ലോകമെങ്ങും ക്രിസ്‌മസ് രാവ് പുഞ്ചരിതൂകി മഞ്ഞു് പെയ്‌തുകൊണ്ടിരിക്കുമ്പോഴാണ് നിലാവുള്ള ആകാശത്തിന് കീഴിൽ മലയാളി മനസ്സ് വിളറിവെളുത്തത്. കലാ സാഹിത്യത്തിൽ ശോഭയാർജ്ജിച്ചു് നിന്ന, ലോക ക്ലാസിക്ക് കൃതികൾ തന്ന എം.ടി സ്വതന്ത്രനായി അനന്തതയിലേക്ക് മടങ്ങിയിരിക്കുന്നു. മധുരമുള്ള വാക്ക് മനസ്സ് കവരുംപോലെ എം.ടി യുടെ കലാസാഹിത്യ സംഭാവനകൾ മലയാളത്തിന് വിവിധ രുചിക്കൂട്ടുള്ള മധുരപലഹാരങ്ങളാണ്. അദ്ദേഹം വിടവാങ്ങിയപ്പോൾ അതിന് ഇരട്ടിമധുരമായി മാറിയിരിക്കുന്നു. മലയാള കലാ സാഹിത്യത്തിൽ ജ്വലിച്ചുനിന്ന കഥാകാരൻ സസ്യശ്യാമളമായ കുടമല്ലൂർ ഗ്രാമവും അവിടുത്തെ പൈതൃക സംസ്‌കാരവും നിളാനദിയും മാത്രമല്ല മലയാളിക്ക് സമ്മാനിച്ചത് അതിലുപരി സമൂഹത്തിന്റെ ഗതിവിഗതികളെ, തൊട്ടാൽ പൊള്ളുന്ന യാഥാർഥ്യങ്ങളെ ശക്തമായ ധാർമ്മിക മനഃസാക്ഷിയോടെ മധുരത്തിൽ ഉത്തമം വായ് മധുരമായി, ദൃശ്യ വിസ്‌മയങ്ങളായി മലയാളിക്ക് വിളമ്പി തന്നു. നമ്മുടെ മനസ്സ് വേട്ടക്കാരന്റെതെന്ന് അദ്ദേഹം ‘ഇഴപിരിച്ചു പറഞ്ഞു. സമൂഹത്തിൽ നടക്കുന്ന കാപട്ട കള്ളനാണയങ്ങളെ തുറന്നു കാട്ടി. എം.ടി യുടെ നാലു കെട്ട് എന്ന നോവലിൽപോലും ഇത് പൊളിച്ചുമാറ്റി കാറ്റും വെളിച്ചവും കടക്കുന്ന വീടാക്കണമെന്ന് പറയുന്നത് പുതിയ കാലത്തിന്റെ കാലൊച്ചകളാണ്. ഇന്നുള്ള ചില സർഗ്ഗ സാംസ്‌കാരിക – രാഷ്ട്രിയക്കാരെപോലെ മനസ്സിലൊന്ന് പുറത്തൊന്ന് എം.ടി യിൽ കണ്ടിരുന്നില്ല. മണ്മറഞ്ഞുപോയ പ്രതിഭാശാലികളായ സർഗ്ഗപ്രതിഭകളെല്ലാം ഇങ്ങനെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ മുന്നേറ്റം നടത്തിയവരാണ്. ഇങ്ങനെ നാലുകെട്ടുകളുടെ തച്ചുശാസ്ത്രത്തെ പൊളിച്ചടുക്കാൻ സർഗ്ഗ പ്രതിഭ കളുണ്ടാകുമോ?
