Wednesday, October 15, 2025
Mantis Partners Sydney
Home » എൽഡിഎഫ് വീണ്ടും അധികാരത്തിലേറുമെന്ന വിവാദ ഫോൺ സംഭാഷണത്തിന് പിന്നാലെ ഡിസിസി പ്രസിഡൻ്റ് പാലോട് രവി രാജിവെച്ചു.
എൽഡിഎഫ് വീണ്ടും അധികാരത്തിലേറുമെന്ന വിവാദ ഫോൺ സംഭാഷണത്തിന് പിന്നാലെ ഡിസിസി പ്രസിഡൻ്റ് പാലോട് രവി രാജിവെച്ചു.

എൽഡിഎഫ് വീണ്ടും അധികാരത്തിലേറുമെന്ന വിവാദ ഫോൺ സംഭാഷണത്തിന് പിന്നാലെ ഡിസിസി പ്രസിഡൻ്റ് പാലോട് രവി രാജിവെച്ചു.

by Editor

തിരുവനന്തപുരം: വിവാദ ഫോൺ സംഭാഷണത്തിന് പിന്നാലെ പാലോട് രവി രാജിവെച്ചു. പാർട്ടി നിർദ്ദേശപ്രകാരമാണ് രവിയുടെ രാജിയെന്നാണ് വിവരം. ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നുമാണ് അദ്ദേഹം രാജിവെച്ചത്. പാലോട് രവി സമര്‍പ്പിച്ച രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനാല്‍ വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും സണ്ണി ജോസഫ് അറിയിച്ചു. ഫോൺ സംഭാഷണം ചോർത്തിയതിനാണ് ജലീലിനെ പുറത്താക്കിയത്.

നിലവിലെ സ്ഥിതിയിൽ പോയാൽ സംസ്ഥാനത്ത് വീണ്ടും എൽഡിഎഫ് അധികാരത്തിലേറുമെന്ന പാലോട് രവിയുടെ ഫോൺ സംഭാഷണമാണ് പുറത്തായത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ 60 മണ്ഡലങ്ങളിൽ ബിജെപി കടന്നുകയറ്റം നടത്തുമെന്നും അദ്ദേഹം സംഭാഷണത്തിനിടെ പറഞ്ഞിരുന്നു. ഫോൺ സംഭാഷണം പുറത്തുവന്നതിൽ വിശദീകരണവുമായി പാലോട് രവി രംഗത്ത് വന്നിരുന്നു. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പോകണമെന്ന സന്ദേശമാണ് നൽകിയതെന്നും മണ്ഡലങ്ങളിൽ ജാഗ്രത വേണമെന്നാണ് പറഞ്ഞതെന്നും പാലോട് രവി മാധ്യമങ്ങളോട് പറഞ്ഞു. അതിന് പിന്നാലെയാണ് രാജി. പാലോട് രവിയുടെ പരാമർശത്തിനെതിരെ വി.ഡി സതീശൻ ഉൾപ്പടെയുള്ള നേതാക്കൾ രംഗത്ത് വന്നിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. തദ്ദേശതെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകും. മുസ്ലിം വിഭാഗം മറ്റ് പാർട്ടികളിലേക്കും സിപിഎമ്മിലേക്കും പോകും. കോൺഗ്രസ് എടുക്കാച്ചരക്കാകുമെന്നും പറയുന്ന ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്.

പാലോട് രവിയുടെ ഫോൺ സംഭാഷണം:
പഞ്ചായത്ത് തരിഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. തദ്ദേശ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകും. മുസ്ലിം വിഭാഗം മറ്റ് പാർട്ടികളിലേക്കും സിപിഎമ്മിലേക്കും പോകും. കോൺഗ്രസ് എടുക്കാച്ചരക്കാകും. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൂന്നാമത് പോകും. നിയമസഭയിൽ താഴെ വീഴും. 60 നിയമസഭാ മണ്ഡലത്തിൽ ബിജെപി എന്താണ് ചെയ്യാൻ പോകുന്നതെന്ന് നീ നോക്കിക്കോ. പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് പിടിച്ചത് പോലെ കാശ് കൊടുത്ത് വോട്ട് പിടിക്കും. കോൺഗ്രസ് പാർട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാർക്‌സിസ്റ്റ് പാർട്ടി ഭരണം തുടരും. ഇതാണ് കേരളത്തിൽ സംഭവിക്കാൻ പോകുന്നത്. ഇതോടെ ഈ പാർട്ടിയുടെ അധോഗതിയായിരിക്കും. മുസ്ലിം സമുദായങ്ങൾ വേറെ പാർട്ടിയിലേക്കും കുറച്ച് പേർ മാർക്സ‌ിസ്റ്റ് പാർട്ടിയിലേക്കും പോകും.

കോൺഗ്രസിലുണ്ടെന്ന് പറയുന്നവർ ബിജെപിയിലേക്കും മറ്റേതെങ്കിലും പാർട്ടിയിലേക്കും പോകും. പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പോടെ ഇതൊരു എടുക്കാചരക്കായി മാറും. നാട്ടിലിറങ്ങി ജനങ്ങളോട് സംസാരിക്കാൻ 10 ശതമാനം സ്ഥലത്തെ നമുക്ക് ആളുള്ളൂ. ആത്മാർത്ഥമായി ഒറ്റൊരാൾക്കും പരസ്‌പര ബന്ധമോ സ്നേഹമോ ഇല്ല. എങ്ങനെ കാല് വാരാമോ അത് ചെയ്യും. ഛിന്നഭിന്നമാക്കും’.

Send your news and Advertisements

You may also like

error: Content is protected !!