ന്യൂഡല്‍ഹി: സെന്‍ട്രല്‍ ഡല്‍ഹിയിലെ ബാബ ഖരക് സിങ് മാര്‍ഗില്‍ 184 എംപിമാര്‍ക്കായി നിര്‍മിച്ച പുതിയ ഭവന സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തു. ഉദ്ഘാടന വേളയില്‍, ഫ്‌ളാറ്റുകള്‍ അനുവദിച്ച എംപിമാര്‍ക്ക് പ്രധാനമന്ത്രി മോദി താക്കോലുകള്‍ കൈമാറി. ഇത് അവരുടെ ‘ജീവിത സൗകര്യം’ മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി.
ലുട്ട്യൻസ് ഡൽഹിയിലെ പഴയ ബംഗ്ലാവുകൾക്ക് പകരമായിട്ടാണ് സെൻട്രൽ ഡൽഹിയിൽ ആധുനികവും ബഹുനില അപ്പാർട്ടുമെൻ്റുകളുമുള്ള പദ്ധതി. പാർലമെന്റ്, രാഷ്ട്രപതി ഭവൻ, പ്രധാന സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലേക്ക് മിനിറ്റുകളുടെ ദൂരം മാത്രമേ ഈ സമുച്ചയത്തിൽനിന്നുള്ളൂ. പാർലമെന്റ്റ് സ്ട്രീറ്റിനെയും കൊണാട്ട് പ്ലേസിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ബാബാ ഖരക് സിങ് മാർഗിലാണ് ഇത്.
നാല് ടവറുകളിലായിട്ടാണ് ഈ ഫ്ളാറ്റുകൾ. ഓരോ ഫ്ളാറ്റ് സമുച്ചയത്തിനും 23 നിലകളുണ്ട്. കൂടാതെ എല്ലാ എംപിമാർക്കും ഉപയോഗിക്കാവുന്ന അനുബന്ധ സൗകര്യങ്ങളടങ്ങിയ മറ്റൊരു ടവറും ഉണ്ട്. നിശ്ചയിച്ച സമയത്തേക്കാള്‍ നേരത്തെ ഒന്‍പത് മാസം കൊണ്ടാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. 680 കോടി രൂപയാണ് നിർമ്മാണച്ചിലവ്. നേരത്തെ ഇവിടെ 16 ടവറുകളിലായി 243 ഫ്‌ളാറ്റുകളുണ്ടായിരുന്നു. ഇത് പൊളിച്ചുമാറ്റിയാണ് പുതിയ സമുച്ചയങ്ങള്‍ നിര്‍മിച്ചത്.
ഓരോ ഫ്ളാറ്റും ഏകദേശം 461.5 ചതുരശ്ര മീറ്റർ (ഏകദേശം 5,000 ചതുരശ്ര അടി) വിസ്തൃതിയുള്ളതാണ്. അറ്റാച്ച്ഡ് ബാത്ത്റൂമും ഡ്രസ്സിങ് ഏരിയയും ഉൾപ്പെടുന്ന അഞ്ച് കിടപ്പുമുറികളാണ് ഓരോ ഫ്ളാറ്റിലുമുള്ളത്. മോഡുലാർ വാർഡ്രോബുകളും ഇതിലുണ്ട്. കൂടാതെ ഒരു ഡ്രോയിംഗ് ആൻഡ് ഡൈനിംഗ് റൂം, ഒരു ഫാമിലി ലോഞ്ച്, ഓരോ മുറിക്കും ഓഫീസിനും ബാൽക്കണികൾ എന്നിവയും ഫ്ളാറ്റിൽ ഉൾപ്പെടുന്നു. പ്രത്യേക പൂജാമുറിയും ഫ്ളാറ്റിലുണ്ട്. ഓരോ അപ്പാര്‍ട്ട്‌മെന്റിലും എംപിമാര്‍ക്കും അവരുടെ അസിസ്റ്റന്റിനും ബാത്ത്‌റൂം അറ്റാച്‌ഡ് ഓഫീസുകളുണ്ട്. അടുക്കളകളും അറ്റാച്ച്ഡ് ബാത്ത്‌റൂമുകളുമുള്ള രണ്ട് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകളും ഇതിന്റെ ഭാഗമാണ്. ജീവനക്കാര്‍ക്കും, എംപിമാര്‍ക്കും, അവരുടെ സഹായികള്‍ക്കും പ്രത്യേക പ്രവേശന കവാടങ്ങളുണ്ട്.
കടകൾ, ഒരു സർവീസ് സെൻ്റർ, ഡിസ്പെൻസറി, കമ്മ്യൂണിറ്റി ഹാൾ, കാന്റീൻ, ക്ലബ്ബ്, ജിം, യോഗ മുറികൾ, അതിഥികൾക്കുള്ള താമസസൗകര്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ആറ് നിലകളുള്ള ഒരു പ്രത്യേക ബ്ലോക്കും ഫ്ളാറ്റ് സമുച്ചയങ്ങൾക്കൊപ്പം എംപിമാർക്കായുണ്ട്. 612 വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യവും ഇവിടെ ലഭ്യമാണ്. 400 കിലോവാട്ട് പീക്ക് ശേഷിയുള്ള റൂഫ്‌ടോപ്പ് സോളാർ പാനലുകൾ, മഴവെള്ള സംഭരണം, മലിനജല സംസ്ക്കരണ-ജല പുനരുപയോഗ പദ്ധതി, തുടങ്ങിയ ഹരിതവും സാങ്കേതികവുമായ നൂതനാശയങ്ങൾ ഈ സമുച്ചയത്തിൽ സമന്വയിപ്പിച്ചിരിക്കുന്നു. സെന്‍ട്രല്‍ എയര്‍ കണ്ടീഷനിംഗ്, വീഡിയോ ഡോര്‍ ഫോണുകള്‍, വൈഫൈ, കേന്ദ്രീകൃത കേബിള്‍ ടിവി, ഇപിഎബിഎക്‌സ് ടെലിഫോണുകള്‍, പൈപ്പ് ലൈന്‍ വഴിയുള്ള പ്രകൃതിവാതകം, കുടിവെള്ള സംവിധാനങ്ങള്‍, സിസിടിവി ക്യാമറകൾ തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മനോഹരമായി സജ്ജീകരിച്ച പുൽത്തകിടികൾ, ലൈറ്റുകളോടുകൂടിയ കോൺക്രീറ്റ് റോഡുകളും നടപ്പാതകളും, പൊതു ശൗചാലയങ്ങൾ, ഒരു എടിഎം കൗണ്ടർ തുടങ്ങിയവും സമുച്ചയത്തിൻ്റെ ഭാഗമാണ്.