അരനൂറ്റാണ്ടുകാലമായി കലാ സാഹിത്യ മേഖലകളിൽ കാവ്യസുന്ദരമായി കഥപറയുന്ന അനുഭൂതിയുടെ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന, ചെറുപ്പം മുതൽ വളരെ ആഴത്തിൽ വായിക്കുന്ന എം.ടി എന്ന മഹാ പ്രതിഭയെപ്പറ്റി നമ്മൾ പഠിച്ചത് എന്താണ്? വിവിധ അക്ഷരങ്ങൾ പെറുക്കിക്കൂട്ടി കവിതയെഴുതി അതിൻ്റെ അർഥം നവംനവങ്ങളായി നല്കുന്നതോ? സദാസമയവും സുഖവും സന്തോഷവും അനുഭവിക്കുന്നതോ? ഒരു മനുഷ്യൻ്റെ തലച്ചോറിൽ ജന്മമെടുക്കുന്നതാണ് പ്രതിഭ. അവരെ ബുദ്ധിജീവികൾ, സരസ്വതി കടാക്ഷം, വരദാനം എന്നൊക്ക പറയാറുണ്ട്. ഒരു പ്രതിഭ മണ്ണിലെ സൃഷ്ടികർത്താവാണ്. അവരില്ലാത്ത ലോകം ഇരുണ്ടതാണ്. ഇരുളിൽ പ്രകാശം കൊടുക്കുന്ന പ്രതിഭാനം ചെയ്യുന്നവരാണ് പ്രതിഭകൾ. വികസിത രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ആദരവ് ഏറ്റുവാങ്ങുന്നത് ഈ പ്രതിഭകളാണ്. അത് സന്ധ്യാകാശത്തിൻ്റെ ചാരുതപോലെ ഭാഷ- അക്ഷരം മുത്തുമാലകളായി ഇവരിൽ തിളങ്ങുന്നതുകൊണ്ടാണ്. ആ തിളക്കം അല്ലെങ്കിൽ ശോഭ എം.ടി യിലെ വായനക്കാരൻ, സിനിമ കണ്ടവർ തിരിച്ചറിഞ്ഞു. അദ്ദേഹത്തിൻ്റെ പുരോഗമനോമുഖം തിരിച്ചറിയാൻ കലാകൗമുദിയിൽ വന്ന ഇതിഹാസ നോവലായ രണ്ടാമൂഴം വായിച്ചാൽ മതി. യുദ്ധക്കൊതിയന്മാരായ ഭരണകർത്താക്കളും നോവലിൽ നിഴലിക്കുന്നു. പള്ളിവാളും കാൽച്ചിലമ്പും, അസുരവിത്തു്, മഞ്ഞു് തുടങ്ങിയ കൃതികളും നിർമ്മാല്യം, കടവ്, ബന്ധനം, ഒരു ചെറുപുഞ്ചിരി, വാരിക്കുഴി, ഒരു വടക്കൻ വീരഗാഥ തുടങ്ങിയ സിനിമകളും ചതിയനല്ലാത്ത ചന്തു, ഭ്രാന്തൻ വേലായുധൻ, ഭീമൻ തുടങ്ങിയ ജീവനുള്ള കഥാപാത്രങ്ങളെല്ലാം എം.ടി യെ അനശ്വരനാക്കുന്നു.
എം.ടി കാലത്തിന് മുന്നേ സഞ്ചരിച്ച മലയാള കലാ സാഹിത്യത്തിലെ മാന്ത്രിക പ്രതിഭയാണ്. എം. ടിക്ക് ഒരു രാഷ്ട്രീയ പക്ഷമില്ല മറിച്ചു് മനുഷ്യപക്ഷത്തായിരുന്നു. നമ്മുടെ സാഹിത്യപ്രതിഭകൾ ഏതൊക്കെ പക്ഷക്കാരാണ്? ധാരാളം ദേവി ദേവന്മാരെ ആരാധിക്കുന്ന നാട്ടിൽ നിർമ്മാല്യം പോലൊരു സിനിമ എം.ടിയുടെ തലച്ചോറിൽ പിറന്നത് മലയാളിക്കെന്നും അഭിമാനിക്കാം. സവർണ്ണ ദേവന്മാരായ ശിവനും വിഷ്‌ണുവുമൊക്കെ ജീവിക്കുന്ന നാട്ടിൽ സവർണ്ണനായ ഒരു സാഹിത്യകാരൻ ദേവിക്ക് മുന്നിൽ ചിലമ്പണിഞ്ഞാടിയ വെളിച്ചപ്പാടിനെക്കൊണ്ട് ദേവി വിഗ്രഹത്തിന് നേർക്ക് ഒരു കവിൾ ചോര തുപ്പിക്കുക, സ്വയം വെട്ടി മരിക്കുക ഭയനാകമായ കാഴ്‌ചയാണ്. ഇതെല്ലം മനുഷ്യനിർമ്മിതിയെന്ന് എം.ടിക്ക് അറിയാമെങ്കിലും ഈ ആധുനിക യുഗത്തിൽ ഇങ്ങനെയൊരു ചിത്രം കേരളത്തിലെടുക്കാൻ ഏതെങ്കിലും ചലച്ചിത്രകാരൻ തയ്യാറാകുമോ? ഇത് കണ്ട് വിറളിപിടിക്കുന്ന അന്ധവിശ്വാസികൾ അടങ്ങിയിരിക്കുമോ? എഴുത്തുവേണോ കഴുത്തുവേണോയെന്ന് ചോദിക്കില്ലേ? വികസന പുരോഗമനം പ്രസംഗിക്കുന്ന ഭരണകർത്താക്കൾ ആർക്കൊപ്പമായിരിക്കും? ഈ സിനിമ എം.ടി എടുക്കുന്നത് 1973-ലാണ്. നമ്മൾ 2024-ൽ എത്തിനിൽക്കുമ്പോൾ എന്താണ് നമ്മുടെ സാംസ്‌കാരിക പുരോഗതി?
