കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാജിവെച്ചു. സമൂഹമാധ്യമങ്ങളുടെ വിലക്ക് പിൻവലിച്ചെങ്കിലും പ്രക്ഷോഭം രണ്ടാം ദിനവും മാറ്റമില്ലാതെ തുടർന്നതോടെയാണ് രാജി. പ്രക്ഷോഭകാരികൾ പാർലമെന്റിൽ കടന്നുകയറി തീയിട്ടു. ശർമ്മ ഒലി രാജ്യം വിടാനൊരുങ്ങുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. പ്രക്ഷോഭകാരികൾക്കൊപ്പം സൈന്യവും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്.
പ്രക്ഷോഭകർ അക്രമാസക്‌തരായതിനെ തുടർന്ന് തലസ്‌ഥാനമായ കഠ്‌മണ്ഡു ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. വിമാനത്താവളങ്ങളുടെ പ്രവർത്തനം നിലച്ചു. പ്രസിഡന്റ് രാംചന്ദ്ര പൗഡേലിന്റെയും പ്രധാനമന്ത്രി കെ.പി.ശർമ ഒലിയുടെയും ചില മന്ത്രിമാരുടെയും സ്വകാര്യ വസതികൾക്കു തീയിട്ടു. മുൻ പ്രധാനമന്ത്രി പുഷ്‌പ കമാൽ ദഹൽ പ്രചണ്ഡയുടെ വീട് പ്രക്ഷോഭകാരികൾ തകർത്തു. ചില മന്ത്രിമാരുടെയും നിരവധി നേതാക്കളുടെയും വീടുകളും തകർക്കപ്പെട്ടു.
ആഭ്യന്തര മന്ത്രി രമേശ് ലേഖക്, ആരോഗ്യമന്ത്രി പ്രദിപ് പൗഡേൽ, കൃഷി മന്ത്രി രാം നാഥ് അധികാരി എന്നിവരും നേരത്തെ രാജിവെച്ചിരുന്നു. പ്രക്ഷോഭത്തിൽ ഇതുവരെ 19 പേരാണ് മരിച്ചത്. ഇതിൽ 12 വയസുള്ള കുട്ടിയുമുണ്ട്. 300 ലധികം പേർക്കാണ് പരിക്കേറ്റത്. സർക്കാരിൻ്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെയ്ക്കാനാണ് സമൂഹമാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. ഈ കമ്പനികളെല്ലാം നേപ്പാളിൽ വന്ന് ഓഫീസ് തുറക്കുകയും രജിസ്റ്റർ ചെയ്യണമെന്നുമായിരുന്നു സർക്കാരിന്റെ ആവശ്യം.
സംഘർഷത്തിനിടെ ഇന്ത്യ – നേപ്പാൾ അതിർത്തിയിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നേപ്പാളിലുള്ള ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേപ്പാൾ സർക്കാരിന്റെ മാർഗനിർദേശങ്ങൾ പാലിക്കണം. ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യ അറിയിച്ചു. നേപ്പാളിലെ പ്രതിഷേധം ഇന്ത്യയിലേക്ക് വ്യാപിക്കാതിരിക്കാൻ അതിർത്തി രക്ഷാ സേന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.