കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച ഒരാൾ കൂടി മരിച്ചു. കഴിഞ്ഞ ദിവസമാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൃശൂർ ചാവക്കാട് സ്വദേശി 59 കാരനായ റഹീം ആണ് രോഗം സ്ഥിരീകരിച്ച ദിവസം തന്നെ മരിച്ചത്. വ്യാഴാഴ്ച അർധരാത്രിയോടെ അബോധാസ്ഥയിലാണ് റഹീമിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. സംസ്ഥാനത്ത് ഈ വർഷം മാത്രം 18 പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. 66 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചതായി ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ മാസം 19 രോഗികളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഏഴ് പേർ മരിച്ചു.
മൂന്ന് കുട്ടികളടക്കം എട്ട് പേർ മെഡിക്കൽ കോളജിൽ ചികിത്സയിൽ ഉണ്ട്. ഒരാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിൽ കഴിയുകയാണ്. നെഗ്ലേറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം അഥവാ അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാകുന്നത്. ഈ അമീബകൾ നമ്മുടെ ചുറ്റും ധാരാളം ഉണ്ട്. ഇവ വെള്ളത്തിലെ ബാക്‌ടീരിയകളെയും മറ്റും ആഹാരമാക്കിയാണ് ജീവിക്കുന്നത്.
വൈറസുകളെയും ബാക്‌ടീരിയകളെയും പോലെ ഏകകോശ ജീവിയാണ് ഇതും. ഇവയ്ക്ക് ജീവിക്കാൻ അനുകൂലമായ സാഹചര്യം ഒരുങ്ങുകയും വലിയ അളവിൽ നമ്മുടെ തലച്ചോറിലെത്തുകയും ചെയ്യുമ്പോഴാണ് രോഗം ഉണ്ടാകുക. വേനൽക്കാലത്ത് കൂടിയ ചൂട് കാരണം ജലാശയങ്ങളിൽ അമീബയ്ക്ക് വളരാൻ അനുയോജ്യമായ സാഹചര്യം ഉണ്ടാകും. 90 ശതമാനത്തിലധികം മരണനിരക്കുളള രോഗമാണിത്.