ജീവിതകാലം മുഴുവൻ ദേവിക്കായി സേവനം ചെയ്‌ത വെളിച്ചപ്പാടിൻ്റെ വീട്ടിലെ പട്ടിണി, ദാരിദ്ര്യം മാറ്റാൻ സ്വന്തം ഭാര്യ ശരീരം മറ്റുള്ളവർക്കായി പങ്കുവച്ചപ്പോൾ കലിയിളകിയ വെളിച്ചപ്പാട് അനന്ത ദുഃഖഭാരത്തോടെ ചോദിക്കുന്ന ചോദ്യമാണ് ‘നിന്നെ സേവിച്ചതിൻ്റെ കൂലിയാണോ‘ എനിക്ക് കിട്ടിയത്? മല കുലിങ്ങിയാലും മനം കുലുങ്ങരുത് അതാണ് ചിലരുടെ മതപഠനം അല്ലെങ്കിൽ വിശ്വാസങ്ങൾ. ഇങ്ങനെ വിഗ്രഹാരാധനകളിൽ കോടാനുകോടി അന്ധവിശ്വാസികൾ ഇന്ത്യയിൽ ജീവിക്കുന്നു. എം.ടി കാലയവനികക്കുള്ളിൽ മറഞ്ഞുവെങ്കിലും അദ്ദേഹം മുന്നോട്ടു് വെച്ച ആശയങ്ങൾ ആമാശ പോരാട്ട മായി മാറ്റാതെ കൃതജ്ഞതയോടെ സാമൂഹ്യ സാംസ്‌കാരിക മുന്നേറ്റമാണ് നടത്തേണ്ടത്. സമൂഹത്തിൽ കാണുന്ന സാമൂഹ്യ ജീർണ്ണതകളെ തുറന്നുകാട്ടാൻ ചങ്കൂറ്റമുള്ള ഭരണകർത്താക്കൾ, കലാ സാഹിത്യ പ്രതിഭകളുണ്ടാകുമോ?
പലപ്പോഴും എം.ടി.യെപ്പറ്റി പറയുന്നത് അദ്ദേഹം മൗനിയാണ്. അധികം സംസാരിക്കാറില്ല. ചിരിക്കാറില്ല, ഒറ്റക്ക് നടക്കാൻ, ഇരിക്കാൻ ഇഷ്ടപ്പെടുന്നു. പെട്ടെന്ന് കയർക്കുന്നു. അങ്ങനെയുള്ളവരാണ് എഴുത്തുകാരിൽ എഴുത്തുകാരാകുന്നത്. ഫ്രഞ്ച്, റഷ്യൻ തുടങ്ങി പല രാജ്യങ്ങളിൽ സാമ്പ്രാജ്യത്വ ശക്തികളെ രാജവാഴ്‌ചകളെ സഹനങ്ങളിലൂടെ (ജയിൽ വാസം, നാടുകടത്തൽ, പുസ്‌തകം കത്തിക്കൽ) തകർത്തവരെയാണ് മഹാ പ്രതിഭകൾ എന്നറിയപ്പെടുന്നത്. അല്ലാതെ അധികാരികളുടെ അപ്പക്കഷ്‌ണങ്ങൾ വാങ്ങി വാഴ്ത്തുന്നവരെയല്ല. സമൂഹത്തിൽ കാണുന്ന ഏത് തിന്മകളും, അന്യായ ങ്ങളും അവർക്ക് നീറുന്ന വിഷയങ്ങളാണ്. എം.