Wednesday, October 15, 2025
Mantis Partners Sydney
Home » ഓണം… കാഴ്ചയെക്കാള്‍ അനുഭവം കൂടിയാണ്.
ഓണം... കാഴ്ചയെക്കാള്‍ അനുഭവം കൂടിയാണ്.

ഓണം… കാഴ്ചയെക്കാള്‍ അനുഭവം കൂടിയാണ്.

by Editor

ഓണം മലയാളികളുടെ ദേശീയ ഉത്സവം. ചിങ്ങ മാസത്തില്‍ അത്തം മുതല്‍ പത്ത് ദിവസമാണ് മലയാളിയുടെ ഓണാഘോഷം. അത്തം പത്തിന് പൊന്നോണം. ചിങ്ങത്തിലെ തിരുവോണം ഓരോ മലയാളിക്കും ഗൃഹാതുരത നല്കുന്ന ഓര്‍മ്മകളാണ്. ഓണക്കാലം കേരളത്തിലെ ആബാലവൃദ്ധം ജനങ്ങൾക്കും ആഹ്ളാദത്തിന്റെ കാലമാണ്. കണ്ണീർ പൊഴിക്കുന്ന കർക്കിടകത്തിൽ നിന്നും മന്ദഹാസം തൂകുന്ന ചിങ്ങത്തിലെത്തുമ്പോൾ പ്രകൃതിക്കു പോലുമുണ്ട് ഒരു വല്ലാത്ത മനോഹാരിത. പൂക്കളങ്ങളും നാടന്‍ കളികളും ഓണാഘോഷങ്ങളുമായി നാടും നഗരവും ഉണരും കാലം. വള്ളംകളികളും, വള്ള സദ്യകളും, അത്തച്ചമയവും, ആഘോഷങ്ങളും, പുലിക്കളിയും, കുമ്മാട്ടിയും, ഓണത്താറും, ഓണ വിപണിയും എല്ലാം ചേരുന്ന സമാനതകളില്ലാത്ത സവിശേഷമായ സാംസ്‌കാരിക വൈവിധ്യത്തിന്റെ കലാപരമായ കാലം… ഓണം… കാഴ്ചയെക്കാള്‍ അനുഭവം കൂടിയാണ്.

മഹാബലിയുടെ വരവേല്പിന്റെ ഓര്‍മ്മകളാണ് ഓണത്തിന്റെ ഐതിഹ്യങ്ങളില്‍ പ്രാധാന്യം. നാടുവാണിരുന്ന മഹാബലിയെന്ന ചക്രവര്‍ത്തി പ്രജകളെ കാണാന്‍ വര്‍ഷത്തിലൊരിക്കല്‍ പാതാള ലോകത്ത് നിന്ന് കേരളത്തിലേക്ക് തിരുവോണ ദിവസം എത്തുന്നുവെന്നതാണ് ഓണത്തെ സംബന്ധിച്ച് കേരളത്തില്‍ ഉള്ള ഏറ്റവും പ്രബലമായ ഐതിഹ്യം. വിഷ്ണു ഭക്തനും പ്രഹ്‌ളാദന്റെ മകന്‍ വിരോചനന്റെ പുത്രനും അസുര ചക്രവര്‍ത്തിയുമാണ് ഐതിഹ്യത്തിലെ ഈ പ്രബലനായ മഹാബലി. നീതിമാനും ദാനശീലനുമായ ചക്രവര്‍ത്തി. അദ്ദേഹത്തിന്റെ രാജ്യത്ത് മനുഷ്യരെല്ലാം സമന്‍മാരായിരുന്നു. കള്ളമില്ല, ചതിയില്ല, പട്ടിണിയില്ല, ദാരിദ്ര്യമില്ലാത്ത ഐശ്വര്യ സമൃദ്ധമായ രാജ്യം. നീതിമാനായ ബലിയുടെ കീര്‍ത്തി വിശ്വമാകെ പടര്‍ന്നു. ഇത്രത്തോളം വളര്‍ന്ന മഹാബലിയെ ദേവന്മാര്‍ക്ക് ഭയമായി. അശ്വമേധങ്ങളിലൂടെ ശക്തനായ ബലിയെ തളയ്ക്കാന്‍ ദേവമാതാവ് അദിതി വിഷ്ണുവിനെ കാണുന്നു. ബലിയെ പരീക്ഷിക്കാന്‍ വിഷ്ണു ഒരുങ്ങി.

