ബ്രിസ്‌ബേൻ: ക്വീൻസ്‌ലാന്റിലെ സൺഷൈൻ കോസ്റ്റിന്റെ ഉൾപ്രദേശങ്ങളിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. ജിമ്പി (Gympie) യുടെ പടിഞ്ഞാറും ബ്രിസ്ബേനിൽ നിന്ന് 256 കിലോമീറ്റർ വടക്കുമുള്ള കിൽകിവാനി (Kilkivan) ലാണ് ഇന്ന് രാവിലെ 9.50 ന് ഉണ്ടായ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ജിയോ സയൻസ് ഓസ്‌ട്രേലിയയുടെ കണക്കനുസരിച്ച് 10 കിലോമീറ്റർ താഴ്ചയിലാണ് ഇത് ഉണ്ടായത്.
അരനൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ തീരദേശ ഭൂകമ്പമാണിതെന്നും 2016-ൽ ബോവൻ തീരത്ത് 5.8 തീവ്രത രേഖപ്പെടുത്തിയ ഒരു സംഭവം ഉണ്ടായതിനുശേഷം ക്വീൻസ്‌ലാൻഡിൽ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണിതെന്നും ജിയോസയൻസ് ഓസ്‌ട്രേലിയയിലെ ഭൂകമ്പ ശാസ്ത്രജ്ഞയായ മിഷേൽ സാൽമൺ പറഞ്ഞു. ഈ സംഭവത്തിൽ നിന്ന് കൂടുതൽ തുടർചലനങ്ങൾ നമുക്ക് തീർച്ചയായും പ്രതീക്ഷിക്കാം, ഇത്രയും വലിപ്പമുള്ള ഭൂകമ്പം നാശനഷ്ടങ്ങൾക്ക് കാരണമാകും, നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടില്ലെങ്കിലും, വീടുകളിൽ എന്തെങ്കിലും നാശനഷ്ടങ്ങൾ കണ്ടാൽ അധികൃതരുമായി ബന്ധപ്പെടണം എന്നും അദ്ദേഹം പറഞ്ഞു.
ഗോൾഡ് കോസ്റ്റിന്റെ തെക്ക് ഭാഗത്തും ഹെർവി ബേയുടെ വടക്ക് ഭാഗത്തും ഭൂകമ്പം അനുഭവപ്പെട്ടതായി ആളുകൾ റിപ്പോർട്ട് ചെയ്തു. 12,000-ത്തിലധികം ആളുകൾക്കു ഭൂകമ്പം അനുഭവപ്പെട്ടതായി ജിയോസയൻസസ് ഓസ്‌ട്രേലിയ അറിയിച്ചു.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള തകരാറുകൾ സംഘം അന്വേഷിച്ചുവരികയാണെന്ന് എനർജെക്സിൽ നിന്നുള്ള ഡാനി ഡൊണാൾഡ് പറഞ്ഞു. “ഫ്രേസർ കോസ്റ്റ്, ബുറം ഹെഡ്സ്, മുർഗോൺ എന്നിവയ്ക്കിടയിലുള്ള ഏകദേശം 11,000 ഉപഭോക്താക്കളെ ഇത് ബാധിച്ചിട്ടുണ്ടാകാം എന്ന് അദ്ദേഹം പറഞ്ഞു. ഭൂചലനത്തെത്തുടർന്ന് ബ്രിസ്‌ബേൻ സിറ്റി ലൈനുകളിലെ സർവീസുകൾ വേഗത കുറഞ്ഞതായും ട്രെയിനുകൾ 15 മിനിറ്റ് വരെ വൈകിയതായും ക്വീൻസ്‌ലാൻഡ് റെയിൽ അറിയിച്ചു.
ഓസ്‌ട്രേലിയയിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഭൂകമ്പം 1988-ൽ നോർത്തേൺ ടെറിട്ടറിയിലെ ടെന്നന്റ് ക്രീക്കിൽ ഉണ്ടായതാണ്, റിക്ടർ സ്‌കെയിലിൽ 6.6 രേഖപ്പെടുത്തിയതായി കണക്കാക്കപ്പെടുന്നു. ഓസ്‌ട്രേലിയയിൽ ഓരോ വർഷവും ശരാശരി 3 അല്ലെങ്കിൽ അതിൽ കൂടുതൽ തീവ്രതയുള്ള 100 ഭൂകമ്പങ്ങൾ രേഖപ്പെടുത്തുന്നു. ശരാശരി ഒന്ന് മുതൽ രണ്ട് വർഷം കൂടുമ്പോൾ 5 ന് മുകളിലുള്ള ഭൂകമ്പങ്ങൾ ഉണ്ടാകാറുണ്ട്.