ടി സാറാ ജോസഫിനൊപ്പം മുത്തങ്ങ സമരമുഖത്തെതിയത് അതൊരു സാമൂഹ്യ ദുരന്തമായി കണ്ടതുകൊണ്ടാണ്. മുത്തങ്ങ വിഷയത്തിൽ കൊല്ലം സങ്കീർത്തനം ബുക്ക്സ് ഒരുക്കിയ മീറ്റിംഗിൽ ഞാനും കാക്കനാടനൊപ്പം പോയത് ഈ അവസരമോർക്കുന്നു. ലോക സാഹിത്യ രംഗത്തെ മഹാപ്രതിഭകൾ സാമൂഹിക വ്യവസ്ഥിതികളെ ഉഴുതുമറിച്ചവരാണ്. അവർ സത്യത്തിൻ്റെ, ധാർമ്മികതയുടെ പക്ഷത്തു് നിൽക്കുന്നവരാണ്. അല്ലാതെ അധികാരികളുടെ പക്ഷത്തു നിന്ന് ആദരവ്, ആനുകൂല്യങ്ങൾ ഏറ്റുവാങ്ങുന്നവരല്ല. ഈ മൗന ദുഃഖ ഏകാന്ത പോരാട്ടത്തിൽ ആധുനികതയുടെ ദർശനമാണ് എം.ടി നടത്തിയത്. അദ്ദേഹത്തിൻ്റെ ഏത് സൃഷ്ടിയെടുത്താലും മനുഷ്യ ജീവിത ത്തിന്റെ ആഴങ്ങളിൽ ആത്മാവ് നിറഞ്ഞ ചിറകുള്ള പക്ഷികളായി പറന്നുയരുന്നു. ഇതിനിടയിൽ നിരാശ, ദുഃഖം, പ്രതിഷേധം ഉള്ളിലൊതുക്കി മൗനികളായി കഴിയുന്ന അധികാര സിംഹാസനങ്ങളുടെ അധീശത്വത്തിന് വഴങ്ങാത്ത ധാരാളം സർഗ്ഗ പ്രതിഭകൾ/എഴുത്തുകാർ ഭാരതത്തിലും കേരളത്തിലുമുണ്ട്.
എം.ടിയും മറ്റ് കുറെ എഴുത്തുകാർ നേരിട്ടതുപോലെ പല വിവാദങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. മനോരമ നടത്തിയ ടിവി അഭിമുഖത്തിൽ ജപ്പാൻ കുടിവെള്ളത്തിൻ്റെ പ്രധാന്യത്തെപറ്റി പറഞ്ഞത്. സ്വന്തമായി വെള്ളമുണ്ടാക്കാനറിയില്ല. അവിടുത്തെ യന്ത്രങ്ങൾ ഇവിടെ ഇറക്കുമതി ചെയ്യാനാണ് ഭരണകൂട താല്‌പര്യങ്ങൾ. അത് പറഞ്ഞപ്പോൾ എന്റെ നെഞ്ചത്ത് കയറാൻ വന്നു. അധികാരത്തിൽ വരുന്നവരുടെ അധികാരഗർവ്വിനെപ്പറ്റിയും, സോഷ്യൽ മീഡിയ്ക്ക് സമയം കളയാറില്ല, എനിക്ക് വേണ്ടി ഞാൻ എഴുതുന്നു, വാണിജ്യ സംസ്‌കാരത്തിൽ നിന്ന് മാറണം തുടങ്ങിയ നിലപാടുകളും, തന്റെ ജഡം പൊതുദർശനത്തിന് വെക്കരുതെന്ന നിർദ്ദേശത്തിലൂടെ ഒരു സാമുഹിക നവോദ്ധാനം അദ്ദേഹം ആഗ്രഹിക്കുന്നുവെന്നാണ് മനസ്സിലാക്കുന്നത്. സർക്കാർ നൽകിയ വിശുദ്ധ വെടിവഴിപാട് അദ്ദേഹത്തിൻ്റെ അറിവോടെയാണോ എന്നറിയില്ല. എന്തിനാണ് ഒരു ജഡശരീരം വെച്ച് വാഴ്ത്തുപാട്ടുകൾ, വിലാപയാത്രകൾ നടത്തുന്നത്? മദ്യ ലഹരിയിൽ നടക്കുന്ന ആഘോഷങ്ങൾ, വിവാഹധൂർത്തുപോലെ മരണാനന്തര ധൂർത്തു് എന്തിനാണ്?
