Saturday, August 30, 2025
Mantis Partners Sydney
Home » കൗമാരത്തിൽ മിന്നിതിളങ്ങിയ പൊന്നോണം
കൗമാരത്തിൽ മിന്നിതിളങ്ങിയ പൊന്നോണം

കൗമാരത്തിൽ മിന്നിതിളങ്ങിയ പൊന്നോണം

by Editor

മലയാളിയുടെ ദേശീയോത്സവമായ ഓണം ലക്ഷ്യംവെക്കുന്നത് മാനവരാശിയെ ഉന്നത പദവിയിലേക്ക് ഉയർത്തിയ കേരളം ഭരിച്ചിരുന്ന മഹാബലിയുടെ ദർശനങ്ങളാണ്. മനുഷ്യരെല്ലാം ഒന്നുപോലെ മനസമാധാനത്തോടെ ജീവിച്ചതിൻ്റെ ഐശ്യരാഭിലാഷമാണ്, ആവേശമാണ് ചിങ്ങമാസത്തിൽ ലോകമെങ്ങും കാണുന്ന ഓണാഘോഷങ്ങൾ. മഹാബലി ജീവിച്ചിരിന്നോയെന്ന് ചോദിച്ചാൽ ചരിത്രത്താളുകളിൽ ഐതിഹ്യങ്ങൾ നിറഞ്ഞ കഥകളാണ്. ഭാരതത്തിനും ലോകത്തിനും അമൂല്യമായ ‘മഹാഭാരതം’ എന്ന ദാർശനിക ഇതിഹാസ കാവ്യം സംഭാവന ചെയ്‌ത വേദവ്യാസൻ എന്നറിയപ്പെട്ട വ്യാസമഹർഷിയുടെ ജനന മരണത്തെക്കുറിച്ചു് ചരിത്രത്തെളിവുകൾ ഇല്ലാത്തതുപോലെയാണ് മഹാബലി ജീവിച്ചിരുന്നോ ഇല്ലയോ എന്നത്. ഇന്ന് ജീവിച്ചിരി ക്കുന്ന മനുഷ്യർ മഹാബലിയുടെ ഓർമ്മപ്പെരുന്നാൾ ആഘോഷമാക്കുമ്പോൾ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. നമ്മിൽ എത്രപേർ മറ്റുള്ളവരെ ആത്മാർഥമായി സ്നേഹിക്കുന്നു. നമ്മുടെ സ്നേഹത്തിൽ എത്രയോ വഞ്ചന, കപടത നിറഞ്ഞിരിക്കുന്നു. മനുഷ്യ നന്മകകൾക്കായി എത്രയോ ഉദാരവും സാംസ്കാ രികമായ ദേശീയബോധമാണ് ഈ ഓണകഥ സമ്മാനിക്കുന്നത്.

ഏത് കഥയും രൂപപ്പെടുന്നത് ജീവിതത്തിൽ നിന്നാണ്. ആ കഥകൾക്ക് ഒരു ലക്ഷ്യമുണ്ട്. എന്തിനാണ് വ്യാസമഹർഷി സരസ്വതി നദി തീരത്തിരുന്ന് മഹാഭാരതമെഴുതിയത്? അദ്ദേഹം ജീവിച്ചിരുന്ന കാലത്തു് ചാതുവർണ്യ ജീർണ്ണ സംസ്‌കാരത്തിൽ മനുഷ്യരെ ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യർ, ശൂദ്രർ തുടങ്ങി പല പേരുകളിൽ വേർതിരിച്ചതിന് എതിരായിട്ടാണ് മഹാഭാരതം എഴുതപ്പെട്ടത്. ഇതുപോലെ ഈശ്വര ചിന്തയിൽ ധ്യാനിച്ചിരുന്ന ഏതോ ബുദ്ധിജീവി മഹാബലിയെന്ന രാജാവിനെ കേന്ദ്രബിന്ദുവായി എഴുതപ്പെട്ട കഥയെന്ന് വിവക്ഷിക്കുന്നതിൻ്റെ കാരണം ലോഗൻ്റെ മലബാർ മനുവേലിൽ രേഖപ്പെടുത്തിയിരിക്കുന്നത് വാമന പ്രതിഷ്ഠയുള്ള തൃക്കാക്കര ക്ഷേത്രത്തിലെ ഉത്സവമാണ് കേരളം ആഘോഷിക്കുന്ന ഓണം. വാമനനും മഹാബലിയും തമ്മിലുള്ള സംഘർഷത്തിൽ വാമനൻ മഹാബലിയെ പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തിയത് തൃക്കാക്കരവെച്ചെന്നാണ് കഥ. കേരളം വാണിരുന്ന ചേരമാൻപെരുമാൾ മക്കയിലേക്ക് കപ്പൽമാർഗ്ഗം യാത്ര തിരിച്ചത് പൊന്നിൻചിങ്ങമാസത്തിലെ പൊന്നോണ ദിവസമായിരിന്നുവെന്ന മറ്റൊരു കഥ. എന്റെ നാടായ മാവേലിക്കരയിൽ നിന്ന് ചെറുപ്പത്തിൽ ഞാൻ കേട്ടിട്ടുള്ള കഥ മഹാബലി മാവേലിക്കര ഭരിച്ചിരിന്നുവെന്നാണ്. കഥകളുടെ കഥാകാരൻ ആരായാലും മഹാബലി ജീവിച്ചിരുന്നാലും ചെറുപ്പത്തിലേ ഓണസ്‌മരണകൾ ഇന്നുള്ള ഓണത്തേക്കാൾ സാമൂഹ്യമായ ഐക്യം, സാഹോദര്യം, സ്നേഹം നിലനിന്നിരിന്നു.

