ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രിയേക്കാള്‍ പ്രധാന്യത്തില്‍ ലോക രാജ്യങ്ങളുമായി കൂടിക്കാഴ്ച്ചകളും മറ്റും നടത്തുന്ന പാക് സൈനിക മേധാവിയായ അസീം മുനീറിനു രാജ്യത്തെ കര, നാവിക, വ്യോമ സേനകളുടെ സർവാധികാരം നൽകുന്ന ഭരണഘടനാ ഭേദഗതിയുമായി പാകിസ്ഥാൻ. ഈ ഭേദഗതിയിലൂടെ അസിം മൂനീറിന് ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സ് എന്ന ഉന്നത പദവി ലഭിക്കും.
പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിൻ്റെയും പ്രസിഡൻ്റ് ആസിഫ് അലി സർദാരിയുടെയും നേതൃത്വത്തിലാണ് ഈ മാറ്റങ്ങൾ നടപ്പാക്കുന്നതെന്നാണ് മാധ്യമങ്ങൾക്ക് ലഭിച്ച ഭരണഘടനാ ഭേദഗതിയുടെ കരട് രേഖ വ്യക്തമാക്കുന്നത്. ഫെഡറൽ കാബിനറ്റിന്റെ അംഗീകാരം ലഭിച്ച ഉടൻ 27-ാം ഭരണഘടനാ ഭേദഗഗതി ബിൽ ശനിയാഴ്‌ച സെനറ്റിൽ അവതരിപ്പിക്കുകയും നിയമ-നീതി സ്റ്റാൻഡിങ് കമ്മിറ്റികളുടെ പുനപരിശോധനയ്ക്ക് വിടുകയും ചെയ്തു. പാക് നിയമമന്ത്രി അസം നസീർ തരർ അവതരിപ്പിച്ച ബിൽ, ഫെഡറൽ ഭരണഘടനാ കോടതിയുടെ രൂപീകരണം, ഹൈക്കോടതി ജഡ്‌ജിമാരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, പ്രൊവിൻഷ്യൽ കാബിനറ്റുകളുടെ പരിധി മാറ്റം, സൈനിക നേതൃത്വത്തിൻ്റെ പുനസംഘടന തുടങ്ങിയ സമഗ്രമായ ഭരണഘടനാ മാറ്റങ്ങൾ നിർദേശിക്കുന്നുണ്ടെന്നാണ് സൂചന.
സായുധ സേനയുടെ നിയന്ത്രണവും അധികാരവും ഫെഡറൽ സർക്കാരിനായിരിക്കും എന്ന് നിലവിൽ പറയുന്ന ആർട്ടിക്കിൾ 243 ലെ നിർദ്ദിഷ്‌ട മാറ്റങ്ങൾ വിശദീകരിച്ചുകൊണ്ട്, അധികാര ഘടനകളും നിയമനങ്ങളും പുനർ നിർവചിക്കാൻ പുതിയ വ്യവസ്ഥകൾ ചേർക്കുന്നുണ്ടെന്ന് അസം നസീർ പറഞ്ഞു.
ഭേദഗതി പ്രകാരം, സൈനിക മേധാവി ഒരേസമയം സംയുക്ത സേനാ മേധാവി ആയും പ്രവർത്തിക്കും. അതോടെ മൂന്ന് സൈനിക വിഭാഗങ്ങളുടെയും നേരിട്ടുള്ള അധികാരം സൈനിക മേധാവിയിൽ നിക്ഷിപ്തമാകും.
സ്ഥാനപരമായി നിലവിലുള്ള ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി (സിജെസിഎസ്സി) ചെയര്‍മാന്‍ പദവി നിര്‍ത്തലാക്കാനും ബില്‍ ലക്ഷ്യമിടുന്നു. നിലവിലെ ചെയര്‍മാന്റെ കാലാവധി അവസാനിക്കുന്ന 2025 നവംബര്‍ 27 മുതല്‍ ഈ സ്ഥാനം ഇല്ലാതാകും. പുതിയ നിയമനം ഉണ്ടാകില്ലെന്ന് നിയമമന്ത്രി വ്യക്തമാക്കി. സംയുക്ത സേനാമേധാവിയുടെ ശുപാര്‍ശ പ്രകാരം പ്രധാനമന്ത്രി നാഷണല്‍ സ്ട്രാറ്റജിക് കമാന്‍ഡിന്റെ കമാന്‍ഡറെ നിയമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ പാക്കിസ്ഥാന്റെ ആണവശേഷിയുടെ നിയന്ത്രണം സൈന്യത്തിന് നല്‍കും. ജനറല്‍ അസിം മുനീറിന് ഫീല്‍ഡ് മാര്‍ഷല്‍ പദവി ഔദ്യോഗികമായി നല്‍കുന്നതിനുള്ള ഒരു വ്യവസ്ഥയും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പദവിയെ ഇംപീച്ച് ചെയ്യാനോ പിന്‍വലിക്കാനോ ഉള്ള അധികാരം പ്രധാനമന്ത്രിക്കല്ല, പാര്‍ലമെന്റിനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് സൈനിക കമാന്‍ഡിന്റെ ഭരണഘടനാ അടിത്തറ ശക്തിപ്പെടുത്താനുള്ള നീക്കം പാക്കിസ്ഥാന്‍ നടത്തുന്നത്. ഇന്ത്യ-പാക്ക് സംഘര്‍ഷങ്ങളില്‍ നിന്നുള്ള ‘പാഠങ്ങള്‍’ ഉള്‍ക്കൊണ്ടാണ് ഭരണഘടനാ ഭേദഗതി എന്ന് ബില്‍ അവതരണത്തിനിടെ തരാര്‍ പറഞ്ഞു. ഭേദഗതിയിലൂടെ പാക്കിസ്ഥാന്‍ സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ അധികാരം സൈന്യത്തിന് കൈവരുമെന്നാണ് വിമര്‍ശനം. കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ സംയുക്ത അധികാരം ലഭിക്കുന്നതോടെ പാക്കിസ്ഥാൻ ഒരു സൈനിക സര്‍വാധികാര രാജ്യമായിമാറുമെന്നാണ് വിലയിരുത്തല്‍. അതേസമയം പട്ടാള അട്ടിമറികള്‍ പതിവായ പാക്കിസ്ഥാനില് ഇത് മറ്റൊരു അട്ടിമറിക്ക് വഴിവെക്കുമോ എന്ന ആശങ്കയും ശക്തമാണ്.



