ന്യൂ ഡൽഹി: ഇന്ത്യക്കെതിരെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് താരിഫ് യുദ്ധം ശക്തമാക്കിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യതാത്പര്യത്തിന് ഇന്ത്യ മുന്‍ഗണന നല്‍കുമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളടക്കമുള്ളവരുടെയും താത്പര്യങ്ങളില്‍ ഇന്ത്യ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും അറിയിച്ചു. ഇതിന് വ്യക്തിപരമായി വലിയ വില നൽകേണ്ടി വരുമെങ്കിലും അതിന് തയാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിൽ നടന്ന എം എസ് സ്വാമിനാഥൻ ശതാബ്‍ദി അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
“കർഷകരുടെ താൽപര്യമാണ് ഞങ്ങളുടെ പ്രധാന മുൻഗണന. ഇന്ത്യ ഒരിക്കലും കർഷകരുടെയും ക്ഷീരകർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താൽപര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് വ്യക്തിപരമായി ഞാൻ വലിയ വില നൽകേണ്ടിവരുമെന്ന് എനിക്കറിയാം. പക്ഷേ ഞാൻ അതിന് തയ്യാറാണ്. രാജ്യത്തെ കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ക്ഷീരകർഷകർക്കും വേണ്ടി ഇന്ത്യയും തയ്യാറാണ്” എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
ഓഗസ്റ്റ് ഒന്നിനു പ്രഖ്യാപിച്ച 25 ശതമാനം പകരച്ചുങ്കം കൂടിച്ചേർത്ത് ഇന്ത്യൻ ചരക്കുകൾക്കുള്ള യുഎസ് തീരുവ ഇതോടെ 50 ആയി ഉയർന്നു. പകരച്ചുങ്കം വ്യാഴാഴ്ചയും അധികതീരുവ 21 ദിവസത്തിനകവും പ്രാബല്യത്തിൽവരും. റഷ്യൻ എണ്ണയുടെ കാര്യത്തിൽ സമവായമുണ്ടാക്കുന്നതിനുവേണ്ടിയാണ് 21 ദിവസത്തെ സമയം. ഓഗസ്റ്റ് അവസാനവാരം യുഎസ് സംഘം വ്യാപാര ചർച്ചകൾക്കായി ഇന്ത്യയിൽ എത്താനിരിക്കെയാണ് ട്രംപിന്റെ ഇരട്ടി പ്രഹരം.