സ്‌കൂളിൽ പഠിക്കുന്ന കാലം കുട്ടികളെല്ലാം ഓണ അവധിക്കായി കാത്തിരുന്നു. അന്ന് എനിക്ക് ഏറെ ഇഷ്ടമുള്ളത് കിളിത്തട്ടുകളി, ഓണത്തല്ല്, ഊഞ്ഞാലാട്ടം, നൂറനാട് ലെപ്രെസ്സി സാനിറ്റോറിയത്തിൽ പോയി നാടകം കാണുക ഇതൊക്കെയാണ്. സ്‌കൂൾ ഓണ അവധിക്ക് മുൻപ് തന്നെ കൂടെ പഠിക്കുന്നവരിൽ നിന്ന് ചോദിച്ചറിയും. നിൻ്റെ വീട്ടിൽ ഊഞ്ഞാൽ കെട്ടുമോ? ചിലർ പറയും അച്ഛൻ ഊഞ്ഞാൽ കെട്ടിയി ട്ടുണ്ട്. അമ്മയും സഹോദരിമാരും അടുത്ത കൂട്ടുകാരികളും ചേർന്ന് പൂക്കളമിടുന്നുണ്ട്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്കൂർ കിട്ടും. ആ സമയം സ്‌കൂളിന് തെക്കുഭാഗത്തുള്ള സദാശിവൻ്റെ വീട്ടിലേക്ക് ഊഞ്ഞാലിലാടാൻ ഓടുക പതിവായിരിന്നു. പഠിക്കുന്ന കാലം വർഷത്തിലൊരിക്കൽ കിട്ടുന്ന നല്ല ഭക്ഷണം ഓണക്കാലമാണ്. തൂശനിലയിൽ കാണുന്ന നാടൻ അരി ചോർ, പപ്പടം, പഴം, സാമ്പാർ, അവിയൽ, തോരൻ, ഉപ്പേരി, അരിയുണ്ട, പച്ചടി, കിച്ചടി, നാരങ്ങ അച്ചാർ തുടങ്ങി അടപ്രഥമൻ പായസത്തിൽവരെയെത്തി നിൽക്കും. ഇന്നാണ് മഹാബലിയോട് എന്തെന്നില്ലാത്ത ആദരവ് തോന്നുന്നത്. ദാരിദ്ര്യത്തിൽ കഴിയുന്ന വർക്കും വയറുനിറയെ ഭക്ഷണം ലഭിക്കുന്ന പൊന്നിൻ തിരുവോണ നാളുകൾ.

അന്ന് വീട്ടിൽ ജോലിക്ക് വന്നുപോയിട്ടുള്ളവർക്ക് അരി, തേങ്ങ, ചേന, പച്ച വാഴയ്ക്ക തുടങ്ങിയ ഭക്ഷ്യ സാധനങ്ങൾ കൊടുക്കാറുണ്ട്. ആ കൂട്ടത്തിൽ അമ്മയുടെ വക ഒരു രൂപയും കൊടുക്കും. എൻ്റെ നാട്ടിലെ സാധാരണക്കാർപോലും ജാതിമതം നോക്കാതെ പാവങ്ങളെ ഓണക്കാലത്തു് സഹായിച്ചിരുന്നു. മതത്തേക്കാൾ മനുഷ്യരെ സ്നേഹിച്ചവർ. മാത്രവുമല്ല കുടുംബ സുഹൃത്തുക്കൾ പരസ്‌പരം ഓണ വിരുന്നിൽ പങ്കെടുക്കാറുണ്ട്. എൻ്റെ വീട്ടിൽ വന്നിട്ടുള്ള കളീയ്ക്കൽ, ചാങ്കൂർ തൈവിള കുടുംബത്തിലുള്ളവരെ ഓർക്കുന്നു. ഇതെല്ലാം മുൻപുണ്ടായിരുന്ന മാനവികതയുടെ നേർകാഴ്‌ചകളാണ്.

