ന്യൂഡൽഹി: തിരുവനന്തപുരത്തെ വിജയത്തെ ചെറുതായി കാണുന്നില്ലെന്നും, നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കണമെന്നും കേരളത്തിൽ നിന്നെത്തിയ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ബിജെപി ജനപ്രതിനിധി സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശം. ഡൽഹി ലോക് കല്യാൺ മാർഗിലെ വസതിയിലാണ് മോദി സംഘവുമായി കൂടിക്കാഴ്ച്ച നടത്തിയത്.
തിരുവനന്തപുരം കോർപ്പറേഷനിലെ വിജയത്തിന്റെ പ്രാധാന്യത്തിലൂന്നിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വസതിയിൽ ഒന്നരമണിക്കൂർ നീണ്ട കൂടിക്കാഴ്ച്ചയിൽ സംഘത്തോട് സംവദിച്ചത്. ഈ നേട്ടത്തിന്റെ ഊർജം തെരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റണം. ജനവിശ്വാസം കാത്തു സൂക്ഷിച്ച് മുന്നോട്ട് പോകണം. ഗുജറാത്തിലെ രാഷ്ട്രീയ അനുഭവം വിവരിച്ച മോദി അംഗങ്ങളുടെ സംശയങ്ങൾക്കും മറുപടി നൽകി. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, സംഘടനാചുമതലയുള്ള ജന സെക്രട്ടറി ബിഎൽ സന്തോഷ്, സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം ഭരണ നൈപുണ്യ ശിബിരത്തിൽ പങ്കെടുക്കാനാണ് തിരുവനന്തപുരം മേയർ അഡ്വ. വി വി രാജേഷിനും സംഘവും രാജ്യതലസ്ഥാനത്ത് എത്തിയത്. ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവയുടെ നേതൃത്വത്തിൽ എത്തിയ മുതിർന്ന നേതാക്കളാണ് സംഘത്തെ സ്വീകരിച്ചത്.
ഡൽഹിയിൽ നടക്കുന്ന നൈപുണ്യ ശിബിരത്തിലും ജനപ്രതിനിധികൾ സജീവമായി പങ്കാളികളായി. ‘മോദി യുഗത്തിലെ നഗരവികസനം’ എന്ന വിഷയത്തിലാണ് കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടർ സംസാരിച്ചത്. ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ ജി, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി, അഡ്വ എസ് സുരേഷ് എന്നിവരും മറ്റ് സംസ്ഥാന-ജില്ലാ കാര്യകർത്താക്കളും പരിപാടിയിൽ പങ്കെടുത്തു.
കേരളത്തിൽ നിന്നുള്ള ബിജെപി ജനപ്രതിനിധികൾ പാർലമെൻ്റ് സന്ദർശിച്ചു. ഉപരാഷ്‌ട്രപതി സിപി രാധാകൃഷ്ണൻ, സപീക്കർ ഓം ബിർള , വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഉൾപ്പെടെയുള്ള മുതിർന്ന കേന്ദ്ര മന്ത്രിമാരുമായും സംഘം കൂടിക്കാഴ്ച നടത്തി. ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ മേയർ രാജ ഇഖ്ബാൽ സിംഗ് വി. വി രാജേഷിനെയും സംഘത്തെയും അനുമോദിച്ചു. പാർട്ടി ദേശീയ ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ദേശീയ ജനറൽ സെക്രട്ടറിയും സംസ്ഥാന തെരഞ്ഞെടുപ്പ് പ്രഭാരിയുമായ വിനോദ് താവ്ഡെ, പാർട്ടി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ എന്നിവരും സന്നിഹിതരായിരുന്നു.
കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ വസതിയിൽ സംഘത്തിന് അത്താഴവിരുന്ന് നൽകിയിരുന്നു. എല്ലാ ജനപ്രതിനിധികളെയും വ്യക്തിപരമായി പരിചയപ്പെട്ട അദ്ദേഹം എല്ലാവർക്കും ഉപഹാരം നൽകുകയും ചെയ്തു. ഡൽഹിയിൽ ബിജെപി ദേശീയ ആസ്ഥാനവും സംഘം സന്ദർശിച്ചു. കേന്ദ്ര നഗര വികസന മന്ത്രി മനോഹർലാൽ ഖട്ടാറുമായും പ്രത്യേക ചർച്ച നടത്തി.
മേയറുടെ നേതൃത്വത്തിൽ ഭരണപക്ഷ കൗൺസിലർമാരുടെ സംഘം ട്രെയിനിൽ ഡൽഹിക്കു പോയതോടെ തിരുവനന്തപുരം കോർപറേഷന്റെ ഭരണം ഓൺലൈനിൽ ആണ്. ദൈനംദിന പ്രവർത്തനങ്ങൾ മുടങ്ങാതിരിക്കാനാണ് ഓൺലൈനിൽ ഭരണനിർവഹണം നടത്തുന്നത്. ഓണ്‍ലൈനായി ഫയലുകള്‍ പരിശോധിച്ച് അംഗീകരിക്കുന്നുണ്ടെന്നും ആവശ്യമായ കാര്യങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും മേയര്‍ വി.വി.രാജേഷ് പറഞ്ഞു. ഇന്ന് രാഷ്ട്രപതി ഭവൻ സന്ദർശിക്കുന്ന സംഘം ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയെയും കണ്ട ശേഷം നാട്ടിലേക്ക് മടങ്ങും.


