നിയമസഭ തെരഞ്ഞെടുപ്പിന് പതിനൊന്ന് നാള്‍ മാത്രം ശേഷിക്കേ എന്‍ഡിഎ ക്യാമ്പിന് ആവേശമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ഇന്ന് പാലക്കാടും തൃശൂരും തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കും. കോയമ്പത്തൂരില്‍ നിന്നും ഹെലിക്കോപ്റ്റര്‍ മാര്‍ഗം ഉച്ചയ്ക്ക് 2.30ന് ശേഷം പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ മോദി പങ്കെടുക്കും. തുടര്‍ന്ന് തൃശൂരിലെത്തി റോഡ് ഷോയില്‍ പങ്കെടുക്കും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷയാണ് തൃശ്ശൂരില്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ മുതല്‍ തന്നെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ട്രയല്‍ ടണ്‍ അടക്കം എല്ലാ സുരക്ഷാ ക്രമീകരണങ്ങളും തൃശൂരില്‍ പൂര്‍ത്തിയായി. പത്മജാ വേണുഗോപാല്‍ അടക്കം ജില്ലയിലുള്ള എല്ലാ സ്ഥാനാര്‍ത്ഥികളും റോഡ് ഷോയില്‍ പങ്കെടുക്കും. ഇന്ന് നിശ്ചയിച്ചിട്ടുള്ള തൃശൂർ, പാലക്കാട് പരിപാടികൾക്ക് പുറമെ ഏപ്രിൽ നാലിനാണ് നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തുന്നത്. പാലാ മണ്ഡലത്തിൽ നടക്കുന്ന പൊതുയോഗത്തിലും തിരുവനന്തപുരത്തെ റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും.
കേന്ദ്രമന്ത്രി അമിത്ഷാ 31-ന് തിരുവനന്തപുരം ജില്ലയില്‍ തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കും. മോദിക്കും അമിത്ഷായ്ക്കും പുറമേ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍, കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, രാജ്നാഥ് സിങ്, എസ് ജയ്ശങ്കര്‍, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരും കേരളത്തിലെത്തുന്നുണ്ട്.
കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യുഡിഎഫിനായി പ്രചാരണം നടത്തും. സോണിയ ഗാന്ധിയുടെ അനാരോഗ്യത്തെ തുടര്‍ന്ന് മാര്‍ച്ച് 25ന് നിശ്ചയിച്ചിരുന്ന രാഹുലിന്റെ കേരള സന്ദര്‍ശനം റദ്ദാക്കിയിരുന്നു. പ്രിയങ്ക ഗാന്ധി എംപിയും യുഡിഎഫ് പ്രചരണ പരിപാടികളില്‍ പങ്കെടുക്കും.