ഓണ സദ്യ കഴിഞ്ഞാൽ പിന്നീട് കലാ കായിക പരിപാടികളിൽ പങ്കെടുക്കുകയാണ്. അതിൽ പുലികളി, കോൽക്കളി, വട്ടക്കളി, ഉറിയടി തുടങ്ങി പലതുണ്ട്. കിഴക്കേക്കരയിലുള്ള തയ്യിലെ വീട്ടിൽ ഊഞ്ഞാൽ മത്സരത്തിൽ പങ്കെടുക്കാൻ ഞാനും പോയിരുന്നു. മത്സരത്തിൽ പങ്കെടുക്കണമെങ്കിൽ പത്തു് പൈസ കൊടുക്കണം. ഞാൻ വിദ്യാർത്ഥിയായതിനാൽ അഞ്ചു് പൈസ കൊടുത്താൽ മതി. ഊഞ്ഞാൽ മത്സരം കാണാൻ അടുത്തുള്ളവരൊക്കെ വരും. വൃക്ഷലതാദികളുടെ മധ്യത്തിൽ വടംകൊണ്ടാണ് കയർ കെട്ടിയിരിക്കുന്നത്. കിഴക്ക് പുഞ്ചപ്പാടങ്ങൾ. അവിടെ നിന്നാൽ ഹരിതാഭ ഭംഗി നിറഞ്ഞ താമരക്കുളം ഗ്രാമത്തെ കാണാം. എന്നേക്കാൾ പ്രായമുള്ളവർ ആകാശംമുട്ടെ കയറിൽ പാറി പറക്കുന്നത് സന്തോഷം നിറഞ്ഞ മിഴികളോടെ നോക്കുന്നുണ്ടെങ്കിലും കുട്ടികൾ പരിഭ്രമത്തോടെയാണ് നോക്കുന്നത്. മത്സരത്തിൽ ഞാൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഒന്നും രണ്ടും വിജയികൾക്കാണ് സമ്മാനമുള്ളത്. മുതിർന്ന യുവാക്കൾ എൻ്റെ ചുമലിൽ തലോടി അഭിനന്ദിച്ചു.

ഓണമോർക്കുമ്പോൾ മനസ്സിൽ തെളിയുന്ന മറ്റൊരു ചിത്രം എൻ്റെ നാടകം കരിമുളയ്ക്കൽ തുരുത്തിയിലമ്പലത്തിൽ അവതരിപ്പിച്ചതാണ്. ഈ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറ് ഭാഗത്താണ് വെട്ടിക്കോട്ട് ആദിമൂലം നാഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഓണക്കാലത്തു് താമരക്കുളം നെടിയാണിക്കൽ അമ്പല മൈതാ നത്തു് വെച്ച് നടന്ന കിളിത്തട്ടുകളിയിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. അതിൻ്റെ പ്രേത്യകത മുതിർന്നവർ ക്കൊപ്പം എന്നെയും ഉൾപ്പെടുത്തി. രണ്ട് ടീമുകളിലായി പത്തുപേർ വീതമാണ് പങ്കെടുക്കുക. എതിർ ടീമിനെ തൊടാതെ രക്ഷപ്പെട്ടാൽ വിജയിക്കും. വലിയ അണ്ണന്മാരുടെ മുന്നിലെത്തിയ പയ്യനെ അവരത്ര ഗൗരവമായി കണ്ടില്ല. എന്നെക്കൂടി പിടികൂടിയാൽ ഞങ്ങളുടെ ടീം തോൽക്കും. ഒടുവിൽ അവരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ടു. ഞങ്ങൾ വിജയിച്ചു. ചത്തിയറ വി.എച്ച്. എസ് സ്‌കൂൾ സ്ഥാപക മാനേജർ, താമരക്കുളം പഞ്ചായത്തു പ്രസിഡൻ്റ്, സാംസ്‌കാരിക നായകൻ ജനങ്ങളുടെ പ്രിയംങ്കരനായിരുന്ന മണ്മറഞ്ഞ ശ്രീ.കൊപ്പാറ നാരായണൻ നായരായിരുന്നു സമ്മാനവിതരണം നടത്തിയത്.