മാതൃഭൂമിയിൽ ഒരു സാഹിത്യ സാംസ്‌കാരിക സെമിനാർ കെ.പി.കേശവമേനോൻ്റെ നേതൃത്വത്തിൽ നടക്കുന്ന കാലത്താണ് മാതൃഭൂമി വാരികയുടെ പത്രാധിപരായിരുന്ന എം.ടി യെ കണ്ടത്. എൻ്റെ ഹൈസ്‌കൂൾ പഠനകാലം 1973-74 കളിൽ മനോരമയുടെ നേതൃത്വത്തിൽ കേരള യുവസാഹിത്യ സഖ്യം (ഹൈസ്‌കൂൾ വിദ്യാർത്ഥികൾ മുതൽ യുവജനങ്ങൾ) എല്ലാം മാസവും സാഹിത്യ ശില്പശാലകൾ മനോരമയിലോ ഏതെങ്കിലും കോളേജിലോ നടത്തുമായിരിന്നു. കോട്ടയത്തു് മനോരമയിൽ ഒരു ശില്‌പശാലയിൽ ഒരിക്കൽ മുഖ്യ പ്രഭാഷകനായി വന്നത് കെ.പി. ആണ്. അന്ന് മുതൽ വല്ലപ്പോൾ കത്തിലൂടെയുള്ള ഒരു ബന്ധം 1978 അദ്ദേഹത്തിൻ്റെ മരണംവരെ എനിക്കുണ്ടായിരുന്നു. സെമിനാറിൽ പങ്കെടുക്കാനും കോഴിക്കോട് കടൽപ്പുറത്തിരുന്ന് കുളിരിളം കാറ്റ് കൊള്ളാനും അവസരം ലഭിച്ചു. എം.ടിയെ സമീപിച്ചത് ഒരു മിനിക്കഥ കൊടുക്കാനാണ്. കോഴിക്കോട്ട് പോകുന്നതുകൊണ്ട് തട്ടിക്കൂട്ടിയുണ്ടാക്കിയതാണ്. ഒരു കഥയുടെ തെളിമയോ അർത്ഥമോ ആസ്വാദനമോ ഇല്ലെന്ന് എനിക്കറിയാമായിരിന്നു. അദ്ദേഹമിരുന്ന മുറിയുടെ മുന്നിൽ ചെന്നു. മുറിയുടെ വാതിലിന് കതക് ഇല്ല. ജനാലപോലെ ഇടയ്ക്ക് രണ്ട് പാളികൾ. അതിൽ തട്ടി. ഒരനക്കവുമില്ല. ആളില്ലെന്ന് തോന്നി. മടങ്ങാൻ തുടങ്ങിയപ്പോൾ അടിയിലൂടെയൊന്ന് കുനിഞ്ഞു നോക്കി. എന്തോ ഗൗരവത്തിൽ എഴുതുന്നു. ഒരാൾ വന്ന് അതിൽ മുട്ടി അകത്തേക്ക് പോയിട്ട് പെട്ടെന്ന് മടങ്ങിപ്പോയി. ഞാനും അങ്ങനെ അകത്തേക്ക് ചെന്നു. ഒരു ചെറുകഥ തരാനാണ് സാർ വന്നത്. തല ഉയർത്തി നോക്കാതെ ഗൗരവത്തോടെ കൈചൂണ്ടി മേശപ്പുറത്തു് വെക്കാൻ പറഞ്ഞു. അനുസരണയുള്ള കുട്ടിയെപ്പോലെ ഒരക്ഷരം ചോദിക്കാത്തതിലുള്ള അമർഷവുമായി ഞാൻ മടങ്ങി. മനസ്സ് നിറയെ ഇയാൾ ഇത്ര പരുക്കാനോ, എന്തൊരു തലക്കനം എന്നൊക്കെ തോന്നി. രണ്ടാം മാസം എൻ്റെ മിനിക്കഥ മൂടൽ മഞ്ഞു് മാതൃഭൂമി മാസികയിൽ കണ്ടപ്പോൾ എം.ടി കർക്കശക്കാരൻ, പരുക്കൻ അല്ല നിർമ്മല ഹൃദയത്തിനുടമയെന്ന് മനസ്സിലാക്കി. പിന്നീട് പലരിൽ നിന്നും കേട്ടത് ആളത്ര ക്രൂരനല്ലെന്നാണ്. ഇന്നും എൻ്റെ ഓർമ്മയിലുള്ളത് മുഖമുയർത്തി നോക്കാത്ത കുനിഞ്ഞിരുന്നെഴുതുന്ന നുണ എഴുതാത്ത എം.ടി യാണ്.
കാരൂർ സോമൻ (ചാരുംമൂടൻ)