വാഷിങ്ടൺ: 50 വർഷത്തിന് ശേഷം വീണ്ടും ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാൻ നാസ. 10 ദിവസം നീളുന്ന ദൗത്യത്തിന് ‘ആർട്ടെമിസ് 2’ എന്നാണ് പേരിട്ടിരിക്കുന്നത്. 2026 ഫെബ്രുവരിയിലാകും ദൗത്യം നടക്കുക. 1972 ലെ അപ്പോളോ 17 ദൗത്യമാണ് മനുഷ്യനെ വഹിച്ചു കൊണ്ട് ഇതിനു മുൻപ് ഉണ്ടായ ദൗത്യം. നാസയുടെ ബഹിരാകാശ ഗവേഷകരായ റീഡ് വൈസ്‌മാൻ, വിക്‌ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച് എന്നിവരും കാനഡയുടെ ബഹിരാകാശ ഏജൻസിയിലെ ജെറമി ഹാൻസനുമാണ് ആർട്ടെമിസ് 2 ദൗത്യത്തിലുണ്ടാവുക.
ചന്ദ്രനിൽ നേരിട്ടിറങ്ങാത്ത ദൗത്യത്തിൽ ചന്ദ്രന്റെ ഉപരിതലത്തെ ചുറ്റിക്കറങ്ങുകയായിരിക്കും ചെയ്യുക. റോക്കറ്റിന്റെയും ബഹിരാകാശ സഞ്ചാരികളുടെയും സാദ്ധ്യതകൾ ഉപയോഗിച്ച് വരും കാലങ്ങളിൽ എങ്ങനെ ചന്ദ്രന്റെ ഉപരിതലത്തിറങ്ങാം എന്ന പഠനവും ഈ ദൗത്യത്തിൽ നടക്കും. 2022 അവസാനമായിരുന്നു നാസ ആർട്ടെമിസ് 1 ദൗത്യം നടത്തിയത്. ഇതിൻ്റെ ഭാഗമായി വിക്ഷേപിച്ച ഓറിയോൺ പേടകം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയിരുന്നു. 2027 ലാണ് ‘ആർട്ടെമിസ് 3’ ദൗത്യം നാസ നടത്താനിരിക്കുന്നത്. ഇതിൽ മനുഷ്യനെ അയച്ച് ചാന്ദ്രോപരിതലത്തിൽ ഇറക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.