തിരുവനന്തപുരം: എൻഡിഎ ക്യാമ്പിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ എത്തും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും. തിരുവല്ലയിലും പൊതുപരിപാടി സംഘടിപ്പിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും. 3 ജില്ലകളിലായി 4 പരിപാടികളിൽ രാഹുൽ പങ്കെടുക്കും. രാവിലെ 10 മണിക്ക് കൊച്ചിയിലെത്തുന്ന രാഹുൽ ആലപ്പുഴയിലെ പൊതുപരിപാടിയിലാണ് ആദ്യം പങ്കെടുക്കുക.
എഫ്സിആർഎ നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകൾ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജിജു. തിരുവനന്തപുരത്തെ വിവിധ ക്രൈസ്തവ സഭാ പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിന് ശേഷം സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ സംസ്ഥാന ബിജെപി നേതൃത്വത്തോട് മന്ത്രി ആവശ്യപ്പെട്ടു. സഭകൾ ഉന്നയിച്ച ആശങ്കകളിൽ ഇടപെടലുകൾ ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചതായി ലത്തീൻ കത്തേലിക്കാ അതിരൂപത വികാരി ജനറൽ മോൺസിഞൊർ യൂജിൻ പെരേര അറിയിച്ചു.
സഭകളുടെ പരാതികൾ കൃത്യമായി രേഖപ്പെടുത്തി ഡൽഹിയിലെത്താൻ രാജീവ് ചന്ദ്രശേഖറിനോട് കിരൺ റിജിജു ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രതലത്തിൽ കൂടുതൽ ചർച്ചകൾ നടത്തി വിഷയത്തിന് പരിഹാരം കാണാനാണ് നീക്കം. എഫ്‌സിആർഎ ഭേദഗതി ബില്ലിന്റെ കാര്യത്തിൽ കോൺഗ്രസും സിപിഎമ്മും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള തെറ്റായ പ്രചാരണങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. നിയമപരമായി പ്രവർത്തിക്കുന്ന ഒരു സംഘടനയ്ക്കും ഈ ബില്ല് കൊണ്ട് യാതൊരു ദോഷവുമുണ്ടാകില്ല. ക്രമക്കേട് കാണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുക അനിവാര്യമാണെന്നും, ബില്ലിന്റെ ലക്ഷ്യം സുതാര്യത ഉറപ്പാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭാ പ്രതിനിധികളുടെ പരാതികൾക്ക് വ്യക്തമായ പരിഹാരം കാണുമെന്ന ഉറപ്പോടെ, വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന പ്രതിപക്ഷത്തെ കേന്ദ്രമന്ത്രി രൂക്ഷമായി വിമർശിച്ചു.

