുരുദേവൻ പഠിപ്പിച്ചതും പാശ്ചാത്യ മിഷനറിമാരിൽ നിന്നാണ്. പഠനം പൂർത്തിയാക്കി ജന്മദേശത്തു് മടങ്ങിയെത്തിയ ടാഗോർ എഴുത്തിലും വിദ്യാഭ്യാസ സാമൂഹ്യ രംഗങ്ങളിലും സജീവമായി ഇടപെട്ടു.
മുസ്ലിം വിഭാഗത്തിലുള്ളവരുമായി ടാഗോറിൻ്റെ സാമൂഹ്യ സമ്പർക്കം സവർണ്ണ ഹിന്ദുക്കൾക്ക് ദഹിച്ചില്ല. യാഥാസ്ഥിതികരായ സവർണ്ണ ഹിന്ദുക്കൾ ടാഗോർ കുടുംബത്തെ ജാതിക്ക് കളങ്കം വരുത്തിയെന്ന പേരിൽ ‘പിരളി ബ്രാഹ്മണർ’ എന്ന് വിളിച്ചു് പരിഹസിച്ചു. ശാന്തിനികേതനത്തിൽ തന്നെ ടാഗോർ തന്റെ മനസ്സിനിണങ്ങിയ ഒരു സ്‌കൂൾ പണികഴിപ്പിച്ചത് പുരിയിലുണ്ടായിരുന്ന വീടും ഭാര്യയുടെ സ്വർണ്ണാഭരണങ്ങൾ വിറ്റുമാണ്. 1901-ൽ തുടങ്ങിയ ഈ ചെറിയ സ്‌കൂളാണ് 1921- ൽ വിശ്വഭാരതി എന്ന പേരിൽ ഒരു വലിയ സർവ്വകലാശാലയായി മാറിയത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച വിദ്യാകേന്ദ്രമാണ് ശാന്തിനികേതനം. ഗാന്ധി 1915 – ലാണ് ശാന്തിനികേതനം സന്ദർശിച്ചത്. ഗ്രാമങ്ങളിലെ പാവങ്ങളെ സമുദ്ധരിക്കാനായി ശാന്തിനികേതനത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ സുരുൾ എന്ന സ്ഥലത്തു് ‘ശ്രിനികേതനം’ എന്നൊരു സ്ഥാപനം തുടങ്ങി. ശാന്തിനികേതനവും ശ്രിനികേതനവും സഹോദര സ്ഥാപനങ്ങളാണ്. വിദ്യാഭ്യാസവും സാമൂഹ്യ സേവനവുമാണ് ഇപ്പോൾ അവിടെ നടക്കുന്നത്.
ഇംഗ്ലണ്ടിൽ നിന്ന് കൊൽക്കത്തയിലെത്തിയ ക്രിസ്‌ത്യൻ മിഷനറി വില്യം കേറിയുടെ വിദ്യാഭ്യാസ നയങ്ങൾ ടാഗോറിനെ വളരെ സ്വാധീനിച്ചിരുന്നു. വില്യം കേറിയാണ് പശ്ചിമ ബംഗാൾ, സെറാംറൂരിലെ സെറാം റൂർ കോളേജ് 1818 – ൽ ആരംഭിച്ചത്. ഭാരതത്തിലെ നാലാമത്തെ കോളേജ് ആണ്. മിഷനറിമാരെപോലെ മനുഷ്യരിൽ മത സൗഹാർദ്ദവും സർവ്വ സാഹോദര്യവും വളർത്താനാണ് ടാഗോർ എക്കാലവും ശ്രമിച്ചത്. അദ്ദേ ഹത്തിന്റെ സാഹിത്യ സൃഷ്ടികളിലും അത് പ്രകടമായിരിന്നു. ചെറുപ്പം മുതൽ ഒരു മതത്തിൻറെയും ചട്ടക്കൂട്ടിലല്ല ടാഗോർ വളർന്നത്. ഹൈന്ദവ മത ദർശനത്തിലൂന്നി വളർന്നെങ്കിലും വർണ്ണവർഗ്ഗ വിവേചനങ്ങളെ ശക്തമായി അപലപിച്ചു. ഭാരതത്തിലിന്നും ഗോത്ര- ജാതി മേധാവിത്വത്തിൻ്റെ കാൽക്കീഴിൽ പാവങ്ങൾ പീഡിപ്പിക്കപ്പെടുന്നു. ദാരിദ്ര്യം വളർത്തി വോട്ടുപെട്ടി നിറച്ചു അധികാരം നിലനിർത്തുകയാണ് പല രാഷ്ട്രീയ പാർട്ടികളുടെയും ലക്ഷ്യം. ഇന്ന് ഭരിക്കുന്ന കേന്ദ്ര സർക്കാർ ആദിവാസികൾക്കായി, അധഃകൃതർക്കായി പ്രത്യാശാനിർഭരമായ ചിലതൊക്കെ ചെയ്യുന്നുണ്ടെങ്കിലും പാവങ്ങൾക്ക് കൊടുക്കുന്ന ധനം അവരുടെ കൈകളിൽ എത്തുന്നില്ല.
