ന്യൂ ഡൽഹി: ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയിൽ നിന്ന് വിവരങ്ങൾ തേടി ആഭ്യന്തരമന്ത്രി അമിത് ഷാ. ക്രൈസ്തവ സഭകളുടെ പ്രതിഷേധം ദേശീയതലത്തിൽ ബിജെപിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണിത്. ഇന്നലെ കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടാത്തതിന്റെ വിശദാംശവും തേടിയതായാണ് വിവരം. എംപിമാർ നല്കിയ പരാതി പ്രധാനമന്ത്രിയുടെ ഓഫീസ് അമിത് ഷായ്ക്ക് കൈമാറി. അമിത് ഷാ പ്രധാനമന്ത്രിയുമായി വിഷയം ചർച്ച ചെയ്തെന്നും സൂചനയുണ്ട്.
ഹിന്ദുത്വ തീവ്രവാദ സംഘടനയായ ബജറംഗ്‌ദളിൻ്റെ വ്യജ ആരോപണത്തിന്റെ പേരിൽ ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്‌ത് ജയിലിൽ അടച്ച സംഭവത്തിൽ ക്രൈസ്‌തവ വിശ്വാസികൾക്കിടയിൽ പ്രതിഷേധം ശക്തമാവുകയാണ്. തിരുവനന്തപുരം കാത്തലിക് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് രാജ്ഭവനിലേക്ക് നടത്തിയ ഐക്യദാർഢ്യ പ്രതിഷേധ റാലിയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. കെസിബിസി പ്രസിഡൻ്റ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കത്തോലിക്ക ബാവയുടെ നേതൃത്വത്തിൽ കറുത്ത തുണി കൊണ്ട് വായ മൂടിക്കെട്ടിയായിരുന്നു റാലി. ആർച്ച് ബിഷപ്പുമാരായ മാർ തോമസ് തറയിൽ, ഡോ. തോമസ് ജെ. നെറ്റോ, ബിഷപ്പ് ക്രിസ്‌തുദാസ് മറ്റ് സഭാ മേലധ്യക്ഷന്മാർ എന്നിവർ റാലിയിൽ പങ്കെടുത്തു. സന്യാസിമാർ അപമാനിക്കപ്പെടുകയാണെന്നും ന്യൂനപക്ഷ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ക്രിസ്ത്യൻ സഭകളുടെ സംയുക്ത റാലി നടന്നത്. വിഷയം രാജ്യം ഒന്നാകെ ഗൗരവമായി കാണണമെന്ന് സഭാ നേതാക്കൾ ആവശ്യപ്പെട്ടു.
ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്ന നാടകത്തിന് ഇനി തങ്ങളില്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് വായാട്ടുപറമ്പ് ഫൊറോന കരുവഞ്ചാലിൽ സംഘടിപ്പിച്ച പ്രകടനവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് അവരവരുടെ മതവിശ്വാസത്തിനനുസരിച്ച് ജീവിക്കാൻ സാഹചര്യമൊരുക്കണം. കന്യാസ്ത്രീമാർക്ക് ജാമ്യം നിഷേധിച്ചപ്പോൾ പറഞ്ഞത് അവർ രാജ്യദ്രോഹികളാണ്, എൻഐഎ കോടതിയിൽ പോയാൽ മാത്രമേ ജാമ്യം ലഭിക്കുകയുള്ളുവെന്നാണ്. പാവപ്പെട്ടവർക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പാവം രണ്ട് കന്യാസ്ത്രീകൾ രാജ്യത്തിൻ്റെ മുഖത്തുനോക്കി ചോദ്യചിഹ്നം ഉയർത്തുകയാണ്. മനുഷ്യത്വത്തിനുവേണ്ടി നടത്തുന്ന പരിശ്രമങ്ങളെ കുറ്റകൃത്യമായി, രാജ്യദ്രോഹമായി വിലയിരുത്തുന്ന സാഹചര്യം അപലപനീയമാണ്. ഭരണഘടന പശു തിന്നുപോകുന്ന ഗതികേട് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു-അദ്ദേഹം പറഞ്ഞു.
സിറോ മലബാർ സഭയുടെ കീഴിൽ ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് സന്ന്യാസ സഭയിലെ സിസ്റ്റർമാരായ വന്ദന ഫ്രാൻസിസ്, പ്രീതി മേരി എന്നിവരാണ് മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിക്കപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്‌ച ഛത്തീസ്‌ഗഡിൽ അറസ്റ്റിലായത്. ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഇവർ ഗാർഹിക ജോലികൾക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടു പോകാനായി ദുർഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയതാണ്. ഒരു പെൺകുട്ടിയുടെ സഹോദരനും കൂടെയുണ്ടായിരുന്നു. ഇതിനിടെ ബജറംഗ്‌ദൾ പ്രവർത്തകർ ഇവരെ തടഞ്ഞു വെക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു.