സനാ: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ യെമനിലെ സനാ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16-ന് നടപ്പാക്കും. വധശിക്ഷ നടപ്പാക്കാൻ നിമിഷ പ്രിയ തടവിൽ കഴിയുന്ന ജയിൽ അധികൃതർക്ക് പ്രോസിക്യൂട്ടർ നിർദേശം നൽകി. യെമൻ പൗരനായ തലാൽ അബ്‌ദുൾ മഹ്‌ദിയെ 2017 ജൂലൈയിൽ നിമിഷ പ്രിയയും കൂട്ടുകാരിയും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചുവെന്ന കേസിലാണ് വധശിക്ഷ വിധിക്കപ്പെട്ടത്. പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയാണ് നിമിഷ പ്രിയ.
വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞു. ഇനി ശേഷിക്കുന്നത് ഒരേയൊരു മാർഗമാണ്. അത് ദയാധനം കൈപ്പറ്റി തലാലിന്റെ കുടുംബം മാപ്പു നൽകുക എന്നത് മാത്രമാണ്. ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമം തുടരുകയാണെന്ന് യെമനിലെ മനുഷ്യാവകാശ പ്രവർത്തകൻ സാമുവേൽ ജെറോം അറിയിച്ചു. 10 ലക്ഷം ഡോളർ നൽകാമെന്നാണ് യെമൻ പൗരന്റെ കുടുംബത്തെ അറിയിച്ചിട്ടുള്ളത്. ദയാധനം കുടുംബം സ്വീകരിക്കുമോയെന്ന് ഉറപ്പില്ലെന്നും അദേഹം വ്യക്തമാക്കി.
സംഭവശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷയെ വിചാരണയ്ക്ക് ശേഷം 2018-ലാണ് യെമൻ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഇവരുടെ വധശിക്ഷ യെമനിലെ അപ്പീൽ കോടതി ശരി വെച്ചെങ്കിലും കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾക്ക് ദയാ ധനം നൽകി മാപ്പ് തേടാനുള്ള സാധ്യത തുറന്നിട്ടിരുന്നു. മോചന ശ്രമങ്ങൾ പലപ്പോഴായി നടന്നെങ്കിലും ഫലപ്രാപ്‌തിയിൽ എത്തിയില്ല.