വിശ്വം ജയിക്കാന്‍ വിശ്വജിത്ത് യാഗം തുടങ്ങുന്നു മഹാബലി. മഹാവിഷ്ണു ബ്രാഹ്‌മണ കുമാരനായ വാമനനായി ബലിക്ക് മുന്നിലെത്തി. മൂന്ന് കാലടി മണ്ണ് ദാനം ചോദിക്കുന്നു. ദാനശീലനായ ബലി സമ്മതം മൂളുന്നു. പെട്ടെന്ന് ഉടല്‍ വിശ്വത്തോളം വളര്‍ന്ന വാമനന്‍ രണ്ട് കാലടികള്‍ വെച്ച് പ്രപഞ്ചം മുഴുവന്‍ അളന്നു. മൂന്നാമത്തെ കാലടിയ്ക്ക് വാമനന്‍ സ്ഥലം ചോദിച്ചു. വിഷ്ണു അവതാരമാണ് വാമനനെന്ന് മനസ്സിലാക്കിയ മഹാബലി കുമ്പിട്ട് തന്റെ ശിരസ്സ് താഴ്ത്തിക്കൊടുത്തു. വാമനന്‍ ബലിയുടെ ശിരസ്സില്‍ കാല്‍ വച്ച് അദ്ദേഹത്തെ പാതാളത്തിലേക്ക് താഴ്ത്തി. ചിങ്ങ മാസത്തിലെ തിരുവോണം നാളിലാണ് ഇതെന്ന് മലയാളിയുടെ ഐതിഹ്യം. ഏറെ സ്‌നേഹിച്ച പ്രജകളെ വര്‍ഷത്തിലൊരിക്കല്‍ കാണണമെന്ന് ബലി മഹാവിഷ്ണുവിനോട് അഭ്യര്‍ത്ഥിച്ചു. അങ്ങനെ മാവേലി മലയാളിയെ കാണാന്‍ തിരുവോണത്തിന് എത്തുന്നു. അത്തം മുതല്‍ പത്ത് ദിവസം മഹാബലിയെ വരവേല്ക്കാന്‍ നമ്മള്‍ ഓണം കൊണ്ടാടിയെന്ന് ഐതിഹ്യം. മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരും ഒന്നു പോലെയെന്ന വരികള്‍ ജാതിമത ഭേദമെന്യേ ഓണം നമ്മുടെ സ്വന്തം ആഘോഷമാണെന്ന് ഊട്ടിയുറപ്പിക്കുന്നു.

പരശുരാമ കഥയുമായി ബന്ധപ്പെടുത്തിയും ഓണത്തിന് മറ്റൊരു ഐതിഹ്യവുമുണ്ട്. പരശുരാമനും തിരുവോണവുമായി അടുത്ത ബന്ധമുണ്ട്. പരശുരാമൻ ബ്രാഹ്മണർക്ക് ഭൂദാനം നടത്തിയത് തൃക്കാക്കരയിൽ വെച്ചായിരുന്നത്രേ. ആവശ്യള്ളപ്പോൾ എന്നെ ഓർത്താൽ മതി, ഞാനിവിടെയെത്തും എന്നു പറഞ്ഞാണ് ഭൂമി നൽകിയ ശേഷം പരശുരാമൻ അപ്രത്യക്ഷനായത്. ബ്രാഹ്മണർ ഒരിക്കൽ ഇത് പരീക്ഷിക്കാനായി പരശുരാമനെ സ്മ‌രിച്ചു. പ്രത്യക്ഷനായ അദ്ദേഹം കാരണമില്ലാതെ തന്നെ വരുത്തിയതിന് ബ്രാഹ്മണരെ ശപിച്ചു. ക്ഷമ ചോദിച്ചപ്പോൾ ശാപമോക്ഷവും നൽകി. വർഷത്തിലൊരിക്കൽ താനെത്താമെന്ന് പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്. പരശുരാമൻ എത്തിച്ചേരുന്ന ദിവസമാണ് തിരുവോണം.

ഓണം ബുദ്ധമതക്കാരുടെ ആഘോഷമായിരുന്നു എന്നു വിശ്വസിക്കുന്ന ചരിത്രകാരന്മാരുണ്ട്. ഗൗതമ സിദ്ധാർത്ഥന് ബോധോദയമുണ്ടായശേഷം മഞ്ഞ വസ്ത്രം സ്വീകരിച്ചത് ശ്രാവണമാസത്തിലെ തിരുവോണ നാളിലായിരുന്നത്രേ! ബുദ്ധമതക്കാരുടെ മഞ്ഞവസ്ത്രവും കുട്ടികൾക്കും മറ്റും ഓണക്കോടിയുമായി നൽകുന്ന മഞ്ഞ വസ്ത്രവും തമ്മിൽ സാദൃശ്യമുള്ളതിനാലാവാം ഇങ്ങനെയൊരു വിശ്വാസം വന്നത്.

