ന്യൂഡൽഹി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തി. അമേരിക്കയുമായുള്ള താരിഫ് തർക്കം മുറുകുന്നതിനിടെയാണ് രണ്ട് ദിവസത്തെ സന്ദർശനത്തിന് നരേന്ദ്ര മോദി ജപ്പാനിലെത്തിയത്. ഇന്ത്യ – ജപ്പാൻ വാർഷിക ഉച്ചകോടിയിൽ മോദി പങ്കെടുക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമായുള്ള കൂടിക്കാഴ്ചയിൽ അമേരിക്ക അധികം തീരുവ പ്രഖ്യാപിച്ചതടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനാണ് സാധ്യത. ജപ്പാനിലെ വ്യവസായികളുമായി മോദി ഇന്ന് കൂടിക്കാഴ്ച നടത്തും.
ജപ്പാനിലെത്തിയ മോദി അവിടുത്തെ ഇന്ത്യൻ സമൂഹവുമായി സംവദിച്ചു. നമ്മുടെ സാംസ്കാരിക വേരുകൾ സംരക്ഷിക്കുന്നതിനൊപ്പം ജാപ്പനീസ് സമൂഹത്തിന് അർത്ഥവത്തായ സംഭാവനകൾ നൽകുന്നതിനുള്ള അവരുടെ പ്രതിബദ്ധത ശരിക്കും പ്രശംസനീയമാണ് എന്ന് മോദി സോഷ്യൽ മീഡിയയിൽ കുറിച്ചു.
നാളെ നരേന്ദ്ര മോദി ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ചൈനയിലേക്ക് പോകും. ദ്വിദിന ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ഉൾപ്പെടെ 20-ലധികം ലോകനേതാക്കൾ പങ്കെടുക്കും. ഒന്നിന് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായും മോദി ചർച്ച നടത്തുന്നുണ്ട്. ഏഴു വർഷത്തെ ഇടവേളക്കു ശേഷമാണ് മോദി ചൈന സന്ദർശിക്കുന്നത്. കഴിഞ്ഞ വർഷം കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിലാണ് ചൈനീസ് പ്രസിഡന്റും പ്രധാനമന്ത്രിയും അവസാനമായി ഒരുമിച്ചെത്തിയത്. ഉഭയകക്ഷി ബന്ധം വളർത്തുന്നതിന് നിർണായകമായിരിക്കും ഉച്ചകോടിക്കിടെയുള്ള ഇരുനേതാക്കളുടെയും കൂടിക്കാഴ്ച.
അമേരിക്കയുടെ താരിഫ് വിഷയത്തിൽ ബ്രിക്സ് രാജ്യങ്ങൾ എന്തു ചെയ്യണം എന്ന ആലോചന ഇന്ത്യയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കുമിടയിലും നടക്കുമെന്നാണ് വിലയിരുത്തലുകൾ. അതേസമയം അമേരിക്ക ചുമത്തിയ അധിക തീരുവ സാഹചര്യത്തിൽ മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കൂട്ടാനുള്ള തന്ത്രങ്ങളാണ് ഇന്ത്യ ആലോചിക്കുന്നത്. പ്രതിസന്ധി മറികടക്കാൻ വ്യവസായികളുമായി വാണിജ്യ മന്ത്രാലയം കൂടിയാലോചനകൾ തുടരുകയാണ്.