കോഴിക്കോട്: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ കേസിൽ ചില നിർണായക തീരുമാനങ്ങൾ ഉണ്ടായതായി എ.പി അബൂബക്കർ മുസ്ലിയാർ. വധശിക്ഷ റദ്ദാക്കിയതായി യമൻ അധികൃതരിൽ നിന്ന് അറിയിപ്പ് ലഭിച്ചെന്നും മോചനത്തെ സംബന്ധിച്ച ചർച്ചകൾ തുടരുമെന്നും കാന്തപുരത്തിൻ്റെ ഓഫീസ് അറിയിച്ചു. തിങ്കളാഴ്‌ച നടന്ന അന്തിമ ചർച്ചകൾക്ക് പിന്നാലെയാണ് തീരുമാനം.
അതേസമയം നിമിഷപ്രിയ ഉടൻ മോചിതയാകില്ലെന്നാണ് വിവരം. വധ ശിക്ഷ റദ്ദാക്കാനും മറ്റ് കാര്യങ്ങൾ തുടർ ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനും ധാരണയായിട്ടുണ്ട്. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയുടെ ആവശ്യ പ്രകാരം ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിന് പുറമെ നോർത്തേൺ യമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനം എന്നും കാന്തപുരത്തിൻ്റെ ഓഫീസ് അറിയിച്ചു. കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബവുമായുള്ള തുടർ ചർച്ചകൾക്ക് ശേഷമായിരിക്കും മറ്റ് കാര്യങ്ങൾ തീരുമാനിക്കുക. നേരത്തെ ജൂലൈ 16 ന് നിശ്ചയിച്ച വധശിക്ഷ കാന്തപുരത്തിൻ്റെ ഇടപെടലിനെ തുടർന്ന് താൽകാലികമായി നീട്ടിവെച്ചിരുന്നു.
2017 ജൂലൈ 25-നാണ് യമൻ പൗരൻ തലാൽ അബ്‌ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂരപീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിമിഷയുടെ വാദം. തലാലിന് അമിത ഡോസ് മരുന്ന് കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിക്കുകയായിരുന്നു. തലാലിന്റെ വധവുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായ നിമിഷപ്രിയയെ വിചാരണയ്ക്കു ശേഷം 2020 ലാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഈ തീരുമാനം പിന്നീട് ഹൂതി സുപ്രീം കൗൺസിലും അംഗീകരിച്ചിരുന്നു. യെമനിൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ് നിമിഷപ്രിയ തടവിൽ കഴിയുന്നത്. ഉത്തര യെമനിലെ ഗോത്രവിഭാഗങ്ങൾക്കിടയിൽ വൈകാരികത ആളിക്കത്തിയ വിഷയം കൂടിയായിരുന്നു തലാലിന്റെ മരണം.