ഓണസദ്യ
ഓണത്തിന്റെ പ്രധാന ആകർഷണം ഓണസദ്യ തന്നെയാണ്. ‘ഉണ്ടറിയണം ഓണം’ എന്നാണ് പറയാറ്. തെക്കൻ മദ്യ കേരളത്തിൽ പൊതുവേ പച്ചക്കറി സദ്യ ആണെങ്കിലും വടക്കൻ കേരളത്തിൽ നോൺ വെജ് നിർബന്ധമാണ്. ഉപ്പേരി, പഴം, പപ്പടം, പായസം തുടങ്ങി പന്ത്രണ്ടിലധികം വിഭവങ്ങൾ ചേരുന്നതാണ് ഓണസദ്യ. വിളമ്പുന്നതിനും ഉണ്ണുന്നതിനുമെല്ലാം അതിൻ്റേതായ ചിട്ടവട്ടങ്ങളുണ്ട്. തൊട്ടുകൂട്ടാനുളളതും, ചാറ് കറിയും, കൂട്ടുകറിയും സദ്യയിൽ വേണം. തുമ്പ് മുറിക്കാത്ത വാഴയിലയിലാണ് ഓണസദ്യ വിളമ്പേണ്ടത്. സദ്യ കഴിക്കാനിരിക്കുന്ന ആളുടെ ഇടത് വശത്ത് വാഴയിലയുടെ തുമ്പ് വരുന്ന തരത്തിലാണ് ഇല വയ്ക്കേണ്ടത്.

ആദ്യം വിളമ്പുന്നത് ഉപ്പേരിയാണ്. ഇലയുടെ ഇടത്തേ അറ്റത്താണ് ഉപ്പേരി വിളമ്പുന്നത്. സാധാരാണ മൂന്നിനം ഉപ്പേരിയാണ് വിളമ്പാറുളളത്. കായ വറുത്തത്, ചേമ്പ് വറുത്തത്, നേന്ത്രക്കായ വറുത്തെടുത്ത് ശർക്കര പാവു കാച്ചിയ ശർക്കര ഉപ്പേരി. വിഭവങ്ങളിൽ ആവശ്യമുളളവർക്കായി ഉപ്പും വെക്കാറുണ്ട്. അതിനുശേഷം ചെറുപഴവും ചെറുതും വലുതുമായ രണ്ടു പപ്പടവും വിളമ്പും. തുടർന്ന് ഇഞ്ചിക്കറി, നാരങ്ങ കറി, മാങ്ങ കറി എന്നിവയും വിളമ്പും. ഇലയുടെ വലത്തെ അറ്റത്തായി അവിയലും അതിനടുത്തായി തോരനും കിച്ചടിയും പച്ചടിയും വിളമ്പും. തുടർന്ന് കൂട്ടുകറിയും കാളനും ഓലനും വിളമ്പും, അവിയൽ, തോരൻ, എരിശ്ശേരി, മെഴുക്കുപുരട്ടി ഇതൊക്കെയാണ് മറ്റുകറികൾ. ഇതു കഴിഞ്ഞാൽ ചോറു വിളമ്പും. ചോറിനൊപ്പം പരിപ്പും നെയ്യും ഒഴിച്ച് പപ്പടം പൊട്ടിച്ച് ഊണ് തുടങ്ങാം. അതു കഴിഞ്ഞാൽ സാമ്പാർ കൂട്ടി ചോറു കഴിക്കാം. അതു കഴിഞ്ഞാൽ ചിലയിടങ്ങളിൽ പായസം വിളമ്പാറുണ്ട്. എന്നാൽ പലയിടത്തും സാമ്പാറിനുശേഷം പുളിശേരിയോ കാളനോ വിളമ്പാറുണ്ട്.

പായസങ്ങളിൽ ആദ്യം അടപ്രഥമനാണ് വിളമ്പാറുള്ളത്. പായസങ്ങളിലെ രാജാവാണ് അടപ്രഥമൻ. അതിനുശേഷം പഴപ്രഥമൻ, കടലപ്രഥമൻ, ഗോതമ്പ്പായസം എന്നിവയും വിളമ്പാറുണ്ട്. ഏറ്റവും അവസാനമാണ് പാൽപ്പായസം വിളമ്പാറുള്ളത്. ചിലയിടങ്ങളിൽ പാൽപ്പായസത്തിനൊപ്പം ബോളി എന്ന പലഹാരം കൂടി നൽകാറുണ്ട്. പായസങ്ങൾ കഴിഞ്ഞാൽ പിന്നെ മോരും രസവും വിളമ്പും. കൈക്കുമ്പിളിൽ ഇവ വാങ്ങി കുടിക്കാറാണ് പതിവ്. മോര് വിളമ്പുന്നതോടെയാണ് ഓണസദ്യ പൂർത്തിയാവുക.

ഓണപ്പാട്ടുകൾ

ഒരുപാടു പൂപ്പാട്ടുകളും കളിപ്പാട്ടുകളും മലയാളത്തിന്‌ സമ്മാനിച്ചതാണ്‌ ഓണം. കാലാകാലങ്ങളായി പാടിപ്പതിഞ്ഞ ഇവ വാമൊഴിയായി തലമുറകൾ പങ്കിട്ടെടുക്കുകയാണ്‌. ഓണത്തിന്റെ ഐതിഹ്യം വിളിച്ചോതുന്ന ഒരു ഓണപ്പാട്ട്.

മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല.

എല്ലാ ഓൺലൈൻ വാർത്തകൾ വായനക്കാർക്കും തിരുവോണാശംസകൾ

കൗമാരത്തിൽ മിന്നിതിളങ്ങിയ പൊന്നോണം

Send your news and Advertisements

You may also like

error: Content is protected !!