Sunday, August 3, 2025
Mantis Partners Sydney
Home » ‘ഇന്ത്യക്കാരൻ വിയർപ്പൊഴുക്കി ഉണ്ടാക്കുന്ന വസ്തുക്കൾ വാങ്ങൂ’; ട്രംപിൻ്റെ തീരുവയ്ക്ക് മോദിയുടെ ‘സ്വദേശി’ മറുപടി
നരേന്ദ്ര മോദി

‘ഇന്ത്യക്കാരൻ വിയർപ്പൊഴുക്കി ഉണ്ടാക്കുന്ന വസ്തുക്കൾ വാങ്ങൂ’; ട്രംപിൻ്റെ തീരുവയ്ക്ക് മോദിയുടെ ‘സ്വദേശി’ മറുപടി

by Editor

വാരാണസി: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക സമ്പദ് വ്യവസ്ഥ അനിശ്ചിതത്വത്തിൻ്റെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പറഞ്ഞ മോദി ‘സ്വദേശി’ (മെയ്‌ഡ് ഇൻ ഇന്ത്യ) ഉൽപ്പന്നങ്ങൾക്ക് ഊന്നൽ നൽകണം എന്ന് അഭ്യർഥിച്ചു.

ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് കയറ്റി അയയ്ക്കുന്ന ചരക്കുകൾക്ക് 25 ശതമാനം തീരുവയും റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ പിഴച്ചുങ്കവും ചുമത്താനുമുള്ള യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. എല്ലായിടത്തും അനിശ്ചിതത്വത്തിൻ്റെ അന്തരീക്ഷം ഉണ്ട്. ഈ സാഹചര്യത്തിൽ, ഓരോ രാജ്യവും സ്വന്തം താൽപ്പര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാനുള്ള യാത്രയിലാണ് ഭാരതം. അതിനാൽ അതിൻ്റെ സാമ്പത്തിക താൽപ്പര്യങ്ങളിൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ പൗരന്മാർ എന്ന നിലയിൽ എല്ലാവർക്കും ഉത്തരവാദിത്വങ്ങളുണ്ട്. ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും, ഏതൊരു രാഷ്ട്രീയ പാർട്ടിയും, ഏതൊരു നേതാവും രാജ്യ താൽപര്യങ്ങൾക്കായി സംസാരിക്കുകയും സ്വദേശി ഉൽപ്പന്നങ്ങൾ വാങ്ങാൻ പ്രതിജ്ഞയെടുക്കാൻ ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മൾ എന്തെങ്കിലും വാങ്ങാൻ തീരുമാനിക്കുമ്പോൾ ഒരു ഇന്ത്യക്കാരൻ വിയർപ്പൊഴുക്കി ഉണ്ടാക്കിയ സാധനങ്ങൾ മാത്രമേ വാങ്ങുകയുള്ളൂ എന്ന ഒരൊറ്റ അളവുകോൽ മാത്രമേ ഉണ്ടാകാവൂ. ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യയിലെ ജനങ്ങളുടെ കഴിവും വിയർപ്പും ഉപയോഗിച്ച് നിർമ്മിച്ചതെന്തും നമുക്ക് സ്വദേശിയാണ്. നമ്മൾ ‘വോക്കൽ ഫോർ ലോക്കൽ‘ എന്ന മന്ത്രം സ്വീകരിക്കേണ്ടി വരുമെന്നും അദേഹം വ്യക്തമാക്കി.

‘മെയ്ക്ക് ഇൻ ഇന്ത്യ’ ഉൽപ്പന്നങ്ങൾക്ക് പ്രചോദനം നൽകണമെന്ന് ആഹ്വാനം ചെയ്‌ത പ്രധാനമന്ത്രി, വാങ്ങുന്ന എല്ലാ പുതിയ സാധനങ്ങളും സ്വദേശി ആയിരിക്കുമെന്ന് പ്രതിജ്ഞയെടുക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. തദ്ദേശീയ ഉൽപ്പന്നങ്ങൾ മാത്രമേ വിൽക്കുകയുള്ളൂവെന്ന് തീരുമാനം എടുക്കാൻ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവരോടും അദ്ദേഹം ആവശ്യപ്പെട്ടു. കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ വികസിത ഇന്ത്യ എന്ന സ്വ‌പ്നം സാക്ഷാത്കരിക്കാൻ കഴിയൂവെന്നും പ്രധാനമന്ത്രി ഓർമ്മപ്പെടുത്തി.

വാരണാസിയിൽ സംഘടിപ്പിച്ച പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകരുടെയും ചെറുകിട വ്യവസായങ്ങളുടെയും ക്ഷേമം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവ ഉറപ്പാക്കുന്നതിനാണ് കേന്ദ്രസർക്കാർ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഇടിഞ്ഞു’ എന്ന യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പരാമർശത്തിലായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

Send your news and Advertisements

You may also like

error: Content is protected !!