ടെൽ അവീവ്: ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ കത്തോലിക്കാ പളളി തകര്‍ന്നതിനുപിന്നാലെ മാപ്പുപറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയിലെ ഏക കത്തോലിക്ക പള്ളി ആയ ഹോളി ഫാമിലി ചർച്ചിന് നേരെ വ്യാഴാഴ്ച്ചയാണ് ഇസ്രയേല്‍ ആക്രമണം ഉണ്ടായത്. മൂന്ന് പേർ കൊല്ലപ്പെടുകയും പള്ളിയിലെ പുരോഹിതനായ ഫാ. ഗബ്രിയേൽ റൊമാനെല്ലിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
സംഭവത്തില്‍ അഗാധമായ ദുഃഖമുണ്ടെന്ന് നെതന്യാഹു പറഞ്ഞു. പളളിയില്‍ ടാങ്കിൽ നിന്നുളള ഷെല്ലുകള്‍ അബദ്ധത്തില്‍ പതിച്ചതാണെന്നും നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുന്നത് ദുരന്തമാണെന്നും നെതന്യാഹു പറഞ്ഞു. സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തിന് ശേഷം ഇസ്രയേല്‍ സൈന്യവും പ്രസ്താവന പുറത്തിറക്കിയിരുന്നു. ഒരു ഷെല്ലില്‍ നിന്നുളള ഭാഗങ്ങള്‍ അബദ്ധത്തില്‍ പളളിയില്‍ പതിക്കുകയായിരുന്നുവെന്നും നാശനഷ്ടങ്ങള്‍ ലഘൂകരിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നുമാണ് സൈന്യത്തിന്റെ വിശദീകരണം.
ഇസ്രായേൽ ആക്രമണത്തിന് എതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വ്യാഴാഴ്ച രാവിലെ ഹോളി ഫാമിലി കോമ്പൗണ്ടിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടെന്ന് ലാറ്റിൻ പാത്രിയാർക്കേറ്റ് സ്ഥിരീകരിച്ചു. അവരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേരുന്നു. ഈ ക്രൂരമായ യുദ്ധം അവസാനിക്കാനായി പ്രാർത്ഥിക്കുന്നു. നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിടുന്നതിനെ ന്യായീകരിക്കാനാവില്ലെന്നും ഹോളി ഫാമിലി പള്ളിയുടെ ഭരണച്ചുമതലയുള്ള ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്ക് എഎഫ്‌പിക്ക് നൽകിയ പ്രസ്‌താവനയിൽ പറഞ്ഞു. കുട്ടികളും 54 ഭിന്നശേഷിക്കാരും ഉൾപ്പെടെ 600 കുടിയിറക്കപ്പെട്ടവരുടെ അഭയ കേന്ദ്രമായിരുന്നു പള്ളിയെന്ന് അധികൃതർ പറഞ്ഞു.
ഗാസയിലെ ഹോളി ഫാമിലി പള്ളിക്ക് നേരെയുണ്ടായ സൈനിക ആക്രമണത്തിൽ മാർപാപ്പ അതീവ ദുഖിതനാണെന്നും വെടിനിർത്തലിനുള്ള തൻ്റെ ആഹ്വാനം അദേഹം ആവർത്തിക്കുന്നുവെന്നും വത്തിക്കാൻ ഔദ്യോഗിക പ്രസ്‌താവനയിൽ അറിയിച്ചു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലാനിയും ആക്രമണത്തിൽ പ്രതിഷേധം രേഖപ്പടുത്തി. സാധാരണക്കാർക്ക് നേരെയുള്ള ഇസ്രയേൽ ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അവർ പറഞ്ഞു.
അതിനിടെ ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നടന്ന കൂട്ടക്കൊലയിൽ പ്രധാനിയായ ഹമാസ് ജബാലിയ ബറ്റാലിയന്റെ ഡെപ്യൂട്ടി കമാൻഡർ ഇയാദ് നെറ്റ്സറിനെയും കൂട്ടക്കൊലയിൽ പങ്കെടുത്ത മറ്റ് രണ്ട് നേതാക്കളെയും ഇസ്രായേൽ സൈന്യം ഇന്നലെ വധിച്ചു. ഹമാസ് സെൻട്രൽ ജബാലിയ കമാൻഡർ ഹസൻ മഹ്മൂദ് മുഹമ്മദ് മാരി, ഹമാസ് ബീറ്റ് ഹനൂൻ ബറ്റാലിയനിലെ ഡെപ്യൂട്ടി കമ്പനി കമാൻഡർ മുഹമ്മദ് സാക്കി ഷമാദ ഹമദ് എന്നിവരാണ് നെറ്റ്സറിനൊപ്പം കൊല്ലപ്പെട്ടത്.
ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നടന്ന കൂട്ടക്കൊലയിൽ പ്രധാനിയായ ഇയാദ് നെറ്റ്സറിന് അന്ന് പരിക്കേറ്റിരുന്നു. തുടർന്ന് ജബാലിയ ബറ്റാലിയനിലെ ആസ്ഥാനത്തേക്ക് ഇയാൾ മടങ്ങിയെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പറഞ്ഞു. ഇസ്രയേലിനെതിരേയുള്ള ആക്രമണ പ്രവർത്തനങ്ങളിൽ ഇയാദ് നെറ്റ്‌സെർ സജീവമായിരുന്നു. സമീപ കാലത്ത് ഐഡിഎഫിന്റെറെ 162-ാമത് ‘സ്റ്റീൽ’ ഡിവിഷൻ്റെ സേനയ്ക്കെതിരെ നെറ്റ്സർ വിവിധ ആക്രമണങ്ങൾ നടത്തിയെന്നും ഐഡിഎഫ് പറയുന്നു.