ചെറുപ്പത്തിൽ മിക്ക വീടുകളുടെ മുറ്റത്തു് ചെടികൾ നിറസൗന്ദര്യങ്ങളോടെ വളരുന്നത് കാണാം. അത് സ്‌കൂളിലുമുണ്ട്. സ്‌കൂൾ കുട്ടികളാണ് വീട്ടുമുറ്റത്തു് ചെടികൾ നട്ടുവളർത്തുക. ഇന്നത്തെ എത്ര കുട്ടികൾക്ക് പൂക്കളുടെ സുഗന്ധം ആസ്വദിക്കുന്നുവെന്ന് അറിയില്ല. ഓണത്തിന് വേണ്ടുന്ന കൃഷിവിഭവങ്ങൾ പാടത്തും പറമ്പത്തു് നിന്ന് ലഭിക്കുമായിരിന്നു. ഇന്ന് മണ്ണിൽ നിന്ന് പൊന്നുവിളയിക്കുന്നതിന് പകരം മലയാളികൾ രാസവളത്തിൽ വളർത്തിയ പച്ചക്കറി സാധനങ്ങൾ അന്യ സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങി മണ്ണ് തിന്ന കോഴിയെപോലെ രോഗികളായി മാറുന്നു. അധ്വാനിച്ചാൽ മഹിമ കുറയുമെന്ന് കരുതുന്നവർ.

കൂട്ടുകാരുടെ വീട്ടുമുറ്റത്തു് കണ്ടിരുന്ന ഓണപ്പൂക്കളം വർണ്ണവൈവിധ്യം നിറഞ്ഞ ഓണസദ്യപോലെ മനസ്സിൽ നിന്ന് മായാത്തതാണ്. വിവിധ നിറത്തിലുള്ള റോസ്, വാടാമല്ലി, ശംഖ്പുഷ്പം, നാല് മണിപ്പൂക്കൾ, ജമന്തി, കണ്ണാന്തളി, മന്ദാരം, നങ്യാർവട്ടം, കാശിത്തെറ്റി, വാഴപ്പൊടി, ചെമ്പരന്തി, തുമ്പ തുടങ്ങി ധാരാളം പൂക്കളുടെ നിറ സാന്ന്യധമാണ് അതിമനോഹരമായ പൂക്കളത്തിന് ഭംഗി കൂട്ടുന്നത്.

കാലത്തിൻ്റെ പുനർനിർമ്മിതിയിൽ ഓണത്തിനും ധാരാളം പരിവർത്തനങ്ങൾ സംഭവിച്ചു. ചുരുക്കം വീടുകളിൽ ഓണ സദ്യയൊരുക്കുമെങ്കിലും ആ ജോലി ഹോട്ടലുകൾ ഏറ്റെടുത്തു. തൂശനിലയിൽ നിന്ന് റബർ ഇലയായി. ഭക്ഷണത്തിൻ്റെ ഗുണനിലവാരം ആർക്കും പ്രശ്‌നമല്ല. മധുരത്തേക്കാൾ ഇരട്ടി മധുരം മതി. ഓണപരിപാടികൾ ദൃശ്യമാധ്യമങ്ങളിൽ വിരുന്നുകാരായി. യുവജനത അവരുടെ സ്വാധിനത്തിലായി നാട്ടിലെ ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബുകൾ ഓണത്തിൻ്റെ മഹത്വം വെളിപ്പെടുത്തുന്നു. വിദേശത്തെ ങ്കിൽ സംഘടനകൾ പണം വാങ്ങി ഹോട്ടൽ സദ്യ വിളമ്പുന്നു. നമ്മുടെ റോഡുകൾ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്നതുപോലെ ജാതി മത രാഷ്ട്രീയക്കാർ മഹാബലിയുടെ സ്നേഹത്തെ കീരിയും പാമ്പുംപോലെ വളർത്തി വലുതാക്കി അപമാനിക്കുമ്പോൾ മഹാബലിയുടെ മഹോന്നത സന്ദേശത്തെ പ്രവാസികൾ മാനിക്കുന്നു. മനുഷ്യ സ്നേഹബന്ധങ്ങൾ ജാതിമത സങ്കുചിത ചിന്തകളിൽ നിന്നകന്ന് ഇണങ്ങി കഴിഞ്ഞിരു ന്നെങ്കിൽ മനുഷ്യരെല്ലാം ആമോദത്തോടെ വസിക്കുമായിരിന്നു. ഓണം എത്ര ആർഭാടമായി ആഘോഷി ച്ചാലും ഇന്നും മനസ്സിൽ ഒളിമങ്ങാതെ ജീവിക്കുന്നത് ചെറുപ്പത്തിലനുഭവിച്ച സുഗന്ധപൂരിതമായ ഓണാവ സ്ത്രവും ഓണപ്പാട്ടും ഓണക്കളികളുമാണ്.

കാരൂർ സോമൻ (ചാരുംമൂടൻ)

Send your news and Advertisements

You may also like

error: Content is protected !!