ദിബ്രുഗഢ്: ചൈന അതിർത്തിക്ക് സമീപം യഥാർഥ നിയന്ത്രണരേഖയ്ക്ക് (എൽഎസി) അടുത്ത് അസമിലെ ദേശീയ പാതയിൽ നിർമ്മിച്ച പ്രത്യേക വിമാനത്താവളത്തിൽ (Emergency Landing Facility – ELF) വിമാനമിറങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രം സൃഷ്ടിച്ചു. അസമിലെ ദിബ്രുഗഢ് ജില്ലയിലെ മൊറാനിൽ ദേശീയപാത 127ലായിരുന്നു പ്രധാനമന്ത്രിയെയും വഹിച്ച സി–130ജെ സൂപ്പർ ഹെർക്കുലീസ് വിമാനം ഇറങ്ങിയത്. എൽഎസിക്ക് 300 കി.മീക്ക് ഉള്ളിലാണ് ഈ ദേശീയപാത.
വടക്കുകിഴക്കൻ ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ ഹൈവേ റൺവേയാണിത്. ഏകദേശം 100 കോടി രൂപ ചെലവിൽ 4.2 കിലോമീറ്റർ നീളത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ യുദ്ധവിമാനങ്ങൾക്കും ചരക്ക് വിമാനങ്ങൾക്കും ഇറങ്ങാൻ സാധിക്കുന്ന ഈ സംവിധാനം അതിർത്തിയിലെ ഇന്ത്യയുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് റാഫേൽ, സുഖോയ്, തേജസ് തുടങ്ങിയ യുദ്ധവിമാനങ്ങൾ ഇവിടെ ആകാശപ്രകടനം നടത്തി.
യുദ്ധവിമാനങ്ങളും ഹെലിക്കോപ്റ്ററുകളും ഈ 4.2 കി.മീ നീളമുള്ള ഇഎൽഎഫിൽ ലാൻഡ് ചെയ്യുന്നതും ടേക്ക് ഓഫ് ചെയ്യുന്നതും മോദി കണ്ടു. സുഖോയ് ആണ് ഇഎൽഎഫിൽനിന്ന് ആദ്യം ടേക്ക് ഓഫ് നടത്തിയത്. പിന്നാലെ റഫാലും പറന്നുയർന്നു. പിന്നാലെ എഎൻ-32 ഹെലിക്കോപ്റ്ററും ലാൻഡ് ചെയ്‌ത് തൊട്ടുപിന്നാലെ ടേക്ക് ഓഫ് ചെയ്യുകയും ചെയ്തു. ഇതിനുശേഷം സുഖോയ്, റഫാൽ വിമാനങ്ങൾ ആകാശത്ത് പ്രകടനങ്ങൾ നടത്തി.
ദേശീയപാതയുടെ ഒരു ഭാഗം വിമാനങ്ങൾ ഇറങ്ങാനും പറക്കാനും കഴിയുന്ന രീതിയിൽ രൂപകൽപ്പന ചെയ്തതാണ് ഹൈവേ കം റൺവേ. ഇഎൽഎഫ് എന്നാൽ ഇലവേറ്റഡ് ലാൻഡിങ് ഫെസിലിറ്റി എന്നാണ്. ഉയർന്ന പ്ലാറ്റ്ഫോം പോലുള്ള ഘടനയിൽ നിർമിച്ച റൺവേ സംവിധാനമാണിത്. ദിബ്രുഗഢ് വിമാനത്താവളത്തിന് ബദലായി ഈ പാത ഉപയോഗിക്കാനാകും. ഛബുവ വ്യോമതാവളവും ഇനി ഉപയോഗിക്കാൻ കഴിയാതെ വന്നാൽ വടക്കുകിഴക്കൻ മേഖലയിലെ പ്രതിരോധത്തിന് ഇഎൽഎഫ് മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് വിമാനത്താവളത്തിന് പകരമല്ല, പക്ഷേ, അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന ഒരു ബായ്ക്കപ്പ് ലാൻഡിങ് സംവിധാനം ആണ്. യമുന എക്‌സ്‌പ്രസ്‌വേ (യുപി), രാജസ്‌ഥാൻ (എൻഎച്ച് 925), ആന്ധ്രാപ്രദേശ് (എൻഎച്ച് 16 – ബപത്ല) എന്നിവിടങ്ങളിൽ ദേശീയപാതകളിൽ റൺവേ സ്ട്രിപ്പുകൾ വികസിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, ബംഗാൾ, ഗുജറാത്ത്, ബിഹാർ, ഹരിയാന, തമിഴ്‌നാട്, പഞ്ചാബ് ഉൾപ്പെടെ രാജ്യത്തെ 28 ഇടങ്ങളിൽ ഇത്തരം ഇഎൽഎഫുകൾക്ക് സർക്കാർ പദ്ധതിയൊരുക്കുന്നുണ്ട്.


