Mantis Partners Sydney
Saturday, March 21, 2026
Mantis Partners Sydney
Home » സിഡ്‌നിയിലെ മസ്‌ജിദിൽ പെരുന്നാൾ നമസ്ക്കാരത്തിനിടെ ഓസ്ട്രേലിയൻ പ്രധാനമന്ത്രിക്കു നേരെ പ്രതിഷേധം
സിഡ്‌നിയിലെ മസ്‌ജിദിൽ പെരുന്നാൾ നമസ്ക്കാരത്തിനിടെ ഓസ്ട്രേലിയൻ പ്രധാനമന്ത്രിക്കു നേരെ പ്രതിഷേധം

സിഡ്‌നിയിലെ മസ്‌ജിദിൽ പെരുന്നാൾ നമസ്ക്കാരത്തിനിടെ ഓസ്ട്രേലിയൻ പ്രധാനമന്ത്രിക്കു നേരെ പ്രതിഷേധം

by Editor
Send your news and Advertisements

സിഡ്‌നി: വെസ്റ്റേൺ സിഡ്‌നിയിലെ ലകെംബ മസ്‌ജിദിൽ നടന്ന ഈദുൽ ഫിത്തർ ആഘോഷങ്ങൾക്കിടെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസിനും ആഭ്യന്തര മന്ത്രി ടോണി ബർക്കിനും നേരെ വിശ്വാസികളുടെ പ്രതിഷേധം. പ്രതിഷേധം ശക്തമായതിനെ തുടർന്ന് പ്രധാനമന്ത്രിയും സംഘവും നിശ്ചയിച്ചിരുന്ന പരിപാടികൾ പൂർത്തിയാക്കാതെ മടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. നമസ്കാരത്തിന് ശേഷം പ്രസംഗം ആരംഭിച്ചതോടെയാണ് സദസിലുണ്ടായിരുന്ന ഒരു വിഭാഗം ആളുകൾ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തിയത്. “ഗാസയിലെ കൂട്ടക്കുരുതിയെ പിന്തുണയ്ക്കുന്നവർ”, “നിങ്ങൾ ഞങ്ങളെ പ്രതിനിധീകരിക്കുന്നില്ല”, “ഇവിടെ നിന്ന് പുറത്തുപോകൂ” തുടങ്ങിയ വിളികൾ ഉയർന്നതോടെ അന്തരീക്ഷം പ്രക്ഷുബ്‌ധമായി.

പ്രധാനമന്ത്രിയുടെ പശ്ചിമേഷ്യൻ നിലപാടുകളോടുള്ള അതൃപ്തിയാണ് പ്രതിഷേധത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രതിഷേധം വളരെ ചെറിയ ഒരു വിഭാഗത്തിൽ നിന്ന് മാത്രമായിരുന്നുവെന്ന് ആന്തണി ആൽബനീസ് പിന്നീട് പ്രതികരിച്ചു. മുപ്പതിനായിരത്തിലധികം ആളുകൾ പങ്കെടുത്ത ചടങ്ങിൽ ഭൂരിഭാഗം പേരും തങ്ങളെ ഊഷ്‌മളമായാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. തീവ്ര സ്വഭാവമുള്ള സംഘടനകളെ നിരോധിച്ചതിലുള്ള ചിലരുടെ വ്യക്തിപരമായ എതിർപ്പാണ് പ്രതിഷേധത്തിന് പിന്നിലെന്നും ആൽബനീസ് കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയെയും മന്ത്രിയെയും ചടങ്ങിലേക്ക് ക്ഷണിച്ച നടപടിയെ ലബനീസ് മുസ്ലിം അസോസിയേഷൻ ന്യായീകരിച്ചു. ഭരണകൂടത്തോട് നേരിട്ട് വിയോജിപ്പുകൾ അറിയിക്കാനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്നും ആശയവിനിമയത്തിൻ്റെ വാതിലുകൾ അടയ്ക്കുന്നത് പരിഹാരമല്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി. അതേസമയം, ആരാധനാലയങ്ങളിൽ രാഷ്ട്രീയ നേതാക്കളെ പ്രവേശിപ്പിക്കുന്നതിനെ ചൊല്ലി മുസ്ലിം സമൂഹത്തിനിടയിൽ ഭിന്നാഭിപ്രായങ്ങൾ ശക്തമാണ്.

You may also like

error: Content is protected !!