ന്യൂഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനയിലേക്ക്. രാജ്യാന്തര സഹകരണ കൂട്ടായ്‌മയായ ഷാങ്ഹായി കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയിൽ പങ്കെടുക്കുക എന്നതാണ് പ്രധാന ലക്ഷ്യം. 31, 1 തീയതികളിൽ ചൈനയിൽ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
ഓഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന് തിയതികളിൽ ടിയാൻജിൻ സിറ്റിയിലാണ് ഉച്ചകോടി. പ്രാദേശിക സുരക്ഷ, ഭീകരവാദം, വ്യാപാരം തുടങ്ങിയ വിഷയങ്ങളാകും എസ്.സി.ഒ ഉച്ചകോടിയിൽ ചർച്ചയാകുക. 2020 ലെ ഗാൽവൻ സംഘർഷത്തിന് ശേഷം ഇതാദ്യമായാണ് മോഡി ചൈന സന്ദർശിക്കുന്നത്. 2019-ൽ ആയിരുന്നു ഒടുവിൽ അദേഹം ചൈന സന്ദർശിച്ചത്. ബ്രിക്സ് രാജ്യങ്ങളോട് ഡോണൾഡ് ട്രംപ് നിലപാട് കടുപ്പിക്കുമ്പോഴാണ് ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ നരേന്ദ്ര മോദിയുടെ ഈ നീക്കം. ഡോളർ ആധിപത്യത്തെ വെല്ലുവിളിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് എസ്‌സിഒ. ഇന്ത്യ, ചൈന രാജ്യങ്ങൾക്കു പുറമെ റഷ്യയും എസ്‌സിഒയുടെ ഭാഗമാണ്.
ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻ പിങുമായും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായും അനൗദ്യോഗിക കൂടിക്കാഴ്‌ച നടത്തിയേക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ ഒക്ടോബറിൽ കസാനിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ മോഡിയും ഷിയും കൂടിക്കാഴ്ച നടത്തിയിരുന്നു.
എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് മുൻപ്, പ്രധാനമന്ത്രി ഓഗസ്റ്റ് 30ന് ജപ്പാൻ സന്ദർശിക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയ്‌ക്കോപ്പം ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും. പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലും ചൈന സന്ദർശിച്ചിരുന്നു.