ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രികളുടെ അറസ്റ്റ് ബിജെപി സംസ്ഥാന ഘടകം ഗൗരവത്തോടെ കാണുന്നുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ് പറഞ്ഞു. ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുമായി സംസ്ഥാന അധ്യക്ഷൻ സംസാരിച്ചു. നീതിയുക്തമായ അന്വേഷണം ഉറപ്പ് നൽകിയിട്ടുണ്ട്. അവിടുത്തെ ക്രിസ്ത്യൻ സമൂഹത്തിന് എല്ലാവിധ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻ്റണിയും സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജും സംഭവം നടന്നതിന് പിന്നാലെ ഇവരുടെ കുടുംബവുമായിട്ടും സഭാ നേതൃത്വവുമായിട്ടും ബന്ധപ്പെടുന്നുണ്ട്. ഛത്തീസ്ഗഡ് പൊലീസുമായി ഭരണകൂടവുമായി ഇവർ ആശയവിനിമയം നടത്തുന്നുണ്ട്. ധാർമ്മികമായും നിയമപരമായും എല്ലാവിധ സഹായങ്ങളും ചെയ്യുന്നുണ്ട്. അവിടെ ക്യാമ്പ് ചെയ്ത് സഹായം ഉറപ്പാക്കാൻ അനൂപ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം ഛത്തീസ്ഗഡിലേക്ക് ഉടൻ പുറപ്പെടും.
മനുഷ്യ കടത്ത് കാര്യമായി നടക്കുന്ന സംസ്ഥാനമാണത്. അതിന്റെ ഭാഗമായി ശക്തമായി അന്വേഷണവും നടക്കുന്നു. അതിന്റെ ഭാഗമായാണ് കേസ്. കന്യാസ്ത്രീകൾ നിരപരാധികളാണെങ്കിൽ അവരുടെ മോചനം സാധ്യമാകും. സംഭവത്തെ വർഗീയമായി മുതലെടുക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും സംസ്ഥാനത്ത് ഒരു മന്ത്രി തന്നെ അതിന് ശ്രമിച്ചെന്നും ബിജെപി ആരോപിച്ചു. കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബിജെപിക്കെതിരെ മുതലെടുപ്പ് നടത്താനാണ് ശ്രമമെന്നും അഡ്വ എസ് സുരേഷ് വിമർശിച്ചു.
സിസ്റ്റർമാർ തെറ്റിദ്ധരിക്കപ്പെട്ടതാണ് വിഷയമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് ഷോൺ ജോർജ് പറഞ്ഞു. മതപരിവർത്തനമോ മനുഷ്യക്കടത്തോ അല്ല എന്ന് കുട്ടികളുടെ രക്ഷിതാക്കൾ മൊഴി നൽകിയിട്ടുണ്ട്. ജൂഡീഷ്യൽ കസ്റ്റഡിയിൽ ആയതിനാൽ നിയമം വഴിയേ മറ്റു നടപടികൾ നടക്കൂ. എല്ലാ സഹായവും ബിജെപി സംസ്ഥാന ഘടകം ചെയ്തിട്ടുണ്ട്. ഉത്തരേന്ത്യയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാവണം എന്ന് പ്രാർത്ഥിക്കുന്ന കോൺഗ്രസ് ആണ് ഇവിടെ ഉള്ളത്. കേരളത്തിൽ പല പ്രശ്നങ്ങളും പെരുപ്പിച്ചു കാണിക്കുന്നു. ന്യൂനപക്ഷങ്ങൾ ബിജെപിയിലേക്ക് വരുന്നതിനുള്ള ആശങ്കയാണ് ഇത്. കേരളത്തിന്റെ മുഖ്യമന്ത്രി ഈ നിമിഷം വരെ കന്യാസ്ത്രീകൾക്കുവേണ്ടി എന്തു ചെയ്തുവെന്നും ഷോൺ ജോർജ് ചോദിച്ചു.
ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് മലയാളികളായ രണ്ട് കന്യാസ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്ത സംഭവം അറിഞ്ഞപ്പോൾ തന്നെ അടിയന്തരമായ ഇടപെടൽ നടത്തിയിട്ടുണ്ട് എന്ന് ബി ജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആവർത്തിച്ചു. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി നിരപരാധികളെ സംരക്ഷിക്കുകയും കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും ഛത്തീസ്ഗഢ് സർക്കാരുമായി ബന്ധപ്പെട്ട ഉന്നതരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നത് വസ്തുതകൾ സഹിതം പുറത്തുവരണം, നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ നിരപരാധികളായ ആരും ശിക്ഷിക്കപ്പെടില്ല എന്ന ഉറപ്പ് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. വിഷയത്തിൽ അതീവ ഗൗരവത്തോടെ കേന്ദ്രസർക്കാരും ഇടപെട്ടിട്ടുണ്ട്. സംഭവത്തിൽ നിരപരാധികൾക്ക് നിയമ സംവിധാനങ്ങളുടെ എല്ലാ സംരക്ഷണവും നീതിയും ഉറപ്പുവരുത്തിയിട്ടുണ്ട് എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.