Monday, July 21, 2025
Mantis Partners Sydney
Home » ഒരു കാലഘട്ടത്തിന്റെ അസ്തമയമാണു വി എസിന്റെ വിയോഗത്തോടെ ഉണ്ടാവുന്നത് എന്ന് അനുശോചന സന്ദേശത്തിൽ മുഖ്യമന്ത്രി
ഒരു കാലഘട്ടത്തിന്റെ അസ്തമയമാണു വി എസിന്റെ വിയോഗത്തോടെ ഉണ്ടാവുന്നത് എന്ന് അനുശോചന സന്ദേശത്തിൽ മുഖ്യമന്ത്രി

ഒരു കാലഘട്ടത്തിന്റെ അസ്തമയമാണു വി എസിന്റെ വിയോഗത്തോടെ ഉണ്ടാവുന്നത് എന്ന് അനുശോചന സന്ദേശത്തിൽ മുഖ്യമന്ത്രി

by Editor

കേരളത്തിന്റെ പൊതുവിലും ഇവിടുത്തെ വിപ്ലവ പ്രസ്ഥാനത്തിന്റെ പ്രത്യേകിച്ചും ചരിത്രത്തിന്റെ ശ്രദ്ധേയമായ പരിച്ഛേദമാണു സഖാവ് വി എസിന്റെ ജീവിതം.

ഉജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടനിലപാടുകളുടെയും പ്രതീകമായിരുന്നു സഖാവ് വി എസ് അച്യുതാനന്ദൻ. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്തുകൊണ്ടു ജനങ്ങൾക്കൊപ്പം നിന്ന അദ്ദേഹത്തിന്റെ നൂറ്റാണ്ടുകടന്ന ജീവിതം കേരളത്തിന്റെ ആധുനിക ചരിത്രവുമായി വേർപെടുത്താനാവാത്ത വിധത്തിൽ കലർന്നുനിൽക്കുന്നു. കേരള സർക്കാരിനെയും സി പി ഐ എമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും പ്രതിപക്ഷത്തെയും വിവിധ ഘട്ടങ്ങളിൽ നയിച്ച വി എസിന്റെ സംഭാവനകൾ സമാനതകളില്ലാത്തവയാണ്. കേരളത്തിന്റെ രാഷ്ട്രീയ ഈടുവെയ്പ്പിന്റെ ഭാഗമാണവ എന്നു ചരിത്രം രേഖപ്പെടുത്തും.

ഒരു കാലഘട്ടത്തിന്റെ അസ്തമയമാണു വി എസിന്റെ വിയോഗത്തോടെ ഉണ്ടാവുന്നത്. പാർട്ടിക്കും വിപ്ലവ പ്രസ്ഥാനത്തിനും ജനാധിപത്യ പുരോഗമന പ്രസ്ഥാനത്തിനാകെയും കനത്ത നഷ്ടമാണ് ഇതു മൂലമുണ്ടായിട്ടുള്ളത്. കൂട്ടായ നേതൃത്വത്തിലൂടെയേ ആ നഷ്ടം പാർട്ടിക്കു നികത്താനാവൂ. ദീർഘകാലം ഒരുമിച്ചു പ്രവർത്തിച്ചതിന്റെ ഒരുപാട് സ്മരണകൾ മനസ്സിൽ ഇരമ്പുന്ന ഘട്ടമാണിത്.

അസാമാന്യമായ ഊർജ്ജവും അതിജീവന ശക്തിയും കൊണ്ടു വിപ്ലവ പ്രസ്ഥാനത്തിൽ അടയാളപ്പെടുത്തപ്പെട്ട സംഭവബഹുലമായ ജീവിതമായിരുന്നു വി എസിന്റേത്. കേരളത്തിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ചരിത്രത്തിലെ സമരഭരിതമായ അദ്ധ്യായമാണ് സ. വി എസ് അച്യുതാനന്ദന്റെ ജീവിതം. തൊഴിലാളി – കർഷകമുന്നേറ്റങ്ങൾ സംഘടിപ്പിച്ചു പ്രസ്ഥാനത്തിനൊപ്പം വളർന്ന സഖാവിന്റെ രാഷ്ട്രീയജീവിതം, ജന്മിത്വവും ജാതീയതയും കൊടികുത്തി വാണിരുന്ന ഇരുണ്ട കാലത്തെ തിരുത്താനുള്ള സമരങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്. എളിയ തുടക്കത്തിൽ നിന്ന് കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹം എത്തിയത് കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ വളർച്ചയുടെ പടവുകളിലൂടെയാണ്.

1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന 32 പേരിൽ അവശേഷിച്ചിരുന്ന അവസാനത്തെ കണ്ണിയാണ് വി എസിന്റെ വിയോഗത്തിലൂടെ അറ്റുപോയത്. ദേശീയ സ്വാതന്ത്ര്യസമരഘട്ടത്തെ വർത്തമാനകാല രാഷ്ട്രീയവുമായി ഇണക്കിനിർത്തിയ മൂല്യവത്തായ ഒരു രാഷ്ട്രീയ സാന്നിദ്ധ്യമാണ് അസ്തമിച്ചുപോയത്.

