കോട്ടയം: എസ്എൻഡിപിയുമായുള്ള ഐക്യത്തിൽ നിന്ന് പിന്മാറി എൻഎസ്എസ്. പല കാരണങ്ങളാലും മുമ്പുണ്ടായിരുന്ന ഐക്യം വിജയിക്കാതിരുന്ന സാഹചര്യത്തിൽ വീണ്ടുമൊരു ഐക്യശ്രമം പരാജയമാവുമെന്ന് വിലയിരുത്തിയാണ് എൻഎസ്എസ് പിന്മാറ്റം. ഇന്ന് പെരുന്നയിൽ ചേർന്ന ഡയറക്‌ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. ഡയറക്‌ടർ ബോർഡ് അംഗങ്ങളുടെ കടുത്ത വിയോജിപ്പ് പരിഗണിച്ചാണ് പിന്മാറ്റം. എന്നാല്‍ എസ്എന്‍ഡിപിയോട് സൗഹാര്‍ദ്ദത്തില്‍ വര്‍ത്തിക്കാനാണ് എന്‍എസ്എസിന്റെ ആഗ്രഹമെന്നും യോഗം വിലയിരുത്തി.
എൻഎസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാൻ സാധിക്കില്ലെന്നും അതിനാൽ ഇപ്പോൾ ഒരു ഐക്യം പ്രായോഗികമല്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. മുമ്പുണ്ടായ ഐക്യശ്രമം പരാജയപ്പെട്ട കാര്യവും വാർത്താക്കുറിപ്പിലുണ്ട്. എല്ലാ രാഷ്ട്രീയപാർട്ടികളോടും സമദൂര നിലപാടുള്ളതിനാൽ എസ്എൻഡിപിയോടും മറ്റ് സമുദായങ്ങളോടും സൗഹൃദത്തിൽ വർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പറയുന്ന വാർത്താക്കുറിപ്പിൽ എസ്എൻഡിപി- ഐക്യ ആഹ്വാനവുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചതായും വ്യക്തമാക്കുന്നു.
ഐക്യ പ്രഖ്യാപനത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടോയെന്ന് സംശയമുണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. എസ്എന്‍ഡിപിയുമായി ഐക്യം വേണ്ടെന്ന് ഡയറക്ടര്‍ ബോഡിയില്‍ തീരുമാനമെടുത്തതിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ‘സമദൂരത്തിന് എതിരെയാണ് ഈ ഐക്യമെന്ന് തോന്നി. പ്രധാനപ്പെട്ട രണ്ട് ഹിന്ദു സംഘടനകള്‍ യോജിക്കേണ്ടത് കാലത്തിന്റെ ആവശ്യമായിരുന്നു. പക്ഷേ അതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ബോധ്യം വന്നു. ഐക്യമില്ലെന്ന് തീരുമാനിച്ചതില്‍ തുഷാറിനെ എന്റെ അടുത്തേക്ക് അയക്കാനുള്ള തീരുമാനവും ഒരു കാരണമാണ്’, ജി സുകുമാരന്‍ നായര്‍ പറഞ്ഞു. മകനാകട്ടെ, ആരും ആകട്ടേ, ഐക്യ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന നേതാവിനെ എന്റെ അടുത്തേക്ക് അയക്കുന്നത് ആര്‍ക്ക് വേണ്ടിയാണ്. അതിന് പിന്നില്‍ എന്താണ് അര്‍ത്ഥമെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. മറ്റ് നിലപാടുകളില്‍ മാറ്റമില്ല. എല്ലാ പാര്‍ട്ടികളോടും സമുദായത്തോടും സമദൂര നിലപാടായിരിക്കും സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസങ്ങൾക്ക് മുമ്പായിരുന്നു വെള്ളാപ്പള്ളിയും ജി. സുകുമാരൻ നായരും എൻഎസ്എസ്- എസ്എൻഡിപി ഐക്യം സംബന്ധിച്ച് അറിയിച്ചിരുന്നത്. ഇത്തരമൊരു ഐക്യം കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും അനിവാര്യമാണെന്നും ഇരുവരും അറിയിച്ചിരുന്നു. വെള്ളാപ്പള്ളിയായിരുന്നു ആദ്യമായി ഐക്യസന്ദേശം മുന്നോട്ടുവച്ചത്. ഇതിന് പിന്തുണയറിയിക്കുകയായിരുന്നു ജി. സുകുമാരൻ നായർ. ‘ഐക്യമെന്നത് ഉറപ്പാണ്. ഐക്യം എന്ന ആശയത്തോട് യോജിക്കുന്നത് വ്യക്തിപരമായാണ്. അവര്‍ വരട്ടെ, അവര്‍ വരുമ്പോള്‍ കാര്യങ്ങള്‍ സംസാരിച്ച് എങ്ങനെ വേണമെന്ന് തീരുമാനിക്കും. അവരുമായുള്ള ചര്‍ച്ച കഴിഞ്ഞിട്ട് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം വിളിച്ചുകൂട്ടി ഈ കാര്യങ്ങളെല്ലാം അവിടെ വിശദീകരിക്കും. അവിടെ തീരുമാനമെടുത്തിട്ട് പറയും’, എന്നായിരുന്നു ജി സുകുമാരന്‍ പ്രതികരിച്ചത്. എന്നാല്‍ ഇന്ന് നടന്ന യോഗത്തില്‍ ഐക്യം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
എസ്എന്‍ഡിപിയുമായി ഐക്യം വേണ്ടെന്ന് വ്യക്തമാക്കുന്ന എന്‍എസ്എസിന്റെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ചാനലില്‍ കണ്ട കാര്യങ്ങള്‍ മാത്രമേ അറിയാന്‍ സാധിച്ചിട്ടുള്ളൂ. ചാനല്‍ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മറുപടി പറയുന്നത് ശരിയല്ല. പൂര്‍ണ വിവരം അറിഞ്ഞ ശേഷം അതിന് മറുപടി പറയാം. ഈ ചര്‍ച്ച ഇപ്പോള്‍ വേണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.



