വാഷിങ്ടണ്‍: റഷ്യയുമായുള്ള വ്യാപാരബന്ധത്തിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരെ നടത്തുന്ന തീരുവ യുദ്ധത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭയിലെ മുന്‍ യുഎസ് അംബാസിഡര്‍ നിക്കി ഹേലി. ഇന്ത്യയെ ചൈനയെപ്പോലെ ഒരു എതിരാളിയായി കണക്കാക്കരുത്. യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം തകർച്ചയുടെ ഘട്ടത്തിലാണെന്നും ആഗോള ശക്തിയാകാൻ ആഗ്രഹിക്കുന്ന ചൈനയെ നിയന്ത്രിക്കണമെങ്കിൽ ഇന്ത്യയുമായി ബന്ധം പുനഃസ്ഥാപിക്കേണ്ടത് നിർണായകമാണെന്നും നിക്കി ഹേലി പറഞ്ഞു.
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. ചൈനയുടെ പ്രായമാകുന്ന സമ്പദ്‌വ്യവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിൽ കൂടുതലും യുവാക്കളാണ്. ഇന്ത്യയുടെ ശക്തി വളരുന്നതിനനുസരിച്ച് ചൈനയുടെ അഭിലാഷങ്ങൾ ചുരുക്കേണ്ടി വരും. കമ്യൂണിസ്റ്റ് ഭരണത്തിലുള്ള ചൈനയിൽനിന്നു വ്യത്യസ്തമായി ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് എന്നും നിക്കി ഹേലി പറഞ്ഞു. യുഎസിന്റെ നിര്‍ണായക വിതരണ ശൃംഖലകള്‍നിന്ന് ചൈനയെ അകറ്റാന്‍ ഇന്ത്യ അനിവാര്യമാണെന്ന് ഹേലി അഭിപ്രായപ്പെട്ടു. ചൈനയെ മറികടക്കുക, ശക്തിയിലൂടെ സമാധാനം കൈവരിക്കുക തുടങ്ങിയ ട്രംപിന്റെ വിദേശനയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് യുഎസ്-ഇന്ത്യ ബന്ധം പുനഃസ്ഥാപിക്കുന്നത് നിര്‍ണായകമാണെന്നും നിക്കി ഹേലി പറഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകയായ നിക്കി ഹേലി, 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിനെ പിന്തുണച്ചിരുന്നെങ്കിലും ട്രംപിന്റെ കടുത്ത വിമർശകയായാണ് അറിയപ്പെടുന്നത്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്ത്യ-യുഎസ് ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചിരുന്നു. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയതിനു പിന്നാലെ റഷ്യന്‍ എണ്ണ വാങ്ങുന്നതിന് 25 ശതമാനം അധിക തീരുവ ചുമത്തുമെന്നും യുഎസ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ- പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ യുഎസിന്റെ പങ്ക് അംഗീകരിക്കാന്‍ ഇന്ത്യ വിസമ്മതിച്ചതും ട്രംപിനെ ചൊടിപ്പിച്ചിരുന്നു.