കമ്മ്യൂണിസ്റ്റ് നേതാവെന്ന നിലയിലും നിയമസഭാ സാമാജികനെന്ന നിലയിലും പ്രതിപക്ഷനേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും സ. വി എസ് നൽകിയ സംഭാവനകൾ നിരവധിയാണ്. പുന്നപ്ര-വയലാറുമായി പര്യായപ്പെട്ടു നിൽക്കുന്ന സഖാവ്, യാതനയുടെയും സഹനത്തിന്റെയും അതിജീവനത്തിന്റെയും ജീവിതപശ്ചാത്തലങ്ങൾ കടന്നാണ് വളർന്നുവന്നത്.

ഒരു തൊഴിലാളി എന്ന നിലയിൽ നിന്ന് തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവ് എന്ന നിലയിലേക്കു വി എസ് വളരെ വേഗമുയർന്നു. പാർട്ടി വി എസിനെയും വി എസ് പാർട്ടിയെയും വളർത്തി. 1940 ൽ, 17 വയസ്സുള്ളപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായ അദ്ദേഹം അതിദീർഘമായ 85 വർഷമാണ് പാർട്ടി അംഗമായി തുടർന്നത്. കുട്ടനാട്ടിലേക്കുപോയ സഖാവ് വി എസ് കർഷകത്തൊഴിലാളികൾ നേരിട്ട കൂലി അടിമത്തത്തിനും ജാതി അടിമത്തത്തിനും അറുതിവരുത്താനുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. കുട്ടനാട്ടിലെ ഗ്രാമാന്തരങ്ങളിൽ നടന്നുചെന്ന് കർഷകത്തൊഴിലാളികളുടെ യോഗം വിളിച്ചുചേർക്കുകയും, അവരെ സംഘടിതശക്തിയായി വളർത്തുകയും ചെയ്തു. ഭൂപ്രമാണിമാരെയും പോലീസിനെയും വെല്ലുവിളിച്ചു കൊണ്ടായിരുന്നു അത്.

‘തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ’ എന്ന സംഘടനയുടെ രൂപീകരണത്തിലും പിന്നീട് അത് കേരളത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനങ്ങളിലൊന്നായ ‘കേരള സംസ്ഥാന കർഷകത്തൊഴിലാളി യൂണിയൻ’ ആയി വളർന്നതിലും വി എസ് വഹിച്ചത് പകരം വെക്കാനില്ലാത്ത പങ്കാണ്. വി എസ്സിന്റെ നേതൃത്വത്തിൽ നടന്ന എണ്ണമറ്റ സമരങ്ങൾ കുട്ടനാടിന്റെ സാമൂഹികചരിത്രം തന്നെ മാറ്റിമറിച്ചു. മെച്ചപ്പെട്ട കൂലിക്കും, ചാപ്പ സമ്പ്രദായം നിർത്തലാക്കുന്നതിനും, ജോലി സ്ഥിരതയ്ക്കും, മിച്ചഭൂമി പിടിച്ചെടുക്കുന്നതിനും വേണ്ടി നടന്ന സമരങ്ങളുടെ മുൻനിരയിൽ അദ്ദേഹം ഉണ്ടായിരുന്നു. പാടത്തെ വരമ്പുകളിലൂടെ കിലോമീറ്ററുകളോളം നടന്ന്, തൊഴിലാളികളുടെ കുടിലുകളിൽ കയറിയിറങ്ങി, അവരിൽ ആത്മവിശ്വാസവും സംഘബോധവും നിറയ്ക്കാൻ അദ്ദേഹം നടത്തിയ പ്രയത്‌നങ്ങൾ അവരെയാകെ പ്രസ്ഥാനത്തിലേക്ക് ആകർഷിച്ചു.

1948 ൽ പാർട്ടി നിരോധിക്കപ്പെട്ടതിനെ തുടർന്ന് അറസ്റ്റിലായി. 1952 ൽ പാർട്ടിയുടെ ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയിൽ ഐക്യകേരളത്തിനു വേണ്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയിരുന്ന പ്രക്ഷോഭങ്ങളിൽ സജീവമായി.1957 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തുന്ന സമയത്ത് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയും, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. 1959 ൽ പാർട്ടി ദേശീയ കൗൺസിൽ അംഗമായി. മിച്ചഭൂമി സമരമടക്കം എത്രയോ ധീരസമരങ്ങൾക്കു നേതൃത്വം നൽകി വി എസ്.

