Saturday, August 2, 2025
Mantis Partners Sydney
Home » ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് അന്തരിച്ചു.
ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് അന്തരിച്ചു.

ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് അന്തരിച്ചു.

by Editor

കൊച്ചി: നടനും മിമിക്രി കലാകാരനുമായിരുന്ന കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷം ഹോട്ടൽ മുറിയിൽ തിരികെ എത്തിയതായിരുന്നു നവാസ്. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ചോറ്റാനിക്കരയിൽ എത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. സിനിമയുടെ ചിത്രീകരണം രണ്ട് ആഴ്ചയായി ചോറ്റാനിക്കരയിൽ പുരോ​ഗമിക്കുകയാണ്. വെള്ളിയാഴ്ച നവാസിന്റെ ഷെഡ്യൂൾ പൂർത്തിയായിരുന്നു. ഹോട്ടലിലെ റൂം ബോയ് ആണ് നവാസ് മുറിയിൽ മരിച്ച് കിടക്കുന്നത് ആദ്യം കണ്ടത്.

90-കളിൽ മിമിക്രിയിൽ നിന്ന് സിനിമാ രംഗത്തേക്ക് എത്തിയ നിരവധി താരങ്ങളിൽ പ്രമുഖനാണ് നവാസ്. ചലച്ചിത്രനടനായിരുന്ന അബൂബക്കറാണ് പിതാവ്. മിമിക്രി വേദികളിലൂടെയാണ് നവാസ് മലയാളികൾക്ക് സുപരിചിതനാകുന്നത്. കലാഭവൻ മിമിക്രി ട്രൂപ്പിൽ അം​ഗമായിരുന്നു. സഹോദരൻ നിയാസ് ബക്കറിനൊപ്പവും അദ്ദേഹം നിരവധി ഷോകളുടെ ഭാ​ഗമായിട്ടുണ്ട്. 1995-ൽ പുറത്തിറങ്ങിയ ചൈതന്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. തില്ലാന തില്ലാന, മായാജാലം, മാൻഡ്രേക്ക്, മൈലാഞ്ചി മൊഞ്ചുള്ള വീട്, കസബ, മാട്ടുപെട്ടി മച്ചാൻ എന്നിവ അഭിനയിച്ച ചിത്രങ്ങളിൽ പ്രധാനപെട്ടവയാണ്.

നടി രെഹ്നയാണ് നവാസിന്റെ ഭാര്യ. ഇവർക്ക് മൂന്ന് മക്കളാണുള്ളത്. മെഹ്റിൻ, റൈഹാൻ, റിഥ്വാൻ. സഹോദരൻ നിയാസ് ബക്കറും അഭിനേതാവാണ്.

Send your news and Advertisements

You may also like

error: Content is protected !!