ഇസ്‌ലാമാബാദ്: ഇന്ത്യ-ട്രംപ് ബന്ധം ഉലയുന്നതിനിടെ പാക്കിസ്ഥാൻ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ വീണ്ടും അമേരിക്കയിലേക്ക്. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അസിം മുനീര്‍ അമേരിക്ക സന്ദര്‍ശനം നടത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിന്റെ സൂചനയാണ് സന്ദര്‍ശനമെന്നാണ് വിലയിരുത്തല്‍. കയറ്റുമതി തീരുവ സംബന്ധിച്ച് ഇന്ത്യയും അമേരിക്കയും തമ്മില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് പാക് സൈനിക മേധാവിയുടെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.
യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ മൈക്കിള്‍ കുറില്ലയുടെ യാത്രയയപ്പ് ചടങ്ങില്‍ മുനീര്‍ പങ്കെടുക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ മാസം അവസാനമാണ് കുറില്ല വിരമിക്കുന്നത്. പാക്കിസ്ഥാനെ ഭീകരവിരുദ്ധ പോരാട്ടത്തിലെ പങ്കാളിയെന്ന് വിശേഷിപ്പിച്ചയാളാണ് മൈക്കിള്‍ കുറില്ല. ‘ഭീകരവിരുദ്ധ ലോകത്ത് പാക്കിസ്ഥാന്‍ അസാധാരണ പങ്കാളിയാണ്. അതുകൊണ്ട് നമുക്ക് പാക്കിസ്ഥാനുമായും ഇന്ത്യയുമായും ബന്ധം ഉണ്ടായിരിക്കണം’ എന്നാണ് അന്ന് കുറില്ല പറഞ്ഞത്. പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ലോകത്ത് ഭീകരത വളര്‍ത്തുന്നതില്‍ പാക്കിസ്ഥാന്റെ പങ്ക് തുറന്നുകാട്ടാനായി ഇന്ത്യ ലോകരാജ്യങ്ങളിലേക്ക് പ്രതിനിധികളെ അയച്ച സമയത്തായിരുന്നു കുറില്ലയുടെ പാക്കിസ്ഥാന്‍ അനുകൂല പ്രസ്താവന. ജൂലൈയില്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച മൈക്കിള്‍ കുറില്ലയ്ക്ക് പാക് പരമോന്നത സിവിലിയന്‍ അവാര്‍ഡായ നിഷാന്‍-ഇ-ഇംതിയാസ് നല്‍കി ആദരിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന് ആഴ്ച്ചകള്‍ക്കുളളില്‍ അസിം മുനിര്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു.
അടുത്തിടെ പാക്കിസ്ഥാനുമായി യുഎസ് വ്യാപാര കരാറിലേര്‍പ്പെടുകയും ചെയ്തിരുന്നു. പാക്കിസ്ഥാന് മുന്‍ഗണനാ താരിഫ് നിരക്ക് വാഗ്ദാനം ചെയ്യുകയും രാജ്യത്തെ എണ്ണശേഖരം പര്യവേക്ഷണം ചെയ്യുന്നതിനുള്ള കരാറും ട്രംപ് പ്രഖ്യാപിക്കുകയുണ്ടായി. അസിം മുനിര്‍ ജൂണിലാണ് ഇതിന് മുമ്പ് യുഎസിലെത്തിയത്. ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഇത്. അന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ അദ്ദേഹത്തിന് സ്വീകരണമൊരുക്കുകയും ചെയ്തു. ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 നിരപരാധികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിന് ശേഷമാണ് ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടായത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിർത്തലിന് താൻ മധ്യസ്ഥത വഹിച്ചുവെന്ന ട്രംപിൻ്റെ ആവർത്തിച്ചുള്ള അവകാശവാദം കേന്ദ്ര സർക്കാർ തള്ളിയിരുന്നു.