ടാഗോർ അന്നത്തെ വരേണ്യവർഗ്ഗ സാഹിത്യപ്രതിഭകളിൽ നിന്ന് വ്യത്യസ്‌തനായിരിന്നു. കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസിനെപോലെ ബ്രാഹ്മണ ജാതിയിൽ ജനിച്ച അദ്ദേഹം ജാതിമത രാഷ്ട്രീയ ഭ്രാന്തിനോട് ഒട്ടും യോചിച്ചിരുന്നില്ല. ജാതിമതത്തിനതീതമായി വില്യം കേറിയപ്പോലുള്ള മിഷനറിമാർ വിദ്യകൊണ്ട് മനുഷ്യരെ മനുഷ്യരാക്കിതീർത്തു. സ്ത്രീകൾക്ക് നേരെയുള്ള സതിപോലുള്ള ക്രൂരകൃത്യങ്ങൾ, ശൈശവ വിവാഹങ്ങൾ, അടിമക്കച്ചവടം തുടങ്ങി കേരളമടക്കം നടന്നിട്ടുള്ള എത്രയോ അനാചാരങ്ങളെ ഭരണസ്വാധിനമുപയോഗിച്ചു് നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ച വിശാലഹൃദയ മിഷനറിമാരെ ടാഗോർ ആദരവോടെയാണ് കണ്ടത്. കൊൽക്കത്തയിലെ ഗ്രാമവാസികൾ, പാവങ്ങൾ ടാഗോറിൻ്റെ മുത്തച്ഛൻ ദ്വാരക നാഥ ടാഗോറിനെ വിളിച്ചത് ‘ദ്വാരകനാഥ് രാജകുമാരൻ’ എന്നാണ്. ഇന്ന് ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിൽ നിശബ്ദനൊമ്പരങ്ങളുമായി ജീവിക്കുന്ന പാവങ്ങളുടെ പുരോഗതിക്കായി കർമ്മപദ്ധതികളാണ് ആവശ്യം. ഇല്ലെങ്കിൽ മനഃസാക്ഷിതുടിപ്പില്ലാത്ത ജന്മിമാരുടെ അടിമകളായി പാവങ്ങൾ ജീവിക്കും.
ടാഗോർ സ്വന്തം ഗാനങ്ങൾക്ക് സംഗീതം കൊടുത്തുകൊണ്ട് ‘രവീന്ദ്രസംഗീതം’ പുറത്തിറക്കി. എഴുപത് വയസ്സ് കഴിഞ്ഞപ്പോൾ ചിത്രരചനയിലും സജീവമായി. ഗാന്ധിജിക്ക് ‘മഹാത്മ’ എന്ന ബഹുമതികൊ ടുത്തതും ടാഗോർ ആണ്. അന്ന് വരേണ്യവർഗ്ഗ കവികൾക്ക് മുൻഗണന കൊടുത്തപ്പോൾ ഇന്നത് രാഷ്ട്രീയ മുൻഗണനയായി മാറി പദവികൾ, പുരസ്‌കാരങ്ങളിൽ എത്തിനിൽക്കുന്നു. ടാഗോറിനും സാഹിത്യ രംഗത്ത് ശത്രുക്കളുണ്ടായിരുന്നു. സത്യവും നീതിയുമില്ലാത്ത അസൂയപൂണ്ടവർക്കെതിരെ ശക്തമായി പ്രതികരിച്ചു. അധികാര ആഡംബരത്തോടെ താല്‌പര്യമില്ലാതെ ലളിത ജീവിതം നയിച്ചു. മാത്യ രാജ്യത്തോടും ഗാന്ധി യോടും അതിരറ്റ ആദരവും സ്നേഹവുമായിരിന്നു. ടാഗോർ പതിനൊന്ന് വിദേശ യാത്രകൾ നടത്തിയിട്ടുണ്ട്. അതിൽ യൂറോപ്പ്, റഷ്യ, ചൈന, ജപ്പാൻ, മലയ, പേർഷ്യയുണ്ട്.
ബ്രിട്ടീഷ് ഭരണകൂടം 1915-ൽ അദ്ദേഹത്തിന് ‘സർ’ പദവി നൽകി ആദരിച്ചു. 1919-ൽ ജാലിയൻ വാലാബാഗ് നിരായുധരായ നിരപരാധികളെ കൊന്നൊടുക്കിയതിൽ പ്രതിഷേധിച്ചു് നിറഞ്ഞ ഹൃദയവേദന യോടെ ആ സ്ഥാനപത്രിക വൈസ്രോയിക്ക് മടക്കികൊടുക്കുക മാത്രമല്ല തൻ്റെ ജനത്തോടെ കാട്ടിയ ക്രൂരതയ്ക്ക് കാലം മാപ്പ് തരില്ലെന്നുള്ള കത്തും കൊടുത്തുവിട്ടു. ബ്രിട്ടീഷ്‌കാർ രാജ്യം വിട്ടുപോയിട്ടും ജാതിമത രാഷ്ട്രീയ പീഡന കൊലപാതക അധർമ്മങ്ങൾ പെരുകുമ്പോൾ ടാഗോറിനെപോലെ ദർശനമുള്ള, മാനുഷികമുഖമുള്ള എത്ര എഴുത്തുകാർ പ്രതികരിക്കുന്നു.?
കാരൂർ സോമൻ, (ചാരുംമൂടൻ)