നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മരവിപ്പിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ആക്ഷൻ കൗൺസിലാണ് തീരുമാനം സ്ഥിരീകരിച്ചത്. വധശിക്ഷ നടപ്പിലാക്കുന്നത് മരവിപ്പിച്ചതിന് പിന്നാലെ നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടൽ നടത്തുന്ന ആക്ഷൻ കൗൺസിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് നന്ദി അറിയിച്ചു. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. വധശിക്ഷ ഒഴിവാക്കാൻ കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ ഇടപെടലിനെ തുടർന്ന് യെമനിൽ ഇന്നു മധ്യസ്ഥ ചർച്ച നടന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രതീക്ഷയുണർത്തുന്ന സൂചനകൾ പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു കാന്തപുരം അബൂബക്കർ മുസ്‌ലിയാർ വിഷയത്തിൽ ഇടപെട്ടത്. യമൻ ഭരണകൂടവുമായി കാന്തപുരം ചർച്ച നടത്തിയെന്നുള്ള വിവരം പുറത്തുവന്നിരുന്നു. യമൻ പൗരന്റെ ബന്ധുക്കളുമായും ആശയവിനിമയം നടന്നതായും വിവരമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് യമനിൽ അടിയന്തരയോഗം വിളിച്ചത്. നിമിഷപ്രിയയുടെ വധശിക്ഷ ജൂൺ പതിനാറിന് നടപ്പിലാക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം.
നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകം – മുഖ്യമന്ത്രി
യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിർഭരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള കൂടുതൽ സമയമാണ് ഇതിലൂടെ നിമിഷയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് നയിച്ചത് ശ്രീ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ മുൻകൈയും ഇടപെടലും ആണ്. മനുഷ്യത്വവും സാഹോദര്യവും തുളുമ്പുന്ന സുമനസ്സുകളുടെ അക്ഷീണപ്രയത്നത്തിന്റെ ഫലമാണ് ഈ തീരുമാനം. ശ്രീ കാന്തപുരത്തെയും നിമിഷപ്രിയയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന ആക്ഷൻ കൗൺസിൽ ഉൾപ്പെടെയുള്ള എല്ലാവരെയും അഭിനന്ദിക്കുന്നു. എല്ലാവരുടെയും പ്രതീക്ഷയും ശ്രമങ്ങളും എത്രയും വേഗം പൂർണ്ണവിജയത്തിൽ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ നിമിഷപ്രിയയുടെ വധശിക്ഷ ഈ 16-ന്, ശേഷിക്കുന്നത് ഒരേയൊരു വഴി.