ഇസ്ലമാബാദ്: ഖൈബർ പഖ്തൂൺഖ്വായിൽ പാക് സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച്ച പുലർച്ചെ രണ്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. ടിറാ താഴ്വരയിലെ മത്രെ ദാരാ ഗ്രാമം ലക്ഷ്യമിട്ട് എട്ട് ബോംബുകളാണ് വ്യോമസേന വർഷിച്ചത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സാധാരണക്കാരാണ് കൊല്ലപ്പെട്ടതിൽ അധികവും.
പ്രദേശത്ത് ഒളിച്ചിരിക്കുകയായിരുന്ന തഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) പ്രവർത്തകരെ ലക്ഷ്യം വച്ചായിരുന്നു വ്യോമസേന ആക്രമണം നടത്തിയതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മരണപ്പെട്ടവരെല്ലാം സാധാരണക്കാരാണ്.
അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പ്രവിശ്യയാണ് ഖൈബർ പഖ്‌തുൻഖ്വ. അടുത്തകാലത്തായി നിരവധി ഭീകരവിരുദ്ധ ഓപ്പറേഷനുകൾ ഇവിടെ നടന്നിരുന്നു. സെപ്റ്റംബർ 13, 14 തിയതികളിൽ ഖൈബർ പഖ്തുൻഖ്വയിൽ നടന്ന രണ്ട് വ്യത്യസ്‌ത ഏറ്റുമുട്ടലുകളിലായി 31 ടിടിപി തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. ദേരാ ഇസ്‌മായിൽ ഖാൻ ജില്ലയിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ ഏഴ് തീവ്രവാദികളെ വധിച്ചതായി പാക് സൈന്യം അറിയിച്ചു. ഇവരിൽ മൂന്നുപേർ അഫ്‌ഗാൻ പൗരന്മാരും രണ്ടുപേർ ചാവേറുകളുമായിരുന്നുവെന്ന് സൈന്യം വ്യക്തമാക്കി.



