Mantis Partners Sydney
Tuesday, March 3, 2026
Mantis Partners Sydney
Home » ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരൻ മരിച്ചു; ഖത്തർ ഇറാൻ്റെ രണ്ട് യുദ്ധ വിമാനങ്ങൾ വെടിവച്ചിട്ടു.
ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരൻ മരിച്ചു; ഖത്തർ ഇറാൻ്റെ രണ്ട് യുദ്ധ വിമാനങ്ങൾ വെടിവച്ചിട്ടു.

ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരൻ മരിച്ചു; ഖത്തർ ഇറാൻ്റെ രണ്ട് യുദ്ധ വിമാനങ്ങൾ വെടിവച്ചിട്ടു.

by Editor
Send your news and Advertisements

മസ്കറ്റ്: ഇസ്രായേൽ-യുഎസ് സൈനിക നീക്കങ്ങൾക്ക് പകരമായി ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ ആക്രമണം തുടരുകയാണ്. ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ സ്ഫോടക വസ്‌തുക്കൾ നിറച്ച ആളില്ലാ ബോട്ട് ഉപയോഗിച്ച് ഇറാൻ നടത്തിയ ആക്രമണത്തിൽ കപ്പൽ ജീവനക്കാരനായ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. മസ്‌കറ്റ് തീരത്ത് നിന്ന് 52 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. 21 ജീവനക്കാരെ രക്ഷിച്ചു. മാർഷൽ ഐലൻഡ്‌സ് പതാക വഹിച്ച ‘എംകെഡി വ്യോം‘ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു.

കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരിൽ 16 പേരും ഇന്ത്യക്കാരാണ്. നാല് ബംഗ്ലാദേശ് സ്വദേശികളും ഒരു യുക്രെയ്ൻ സ്വദേശിയും കപ്പലിലുണ്ട്. മാരിടൈം സെക്യൂരിറ്റി സെൻ്ററുമായി ഏകോപിപ്പിച്ച് പനാമ റിപ്പബ്ലിക്കിന്റെ പതാക വഹിക്കുന്ന വാണിജ്യ കപ്പലായ എംവി സാൻഡ് എന്ന വാണിജ്യ കപ്പലിൻ്റെ സഹായത്തോടെയാണ് ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചത്. തകരാർ സംഭവിച്ച കപ്പലിനെ നിരീക്ഷിക്കാനും സ്ഥിതിഗതികൾ വിലയിരുത്താനുമായി ഒമാൻ റോയൽ നേവിയുടെ കപ്പൽ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. പാതയിലൂടെ കടന്നു പോകുന്ന മറ്റു കപ്പലുകൾക്ക് ഒമാൻ മാരിടൈം അധികൃതർ ജാഗ്രതാ നിർദേശം നൽകി.

ഖത്തർ എമിരി എയർഫോഴ്‌സ് ഇറാൻ്റെ രണ്ട് സുഖോയ് Su-24 (Sukhoi Su-24) വിമാനങ്ങൾ വെടിവച്ചിട്ടു. വിമാനങ്ങൾക്ക് പുറമെ, ഇറാൻ വിക്ഷേപിച്ച ഏഴ് ബാലിസ്റ്റിക് മിസൈലുകളും അഞ്ച് ഡ്രോണുകളും ഖത്തർ പ്രതിരോധ സേന തടഞ്ഞു. ഖത്തറിലെ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഇറാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഈ നടപടി. ഖത്തറിലെ പ്രമുഖ വാതക ഉൽപ്പാദന കേന്ദ്രങ്ങളായ റാസ് ലഫാൻ (Ras Laffan), മിസൈദ് (Mesaieed) എന്നിവിടങ്ങളിലാണ് ആക്രമണ ശ്രമങ്ങൾ ഉണ്ടായത്.

ഖത്തറിന് പുറമെ യുഎഇ, കുവൈറ്റ്, ബഹ്‌റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിലും ഇറാൻ്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൗദി അറേബ്യയിലെ വലിയ റിഫൈനറികളിലൊന്നായ റാസ് തനൂറ (Ras Tanura) ഡ്രോൺ ആക്രമണത്തെത്തുടർന്ന് പ്രവർത്തനം ഭാഗികമായി നിർത്തി.

കുവൈറ്റിലെ പോർട്ട് ഓഫ് ഷുഐബയിലെ (Port of Shuaiba) താൽക്കാലിക പ്രവർത്തന കേന്ദ്രത്തിന് നേരെയുണ്ടായ ഇറാനിയൻ മിസൈൽ/ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ആറായി ഉയർന്നതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവർക്ക് പുറമെ അഞ്ച് സൈനികർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം തന്നെ കുവൈറ്റ് വ്യോമസേനയുടെ വെടിയേറ്റ് മൂന്ന് അമേരിക്കൻ F-15 വിമാനങ്ങൾ തകർന്നിരുന്നു (Friendly Fire). എന്നാൽ ഇതിലുണ്ടായിരുന്ന ആറ് പൈലറ്റുമാരും സുരക്ഷിതരായി രക്ഷപ്പെട്ടു.

യുഎഇ ലക്ഷ്യമാക്കി ഇറാൻ തൊടുത്ത 15 മിസൈലുകളും 148 ഡ്രോണുകളും പ്രതിരോധ സേന തടഞ്ഞു. ഇതിൽ ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഉൾപ്പെടുന്നു. ശനിയാഴ്ച മുതൽ നടന്നുവരുന്ന ആക്രമണങ്ങളിൽ യുഎഇയിൽ ഇതുവരെ 3 വിദേശ പൗരന്മാർ (പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികൾ) കൊല്ലപ്പെടുകയും 68 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അബുദാബി വിമാനത്താവളത്തിന് സമീപം ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ഒരു ഏഷ്യൻ പൗരൻ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. സ്ഥിതിഗതികൾ ഇപ്പോഴും സംഘർഷഭരിതമായതിനാൽ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും അധികൃതർ നിർദ്ദേശിക്കുന്നു.

കുവൈറ്റിൽ അമേരിക്കയുടെ അത്യാധുനിക യുദ്ധവിമാനം എഫ്-15ഇ തകർന്ന് വീണു

You may also like

error: Content is protected !!