വിവിധ കാലഘട്ടങ്ങളിലായി അഞ്ചര വർഷത്തിലേറെ തടവുജീവിതം അനുഭവിച്ചു. 1964 മുതൽ സി പി ഐ (എം) കേന്ദ്ര കമ്മിറ്റി അംഗമാണ്. 1985 ൽ പോളിറ്റ്ബ്യൂറോ അംഗമായി. 1980 മുതൽ 92 വരെ സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയായും, 1996 മുതൽ 2000 വരെ എൽ ഡി എഫ് കൺവീനറായും പ്രവർത്തിച്ചു. 2015 ൽ കൊൽക്കത്തയിൽ നടന്ന 21-ാം പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് പ്രായാധിക്യത്തെ തുടർന്ന് ഒഴിവായി. പിന്നീട് കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായി. 2001 മുതൽ 2006 വരെ പ്രതിപക്ഷ നേതാവ്. 2006 മുതൽ 2011 വരെ മുഖ്യമന്ത്രി. 2011 മുതൽ 2016 വരെ വീണ്ടും പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ തുടർന്നു. വഹിച്ച സ്ഥാനങ്ങളിലെല്ലാം സ്വന്തമായ മുദ്രകൾ ചാർത്തിയ നേതാവാണ് അദ്ദേഹം.

കർഷകത്തൊഴിലാളികളുടെയും കയർത്തൊഴിലാളികളുടെയും ജീവിതദൈന്യം നേരിട്ടറിഞ്ഞിട്ടുള്ള വി എസ്, തന്റെ അനുഭവങ്ങളെ കരുത്താക്കി മാറ്റി. ചൂഷിതരുടെ വിമോചനത്തിനായി നിലകൊണ്ട സഖാവ്, കർഷകത്തൊഴിലാളി പ്രസ്ഥാനത്തെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ആ ദാർഢ്യത്തോടെ മുന്നോട്ടുനയിച്ചു. പാർട്ടിയിലെ പിളർപ്പിനെത്തുടർന്നുള്ള ഘട്ടത്തിൽ റിവിഷനിസത്തിനെതിരെയും പിന്നീടൊരു ഘട്ടത്തിൽ അതിസാഹസിക തീവ്രവാദത്തിനെതിരെയും പൊരുതി പാർട്ടിയെ ശരിയായ നയത്തിൽ ഉറപ്പിച്ചു നിർത്തുന്നതിൽ വലിയ പങ്കുവഹിച്ചു.

കേവല രാഷ്ട്രീയത്തിനപ്പുറത്തേക്കുപോയി പരിസ്ഥിതി, മനുഷ്യാവകാശം, സ്ത്രീസമത്വം തുടങ്ങിയ വിവിധങ്ങളായ മേഖലകളിൽ വി എസ് വ്യാപരിച്ചു. ആ പ്രക്രിയയിലാണ് പാർട്ടി നേതാവായിരിക്കെത്തന്നെ പൊതുസ്വീകാര്യതയിലേക്ക് വി എസ് ഉയർന്നത്. മുഖ്യധാരാ രാഷ്ട്രീയ വിഷയങ്ങളിലേക്കു സാമൂഹിക പ്രാധാന്യമുള്ള ഇതര കാര്യങ്ങളെക്കൂടി കൊണ്ടുവരുന്നതിൽ വലിയ പങ്കാണു വി എസ് വഹിച്ചത്.

നിയമസഭാ സമാജികൻ എന്ന നിലയിലും അനന്യമായ സംഭാവനകളാണ് സ. വി എസ് നൽകിയത്. 1967, 70 എന്നീ വർഷങ്ങളിൽ അമ്പലപ്പുഴയിൽ നിന്നും, 1991 ൽ മാരാരിക്കുളത്ത് നിന്നും നിയമസഭാംഗമായി. 2001 മുതൽ 2021 വരെ പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തിൽ നിന്ന് എം എൽ എയായി. 2016 മുതൽ 2021 വരെ കേരള ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനായും പ്രവർത്തിച്ചു. മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ, പാർട്ടിയും മുന്നണിയും ആവിഷ്‌ക്കരിച്ച നയങ്ങൾ നടപ്പാക്കിക്കൊണ്ട് കേരളത്തെ മുന്നോട്ടു നയിച്ചു. പ്രതിസന്ധികളിൽ ഉലയാതെ സർക്കാരിനെ നയിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നിരവധി ജനകീയ പ്രശ്‌നങ്ങൾ സഭയിൽ ഉന്നയിച്ചു. നിയമനിർമ്മാണ കാര്യങ്ങളിലും തന്റേതായ സംഭാവനകൾ നൽകി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ തനതായ രീതിയിൽ വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് വി എസ്.

സഖാവ് വി എസിന്റെ നിര്യാണം പാർട്ടിയേയും നാടിനേയും സംബന്ധിച്ചിടത്തോളം നികത്താനാകാത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത് എന്നും പിണറായി വിജയൻ പറഞ്ഞു.

വി എസ് അച്യുതാനന്ദൻ്റെ സംസ്‌കാരം ബുധനാഴ്‌ച; വി എസിനെ അനുസ്മരിച്ച് നേതാക്കൾ

Send your news and Advertisements

You may also like

error: Content is protected !!