കൊച്ചി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) കേന്ദ്രങ്ങളിൽ എൻഐഎ റെയ്‌ഡ്. സംസ്ഥാന വ്യാപകമായി 20 കേന്ദ്രങ്ങളിലാണ് റെയ്‌ഡ് നടന്നത്. പിഎഫ്ഐ തീവ്രവാദ കേസിലാണ് നടപടി. എറണാകുളം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് പ്രധാനമായി പരിശോധന നടന്നത്. എറണാകുളത്ത് മാത്രം എട്ടോളം സ്ഥലങ്ങളിൽ പരിശോധന നടന്നു.
ഒളിവിൽ കഴിയുന്ന ആറ് പ്രധാന പോപുലർ ഫ്രണ്ട് പ്രവർത്തകരെ കണ്ടെത്തുന്നതിനായാണ് പരിശോധനയെന്നാണ് സൂചന. ബുധനാഴ്‌ച രാവിലെ ആറിന് ആയിരുന്നു തിരച്ചിൽ ആരംഭിച്ചത്. പരിശോധന നാല് മണിക്കൂറിലധികം നീണ്ടതായും റിപ്പോർട്ടുകൾ പറയുന്നു. നിരോധിത സംഘടനയുമായി ബന്ധപ്പെട്ട 2022 ൽ രജിസ്റ്റർ ചെയ്‌ത കേസിലാണ് നടപടി. പരിശോധനയിൽ സുപ്രധാന തെളിവുകൾ കണ്ടെത്തിയതായും എൻഐഎ അറിയിച്ചു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിലവിൽ നിരോധിത സംഘടനയാണെങ്കിലും അതിൻ്റെ പ്രവർത്തനം തുടരുന്നെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരം സംഭവ വികാസങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിക്കുകയും സംസ്ഥാനത്ത് പ്രവർത്തിക്കുന്ന രഹസ്യ ശൃംഖലകളെ കണ്ടെത്താൻ പ്രവർത്തിച്ച് വരികയാണെന്നും എൻഐഎ വൃത്തങ്ങൾ പറഞ്ഞു.
പ്രൊഫസർ ടി.ജെ ജോസഫിനെതിരായ കൈവെട്ട് കേസും നിലവിൽ എൻഐഎ അന്വേഷിക്കുന്നുണ്ട്. കേസിലെ ഒന്നാം പ്രതിയായ സവാദ് അടുത്തിടെ അറസ്റ്റിലായിരുന്നു. തനിക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ കേരളത്തിലെയും തമിഴ്‌നാട്ടിലെയും പോപ്പുലർ ഫ്രണ്ട് അനുകൂലികളുടെ വിവരങ്ങൾ ഇയാൾ വെളിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.



