Mantis Partners Sydney
Tuesday, February 17, 2026
Mantis Partners Sydney
Home » പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ സന്ദർശിക്കുന്നു; ഈ മാസം 25 ന് മോദി ഇസ്രയേലിലെത്തുമെന്ന് നെതന്യാഹു
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ സന്ദർശിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ സന്ദർശിക്കുന്നു; ഈ മാസം 25 ന് മോദി ഇസ്രയേലിലെത്തുമെന്ന് നെതന്യാഹു

by Editor
Send your news and Advertisements

ന്യൂഡൽഹി: ഇസ്രയേൽ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്ദർശന തിയതി ഇതുവരെ ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ മാസം 25, 26 തീയതികളിലായി മോദി ഇസ്രയേലിലെത്തുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. സന്ദർശനവേളയിൽ ഇസ്രായേൽ പാർലമെന്‍റിനെ അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നാണ് വിവരം.

സന്ദർശനത്തിന് മുന്നോടിയായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യയെ പ്രശംസിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ശക്തവും തന്ത്രപരവുമായ സഖ്യമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. 1.5 ബില്യൺ ജനസംഖ്യയുള്ള ഇന്ത്യയിൽ ഇസ്രയേലിന് വലിയ സ്വീകാര്യതയുണ്ടെന്നും നെതന്യാഹു പറഞ്ഞു. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി നടത്തുന്ന രണ്ടാമത്തെ ഇസ്രായേൽ സന്ദർശനമാകും ഇത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം പശ്ചിമേഷ്യൻ സമാധാന ചർച്ചകളും സന്ദർശനത്തിൽ പ്രധാന വിഷയമാകുമെന്നാണ് കരുതപ്പെടുന്നത്. ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള സഖ്യം അതിശക്തമാണെന്നും മോദിയുടെ വരവിനെ ആവേശത്തോടെയാണ് രാജ്യം നോക്കിക്കാണുന്നതെന്നും നെതന്യാഹു വ്യക്തമാക്കി.

ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് മോഡി ഇസ്രയേൽ സന്ദർശിക്കുന്നത്. മൂന്നാം തവണ അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യ സന്ദർശനവും. ഇരു രാജ്യങ്ങളും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ നടക്കുന്നതായി ഇന്ത്യയിലെ ഇസ്രയേലി അംബാസഡർ റൂവൻ അസർ അടുത്തിടെ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയ്‌ക്കൊപ്പം മന്ത്രിമാരും വ്യവസായ പ്രമുഖരും ഉൾപ്പെടെയുള്ള ഉന്നതതല പ്രതിനിധി സംഘവും ഉണ്ടാകും. ഇന്ത്യയുടെ പ്രധാന പ്രതിരോധ പങ്കാളികളിൽ ഒന്നാണ് ഇസ്രയേൽ. മിസൈലുകൾ, ഡ്രോണുകൾ മുതൽ നിരീക്ഷണ, വ്യോമ പ്രതിരോധ പ്ലാറ്റ്ഫോമുകൾ വരെയുള്ള നിർണായക സംവിധാനങ്ങൾ ഇന്ത്യ ഇസ്രയേലിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.

എന്നാൽ പ്രധാമന്ത്രിയുടെ ഇസ്രയേൽ സന്ദർശനത്തിൽ പ്രതിഷേധവുമായി പാലസ്‌തീൻ അനുകൂല സംഘടനകൾ രംഗത്തെത്തി. മോമോദി ഇസ്രയേൽ സന്ദർശിക്കരുതെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഗാസ സമാധാന സമിതിയിൽ ചേരാനുള്ള ക്ഷണം നിരസിക്കണമെന്നും ഇന്ത്യൻ പീപ്പിൾ ഇൻ സോളിഡാരിറ്റി വിത്ത് പാലസ്‌തീൻ (ഐപിഎസ്‌പി) ആവശ്യപ്പെട്ടു.

You may also like

error: Content is protected !!