Saturday, July 19, 2025
Mantis Partners Sydney
Home » നിമിഷ പ്രിയയുടെ മോചനം: ആക്ഷൻ കൗൺസിലിന് കേന്ദ്രത്തെ സമീപിക്കാമെന്ന് സുപ്രീം കോടതി
യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ നിമിഷപ്രിയയുടെ വധശിക്ഷ

നിമിഷ പ്രിയയുടെ മോചനം: ആക്ഷൻ കൗൺസിലിന് കേന്ദ്രത്തെ സമീപിക്കാമെന്ന് സുപ്രീം കോടതി

by Editor

ന്യൂഡൽഹി: നിമിഷപ്രിയയുടെ മോചനത്തിന് ഹർജിക്കാരുടെ പ്രതിനിധിസംഘത്തെ യെമനിലേക്ക് അയയ്ക്കണമോ എന്നതിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരെന്ന് സുപ്രീംകോടതി. നിമിഷപ്രിയയ്ക്ക് വേണ്ടി നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുകയായിരുന്നു. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്താൻ കുടുംബത്തിന് മാത്രമാണ് അവകാശമെന്നും ഏതെങ്കിലും ഒരു സംഘടന ചർച്ച നടത്തിയാൽ മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കുടുംബത്തിന് പുറമെ പവർ ഓഫ് അറ്റോർണിക്കും ചർച്ച നടത്താം. ഇവർക്ക് എല്ലാവിധ സഹായവും സർക്കാർ നൽകുന്നുണ്ടെന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണി പറഞ്ഞു.

അതേസമയം ചർച്ചകൾക്കായി നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാരിനെ സമീപിക്കാൻ സേവ് നിമിഷ പ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിലിന് സുപ്രീം കോടതി അനുമതി നൽകി. യോഗ്യതകൾ പരിശോധിച്ച് ഹർജിക്കാരുടെ ആവശ്യം പരിഗണിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി പറഞ്ഞു. ഓഗസ്റ്റ് 14 ഹർജി സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

മോചനം സാധ്യമാകണമെങ്കിൽ കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിൻ്റെ കുടുംബം നിമിഷ പ്രിയയ്ക്ക് മാപ്പ് നൽകണമെന്ന് സേവ് നിമിഷ പ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിലിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രാകേന്ദ് ബസന്ത് ചൂണ്ടിക്കാട്ടി. ഇതിനായി തലാലിൻ്റെ കുടുംബവുമായി ചർച്ച നടത്തുന്നതിന് ഒരു മധ്യസ്ഥ സംഘത്തിന് യെമനിൽ പോകാനുള്ള അനുമതി നൽകണമെന്ന് കേന്ദ്രത്തോട് നിർദേശിക്കണമെന്നും അദേഹം കോടതിയോട് അഭ്യർത്ഥിച്ചു. മധ്യസ്ഥ സംഘത്തിലെ രണ്ട് പേർ ആക്ഷൻ കൗൺസിൽ പ്രതിനിധികളും രണ്ട് പേർ കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെ സംഘത്തിൽപെട്ടവരും ആയിരിക്കണമെന്നാണ് സീനിയർ അഭിഭാഷകൻ രാകേന്ദ് ബസന്തും അഭിഭാഷകൻ കെ.ആർ സുഭാഷ് ചന്ദ്രനും കോടതിയിൽ ആവശ്യപ്പെട്ടത്.

എന്നാൽ തലാലിൻ്റെ കുടുംബവുമായി ചർച്ച നടത്താൻ അവകാശം നിമിഷ പ്രിയയുടെ കുടുംബത്തിനാണെന്ന് അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി. നിമിഷ പ്രിയയുടെ അമ്മ നിലവിൽ യെമനിൽ ഉണ്ടെന്നും അവരെ സഹായിക്കാനായി ഒരു പവർ ഓഫ് അറ്റോർണി ഉണ്ടെന്നും അറ്റോർണി ജനറൽ വ്യക്തമാക്കി. ചർച്ചകളുടെ എല്ലാ വിശദാംശങ്ങളും പരസ്യമായി പറയാൻ കഴിയില്ലെന്ന് അദേഹം കോടതിയെ അറിയിച്ചു. താൻ കോടതിയിൽ പറയുന്ന കാര്യങ്ങൾ മാധ്യമങ്ങൾ അതാത് സമയത്ത് റിപ്പോർട്ട് ചെയ്യുന്നു. ഇത് ചർച്ചകളെ പ്രതികൂലമായി ബാധിക്കുമെന്നും അറ്റോർണി ജനറൽ കോടതിയിൽ പറഞ്ഞു. തുടർന്ന് ഹർജിയിൽ ആവശ്യമെങ്കിൽ രഹസ്യ വാദം ആകാമെന്ന് കോടതി അഭിപ്രായപ്പെട്ടു.

പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ. കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശി ടോമിയെ കല്യാണം കഴിച്ച ശേഷം 2012ലാണ് നിമിഷപ്രിയയും ടോമിയും കുഞ്ഞും ചേര്‍ന്ന് യമനിലേക്ക് പോയത്. നാട്ടില്‍ നഴ്‌സായിരുന്ന നിമിഷപ്രിയ അവിടെയും അതേ ജോലി തന്നെ ചെയ്ത് പോന്നു, ടോമി ഒരു സ്വകാര്യ കമ്പനിയിലും ജോലി നേടി. അതിനിടെയാണ് ഇവര്‍ തലാല്‍ അബ്ദുള്‍ മഹ്ദി എന്ന യമന്‍ പൗരനെ പരിചയപ്പെടുന്നതും, കച്ചവട പങ്കാളിത്തത്തില്‍ ഒരു ക്ലിനിക് തുടങ്ങാന്‍ തീരുമാനിക്കുന്നതും. യെമനില്‍ ആ നാട്ടിലെ തന്നെ ഒരാളുടെ സഹായമില്ലാതെ ക്ലിനിക് തുടങ്ങാന്‍ നിര്‍വ്വാഹമില്ലാത്തതിനാലാണ് തലാലിന്റെ സഹായം തേടിയത്. ക്ലിനിക് തുടങ്ങിയതിന് ശേഷം നിമിഷപ്രിയ തന്റെ ഭാര്യയാണെന്ന് തലാല്‍ എല്ലാവരെയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുകയും, പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തുകയും ചെയ്തു. പങ്കാളിത്തത്തില്‍ തുടങ്ങിയ ക്ലിനിക്കിന്റെ വരുമാനം മുഴുവനായും തലാല്‍ സ്വന്തമാക്കാന്‍ തുടങ്ങി. പാസ്‌പോര്‍ട്ട് തട്ടിയെടുക്കുകയും, അവരുടെ പക്കലുണ്ടായിരുന്ന സ്വര്‍ണം വില്‍ക്കുകയും ചെയ്തു. സഹിക്കാന്‍ വയ്യെന്ന ഘട്ടത്തില്‍ നിമിഷപ്രിയ അധികൃതര്‍ക്ക് പരാതി നല്‍കി, ഇതോടെ തലാല്‍ ശാരീരിക ഉപദ്രവങ്ങള്‍ ആരംഭിച്ചു. ജീവന്‍ അപകടത്തിലാവും എന്ന ഘട്ടത്തിലാണ് താന്‍ തലാലിനെ അപായപ്പെടുത്താന്‍ ശ്രമിച്ചത് എന്നായിരുന്നു നിമിഷപ്രിയ വ്യക്തമാക്കിയിട്ടുള്ളത്.

Send your news and Advertisements

You may also like

error: Content is protected !!