ന്യൂ ഡൽഹി: നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിയതില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുടെ പങ്കിനെ പറ്റി അറിവില്ലെന്നു വിദേശകാര്യ മന്ത്രാലയം. ചർച്ചകളിൽ കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരുടെ പങ്കിനെക്കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന് ധാരണ ഇല്ലെന്നും വിദേശകാര്യ വക്താവ് രൺധീർ ജെയ്സ്വാൾ വ്യക്തമാക്കി. നിമിഷപ്രിയ വിഷയം അതീവ ഗൗരവസ്വഭാവമുള്ള വിഷയമാണ്, കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. നിമിഷയുടെ കുടുംബത്തിന് നിയമസഹായം നൽകുകയും അഭിഭാഷകനെ നിയമിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പതിവായി കോൺസുലാർ സന്ദർശനങ്ങൾ നടത്തുകയും, പ്രാദേശിക ഭരണകൂടവുമായും കുടുംബാംഗങ്ങളുമായും നിരന്തരം ബന്ധപ്പെടുകയും ചെയ്യന്നുണ്ടെന്ന് വിദേശ കാര്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറെനാളുകളായി കേന്ദ്രസര്‍ക്കാരിന്‍റെ സഹകരണത്തോടെ നടക്കുന്ന നീക്കങ്ങളെ തുടര്‍ന്നാണ് വധശിക്ഷ മാറ്റിയത്. ഇക്കാര്യത്തില്‍ ചില സുഹൃദ് രാജ്യങ്ങള്‍ ഇടപെടുന്നുവെന്ന് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞെങ്കിലും ഏത് രാജ്യങ്ങളെന്ന് വ്യക്തമാക്കിയില്ല. നിമിഷ പ്രിയയുടെ കുടുംബത്തിന് കൊല്ലപ്പെട്ട തലാൽ അബ്ദു മഹദിയുടെ കുടുംബവുമായി സമവായത്തിൽ എത്താൻ കൂടുതൽ സമയം തേടുന്നതിനായി, വധശിക്ഷ മാറ്റിവെക്കാൻ, നടത്തിയ കൂട്ടായ ശ്രമങ്ങളിൽ സർക്കാറും ഭാഗമായിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിഷയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും, ചില സൗഹൃദ രാജ്യങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാന്തപുരത്തിന്‍റെ ഇടപെടല്‍ ഉണ്ടായോയെന്ന വിഷയത്തില്‍ നേരത്തെ നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സിലിലും ഭിന്നത ദൃശ്യമായിരുന്നു. പാര്‍ലമെന്‍റിലും ഇക്കാര്യം ചര്‍ച്ചയാകാനിരിക്കേയാണ് കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലാണ് ശ്രമങ്ങള്‍ നടന്നതെന്ന് വിദേശകാര്യ വക്താവ് വിശദീകരിക്കുന്നത്. നിമിഷപ്രിയ ആക്ഷൻ കൗൺസിലിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിഷയത്തിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച്, സ്ഥിതി വിവര റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകിയിരുന്നു.